കൊച്ചി: ജിഷയുടെ അതിക്രൂരമായ കൊലപാതകത്തിനു പിന്നില്‍ ഒരു വ്യക്തിയെന്ന് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ടു കണ്ണൂരില്‍ ഇന്നലെ വൈകുന്നേരം ഒരാള്‍ പിടിയിലായി. ഇയാൾ കണ്ണൂര്‍ തളാപ്പിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്.
നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന പരിചയം വച്ചു രണ്ടുദിവസം മുമ്പ് ഇവിടെ
വീണ്ടും ജോലിക്കു കയറുകയായിരുന്നു. ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്. കേസിലെ പ്രതിയാണിയാളെന്നു സൂചന പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യം പോലീസ്
സ്ഥിരീകരിച്ചിട്ടില്ല. അയാളെ ഇന്ന് പെരുമ്പാവൂരിലെത്തിക്കും. രണ്ടുപേരെ പെരുമ്പാവൂരില്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരുന്നു.
ജിഷയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെയും ശ്വാസംമുട്ടിക്കലിന്റെയും
ലക്ഷണങ്ങളുണ്ട്. കൊലപാതകത്തിനു ശേഷമാണ് ശരീരത്തില്‍ ആഴത്തിലുള്ള
മുറിവുകളുണ്ടാക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത
ലഭിക്കൂ.
ഇന്നലെ ഉച്ചയോടെയാണു ജിഷയുടെ സുഹൃത്തുക്കളായ രണ്ടുപേരെ പെരുമ്പാവൂരില്‍
കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ച ഇവരെ ഐജിയുടെ
നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പെരുമ്പാവൂരിലെ ഒരു ആശുപത്രിയില്‍ ജിഷ ജോലി
ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട രണ്ടുപേരെയാണ് പോലീസ് ചോദ്യം
ചെയ്തുവരുന്നതെന്നാണ് സൂചന.