തിരുവനന്തപുരം:തലസ്ഥാന നഗരസഭയിലെ മേയര് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കൊതിച്ച ആക്കുളം വാര്ഡ് കൗണ്‍സിലര് വി ആർ സിനിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ല. അതുവഴി യു ഡി എഫിന് നഷ്ടമായത് ഒരോട്ടും. സിനിയുടെ വോട്ടുമുടക്കിയത് ഒരു നായയും.
രാവിലെ പോങ്ങുമൂട്ടെ വീട്ടിൽനിന്നും വോട്ടുചെയ്യാൻ വരുന്നതിനുവേണ്ടി കാര് പാര്ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടക്കുന്നതിനിടയിലാണ് തെരുവുനായ സിനിയുടെ ഇടത്തെ കാൽപാദത്തിനു മുകളിൽ കടിക്കുന്നത്. അപ്രതീക്ഷിതമായ കടിയിൽ ഒന്ന് പതറിയ സിനി ഉടൻ നഗരസഭയിലെ വോട്ടിംഗ് അധികാരികളെ വിളിച്ചു കാരണം പറഞ്ഞു. ആശുപത്രിയിൽ പോയിട്ടുവരുമ്പോൾ അല്പം താമസിക്കും എന്നും പറഞ്ഞു.
വി ആർ സിനിനഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് വിധേയയായ സിനി നഗരസഭയിൽ എത്തിച്ചേർന്നപ്പോൾ സമയം 11 മണി. 11 മണിക്ക് മുൻപ് വോട്ടിംഗ് നടക്കുന്ന കൗണ്‍സിൽ ഹാളിനുള്ളിൽ കയറണമെന്ന ചട്ടം ഉപയോഗിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ ബിജു പ്രഭാകര് സിനിയുടെ വോട്ട് നിഷേധിച്ചു. ഇക്കാരണത്താൽ മുന് മേയര് കെ ചന്ദ്രികയുടെ കൗണ്‍സിലിലും അംഗമായിരുന്ന സിനിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.
ആ സങ്കടം സിനി മാധ്യമ പ്രവർത്തകരോട് പങ്കുവച്ചു. ഫാര്മസിസ്റ്റായ സിനി കഴിഞ്ഞപ്രാവിശ്യം ചെറുവയ്ക്കലിനെയാണ് നഗരസഭയിൽ പ്രതിനിധികരിച്ചത്. മുറിവ് സാരമുള്ളതല്ല.