റിയോ:ലോക മഹാ കായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം. 31–ാമത് ഒളിമ്പിക്‌സിന് ബ്രസീലില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരിതെളിയും. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് വർണാഭമായ ഉദ്‌ഘാടന ചടങ്ങുകൾ. 16 നാള്‍ നീണ്ടു നിൽക്കുന്ന റിയോ ഒളിമ്പിക്‌സില്‍ 206 രാജ്യങ്ങളില്‍നിന്ന് പതിനായിരത്തില്‍പ്പരം കായികതാരങ്ങള്‍ 28 മത്സരയിനങ്ങളിലായി പോരാടും. 21നാണു സമാപനം
118 പേരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 18 വനിതകളും 18 പുരുഷന്മാരുമടക്കം 36 അത്‌ലീറ്റുകളാണ് അത്‌ലറ്റിക്‌സിലെ ഇന്ത്യ മെഡല്‍ പ്രതീക്ഷ. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക, മാരത്തണില്‍ ഒ പി ജെയ്ഷ, 4–400
മീറ്റര്‍ റിലേയില്‍ ജിസ്‌ന മാത്യു, അനില്‍ഡ തോമസ്, 400 മീറ്ററില്‍ മുഹമ്മദ്
അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത്
മഹേശ്വരി, മാരത്തണില്‍ ടി ഗോപി, പുരുഷ 4–400 മീറ്റര്‍ റിലേ ടീമില്‍
കുഞ്ഞിമുഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ള മലയാളി താരങ്ങൾ. പുരുഷ ഹോക്കി ടീമിനെ നയിക്കുന്ന പി ആര്‍ ശ്രീജേഷ്. നീന്തലില്‍ സജന്‍പ്രകാശ് എന്നിവരാണ് റിയോയില്‍ ഇറങ്ങുന്ന മറ്റു മലയാളിതാരങ്ങള്‍.