തിരുവനനന്തപുരം:കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും നാളെ (അഞ്ചിന്) വൈകിട്ട് 4.30 ന് വിഴിഞ്ഞം മുക്കോലയില്‍ നടക്കും. അദാനി ഗ്രൂപ്പിനാണ് നിര്മാച്ചുമതല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറമുഖ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഫിഷറീസ്തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷനായിരിക്കും. സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് പദ്ധതി സംബന്ധിയായ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒ.യുമായ സന്തോഷ് കുമാര്‍ മൊഹാപാത്ര വിഴിഞ്ഞം തുറമുഖ പദ്ധതി വിശദീകരിക്കും. മറ്റു മന്ത്രിമാര്, മേയര്,എംപിമാർ, എം എൽ എ മാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.