Mobirise Website Builder v4.9.3
NEWS14/09/2016

കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില കാറിടിച്ച് മരിച്ചു

ayyo news service
കൊല്ലം: സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് കൊല്ലം കോര്‍പറേഷന്‍ വനിതാ ബിജെപി കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാര്‍(22) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പിതാവ് സുനില്‍ കുമാറിനെ ഗുരുതര പരിക്കേറ്റു

ചൊവ്വാഴ്ച രാത്രി 10.30ഓടെ കാവനാട് ആല്‍ത്തറമുക്കിന് സമീപമായിരുന്നു അപകടം. ചവറ ഭാഗത്തുനിന്ന് കൊല്ലത്തേക്കുവന്ന ഇവരുടെ സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന കാര്‍ ഇടിയ്ക്കുകയായിരുന്നു.  വഴിയാത്രക്കാരും മറ്റും ഉടന്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കോകിലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പരിക്ക് ഗുരുതരമായതിനാല്‍ സുനില്‍കുമാറിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൊല്ലം കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കൂടിയാണ് കോകില എസ്. കുമാര്‍. തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തേവള്ളി ഡിവിഷനില്‍ നിന്നാണ് കോകില വിജയിച്ചത്. അടുത്തിടെയാണ് വിവാഹ നിശ്ചയം നടന്നത്.
 
ശക്തികുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തിനുസമീപമുള്ള റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം തേവള്ളിയിലേക്ക് മടങ്ങുകയായിരുന്നു കോകിലയും അച്ഛനും. അപകടമുണ്ടാക്കിയ കാര്‍ രാത്രി വൈകിയും കണ്ടെത്താനായില്ല.

ഷൈലജയാണ് അമ്മ. ബി.എസ്സി. വിദ്യാര്‍ഥിനി കാര്‍ത്തികയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശബരിയും സഹോദരങ്ങളാണ്. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.


Views: 1414
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY