തിരുവനന്തപുരം:64ാമത് അഖിലേന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. പുരുഷ വിഭാഗത്തില്‍ 186 പോയിന്റ് നേടി ബി.എസ്.എഫും, വനിതാ വിഭാഗത്തില്‍ 139 പോയിന്റ് നേടി സി.ആര്‍.പി.എഫും ചാമ്പ്യന്മാരായി.
പുരുഷവിഭാഗത്തില്‍ 96 പോയിന്റ് നേടി സി.ആര്‍.പി.എഫ് രണ്ടാം സ്ഥാനവും 74 പോയിന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനവും നേടി. 41 പോയിന്റുകള്‍ നേടിയ കേരളാ പോലീസ് നാലാം സ്ഥാനത്തെത്തി. വനിതാവിഭാഗത്തില്‍ 74 പോയിന്റുകള്‍ നേടി സി.ഐ.എസ്.എഫ് എം.എച്ച്.എ രണ്ടാം സ്ഥാനവും 72 പോയിന്റുകള്‍ നേടി പഞ്ചാബ് പോലീസ് മൂന്നാം സ്ഥാനവും, 59 പോയിന്റുമായി കേരളാ പോലീസ് നാലാം സ്ഥാനവും നേടി.
സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പുരുഷവനിതാവിഭാഗങ്ങളില്‍ പഞ്ചാബ് പോലീസും കേരള പോലീസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സി.ആര്‍.പി.എഫ് താരങ്ങളായ രാജീവ് കുമാര്‍ (ലോങ് ജംപ്) പുരുഷവിഭാഗത്തിലും സൗമ്യ ബി ( 10 കി മീ നടത്തം) വനിതാവിഭാഗത്തിലും മികച്ച അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള ട്രോഫി കേരളത്തിനു ലഭിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടർന്ന് അദ്ദേഹം മീറ്റിന്റെ സമാപന പ്രഖ്യാപനം നടത്തി.