സാന്തിയാഗോ:ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറിലും ബ്രസീലിന് തോല്‍വി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ സമ്മര്‍ദം അതിജീവിക്കാനാകാതെ കാനറി പക്ഷികള്‍ ഇടറി വീണപ്പോള്‍ ജയിക്കണമെന്ന തീവ്രമായ ആഗ്രവുമായി കളം നിറഞ്ഞു കളിച്ച പാരഗ്വായ് സെമിയില്‍ കടന്നു.
മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിത സമയത്ത് ബ്രസീലിനായി റോബീഞ്ഞോ (15ാം മിനിറ്റ്) സ്‌കോര്‍ ചെയ്തപ്പോള്‍ പെനല്‍റ്റിയില്‍ നിന്നും ഗോണ്‍സാലസാണ് (70ാം മിനിറ്റ്) പാരഗ്വായുടെ സമനില ഗോള്‍ നേടിയത്.
ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ മല്‍സരത്തില്‍ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമി ഫൈനല്‍ മല്‍സരത്തില്‍ ചിലെ പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ പാരഗ്വായ് അര്‍ജന്റീനയെയും നേരിടും. ചൊവ്വാഴ്ച്ചയാണ് ആദ്യ സെമി.
ഷൂട്ടൗട്ടില്‍ പാരഗ്വായ്ക്കായി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാന്റക്രൂസിന്റെ ഷോട്ട് പുറത്ത് പോയി. ബ്രസീലിനായി ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡ, കൂട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ എവര്‍ട്ടണ്‍ റിബോരോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ കിക്കുകള്‍ പുറത്തേക്കടിച്ച് പാഴാക്കി. അതോടെ 4-3ന് ബ്രസീലിനെ മറികടന്ന് പാരഗ്വായ് സെമിയില്‍.
അര്‍ജന്റീനയാണ് സെമിയില്‍ പാരഗ്വായുടെ എതിരാളികള്‍. ഗ്രൂപ്പുതല മല്‍സരത്തില്‍ അര്‍ജന്റീനയും പാരഗ്വായും ഏറ്റു മുട്ടിയപ്പോള്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു