തിരുവനന്തപുരം:2015ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്‌ടോബര്‍ 15 ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം കൈമാറും.
1970 കളില്‍ മലയാള സിനിമാ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു കെ ജി ജോര്‍ജ്. മനുഷ്യ മനസ്സിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശാസ്ത്രീയ വിശകലനങ്ങള്‍ തന്റെ കഥാപാത്രങ്ങളിലൂടെ നല്‍കുകയെന്നത് കെ ജി ജോര്‍ജിന്റെ സിനിമകളുടെ പ്രത്യേകതയാണ്.
മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒമ്പതു കേരള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവംകോട് ദേശം തുടങ്ങിയവ കെ. ജി. ജോര്‍ജിന്റെ മികച്ച സിനിമകളാണ്. ഐ വി ശശി ചെയര്‍മാനും സിബി മലയില്‍, ജി പി വിജയകുമാര്‍, കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.