NEWS09/03/2016

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു മുതൽ

ayyo news service
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. മൂന്നു വിഭാഗങ്ങളിലുമായി സംസ്ഥാനത്തെ 14.7 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്. 476,877 വിദ്യാര്‍ഥികള്‍ ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. എസ്. ജയ പത്രസമ്മേളന ത്തില്‍ അറിയിച്ചു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരിക്കുന്നതില്‍ 47,4286 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണു പരീക്ഷ എഴുതുക. റെഗുലര്‍ വിഭാഗത്തില്‍ കേരളത്തില്‍ -473,753 ഗള്‍ഫില്‍- 533 ലക്ഷദ്വീപില്‍- 813 വിദ്യാര്‍ഥികളുമാണു പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്കു 1.45 മുതലാണ് പരീക്ഷ ആരംഭിക്കുക. തുടക്കത്തിലെ 15 മിനിറ്റ് (1.45 മുതല്‍ രണ്ടു വരെ ) കൂളിംഗ് സമയമായിരിക്കും . ഈ സമയത്ത് ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല. രണ്ടു മുതലാണ് ഉത്തരങ്ങള്‍ എഴുതാനുള്ള സമയം

രണ്ടരയ്ക്കു ശേഷം എത്തുന്നവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളോ തദ്ദേശ സ്ഥാപന പ്രതിനിധികളോ ഇതിനായി സമ്മര്‍ദം ചെലുത്തിയാല്‍ വഴങ്ങരുതെന്നും അത്തരം അധ്യാപകര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്നും ഡിപിഐ പറഞ്ഞു.

എല്ലാ ദിവസവും ഒന്നരയ്ക്കു കുട്ടികള്‍ ഹാജരാകണം എന്നതിനാല്‍ ഉച്ചയ്ക്ക് മുമ്പായി ആ സ്‌കൂളിലെ എല്ലാ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎ ഭാരവാഹികളും സ്‌കൂള്‍ കോമ്പൗണ്ട് വിട്ടുപോകണം. സര്‍ക്കാര്‍ സ്‌കൂളിന്റെ ചുമതലയുള്ള തദ്ദേശ സ്ഥാപന പ്രതിനിധികളും സ്‌കൂളില്‍ നില്‍ക്കാന്‍ പാടില്ല. പരീക്ഷാ ക്രമക്കേട് തടയാന്‍ സെക്രട്ടറിയേറ്റിലെയും ഡിപിഐ ഓഫിസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍ വീതം എല്ലാ സ്‌കൂളിലും മിന്നല്‍ പരിശോധന നടത്തും. ഇതിനു പുറമെ ഡിഡിഇ തലത്തിലും ഡിഇഒ തലത്തിലും സ്‌ക്വാഡുകള്‍ ഉണ്ടാകും.

പരീക്ഷാ സമയത്ത് അധ്യാപകരോ വിദ്യാര്‍ഥികളോ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുപോകാന്‍ പാടില്ല. അധ്യാപകരുടെ ഫോണ്‍ പരീക്ഷയ്ക്കു മുമ്പു ചീഫ് എക്‌സാമിനറെ ഏല്പ്പിക്കണം. കുട്ടികള്‍ക്കു ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു കുടിക്കാം. പക്ഷേ ഹെഡ്മാസ്റ്ററുടെയോ അധ്യാപകരുടെയോ മാനേജ്‌മെന്റിന്റെയോ പിടിഎയുടെയോ നേതൃത്വത്തില്‍ വെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ചോദ്യക്കടലാസ് വിതരണം ചെയ്തശേഷം അവശേഷിക്കുന്നവ അര മണിക്കൂര്‍ കഴിയുമ്പോള്‍ കുട്ടികളുടെ മുന്നില്‍വച്ചു തന്നെ കവറിലാക്കി സീല്‍ ചെയ്യണം. മാര്‍ച്ച് 28 മുതല്‍ 30 വരെ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും. ഏപ്രില്‍ ഒന്നു മുതല്‍ 16 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും.

ഇന്ന് ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന് പരീക്ഷയാണ് നടക്കുന്നത്. പുതിയ സ്‌കീം വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 23ന് ജീവശാസ്ത്രം പരീക്ഷയോടെ പരീക്ഷ അവസാനിക്കും. എന്നാല്‍ പഴയ സ്‌കീം വിദ്യാര്‍ഥികള്‍ക്ക് 28ന് ഐ.ടി പരീക്ഷ കൂടി നടക്കും.

9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതില്‍ 460743 പേര്‍ പ്ലസ് ടു പരീക്ഷയും 472307 പേര്‍ പ്ലസ് വണ്‍ പരീക്ഷയും എഴുതും.

പ്ലസ് ടു പരീക്ഷയില്‍ 23,4397 പേര്‍ ആണ്‍കുട്ടികളും 22,6346 പേര്‍ പെണ്‍കുട്ടികളുമാണ്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്നവരില്‍ 23,3374 പേര്‍ ആണ്‍കുട്ടികളും 23,8933 പേര്‍ പെണ്‍കുട്ടികളുമാണ്.

രണ്ടാം വര്‍ഷ വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത് 28750 വിദ്യാര്‍ഥികളാണ്. നാളെ ആരംഭിക്കുന്ന ഒന്നാം വര്‍ഷ വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് ഇക്കുറി 31400 വിദ്യാര്‍ഥികളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ നാലിനാണ് ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ആരംഭിക്കുക.

Views: 1398
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024