തിരുവനന്തപുരം:സ്വാശ്രയകോളേജുകള്‍ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനമെന്നത് ലാഭമുണ്ടാക്കാനുള്ള
സ്ഥാപനമെന്ന കണക്കുകൂട്ടലിലേക്ക് ആളുകള്‍ മാറി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍
ഈനില പ്രീപ്രൈമറിതലം തൊട്ട് വ്യാപിച്ചു. നേരത്തെ നാടിനോടും സമൂഹത്തോടുമുള്ള
താത്പര്യം കൊണ്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാനത്ത് കൂടുതല്‍
ലാഭം കിട്ടുന്ന കച്ചവടം എന്ന നിലയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 'പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തി'ന്റെ ഉദ്ഘാടനം മലയിന്‍കീഴ് ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി
സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയത്തില്‍നിന്ന് പഠിച്ച് ഉയര്‍ന്നുവന്ന ആളുകളടക്കം തങ്ങളുടെ മക്കളെ അണ്‍എയ്ഡഡില്‍ അയച്ചാലേ ഗുണംപിടിക്കൂ എന്ന് ചിന്തിക്കുന്ന അവസ്ഥവന്നു. എന്നാല്‍, അക്കാദമിക മികവ് നോക്കിയാല്‍ പൊതുവിദ്യാലയങ്ങള്‍ തന്നെയാണ് മികച്ചുനില്‍ക്കുന്നത്. സര്‍ക്കാര്‍തല നിയന്ത്രണങ്ങളാണ് കാരണം. ഈ പദ്ധതിയുടെ ഉദ്ദേശ്യം ഏതെങ്കിലും ചിലതിനെ മികവിന്റെ കേന്ദ്രമാക്കലല്ല. എല്ലാം മികവിന്റെ കേന്ദ്രങ്ങളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും ആധുനിക വിദ്യാഭ്യാസം നല്‍കുന്ന ഡിജിറ്റല്‍ വിദ്യാലയങ്ങളാക്കുകയാണ് ലക്ഷ്യം . മറ്റെവിടെയും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളില്‍ ലഭ്യമാക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രത്യേക കൈപ്പുസ്തക പ്രകാശനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ചടങ്ങിന് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.