കൊച്ചി:ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഇനി മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്‍സീറ്റുകാരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിനു വിരുദ്ധമായ ചട്ടഭേദഗതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു വിലയിരുത്തിയാണു നടപടി. പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.യു. രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഇടക്കാല ഉത്തരവ്.
ഇരുചക്രവാഹനമോടിക്കുന്നവരും യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നാണു കേന്ദ്രനിയമം 129–ാം വകുപ്പിലെ പ്രധാന നിബന്ധന. രോഗികള്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവു നല്‍കാവുന്നത്.
അതേസമയം, വിധിയുടെ പിന്നാലെ ഹെല്‍മറ്റ് വേട്ട നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മതിയായ സമയം നല്‍കിയേ നിയമം നടപ്പാക്കുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു..