ന്യൂഡല്‍ഹി: ബീഫിനെക്കുറിച്ച് വിവാദപരാമര്‍ശങ്ങള്‍ നടത്തിയ
നേതാക്കന്മാരെ വിളിച്ചുവരുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ താക്കീത്
നല്‍കി. ഇത്തരം വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ
രോഷാകുലനായിനാലാണ് നടപടി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി മഹേഷ്
ശര്‍മ്മ, സംഗീത് സോം, സാക്ഷി മഹാരാജ് എന്നിവരെയാണ് വിളിച്ചുവരുത്തി
ശാസിച്ചത്.
അതേസമയം, കശ്മീരിലെ ഉധംപുരില്‍ മൂന്ന് പശുക്കളുടെ ജഡം
കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനുണ്ടായ അക്രമത്തില്‍
പരിക്കേറ്റയാള്‍ മരിച്ചു. ഉധംപുരിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമത്തില്‍
പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ സഹീദ് അഹമ്മദാണ് ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ
ആസ്പത്രിയില്‍ മരിച്ചത്.
ഇതേത്തുടര്‍ന്ന് കശ്മീരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് ആഹ്വാനം ചെയ്തു.