നിഴലാട്ടം സുഹൃത്തുക്കളെ ഫിലിം മേക്കേഴ്സ് ആക്കുന്നു::രതീഷ് രോഹിണി
ayyo news service
മലയാള യുവതയുടെ സാംസ്‌കാരിക ഉത്സവമായ വര്‍ണങ്ങളുടെ മൂന്നാമത് നിഴലാട്ടം
തലസ്ഥാനത്തിന്റെ രാജസ്മരണകള്‍ ഉണര്ത്തുന്ന കനകക്കുന്ന് കൊട്ടാരത്തില്‍ വലിയ
യുവജന പങ്കാളിത്തത്തോടെ നടന്നുവരികയാണ്. തങ്ങളുടെ കലയെ തിരസ്‌കരിച്ച
ബുദ്ധിജീവി സംസ്‌കാരത്തെ യുവത്വത്തിന്റെ സ്മാര്ട്ട്‌നെസ്സില്‍
പടുത്തുയര്ത്തിയ സോഷ്യല്‍മീഡിയ സൗഹൃദ കൂട്ടായ്മ വിസ്മയിപ്പിക്കുകയാണ്.
പുറംലോകം കാണാതിരുന്ന കലയുടെ അത്ഭുതവര്‍ണ ദര്‍ശനങ്ങളിലൂടെ, അസൂയാവഹമായ
സംഘാടനമികവിലൂടെ. ആ മികവിന്റെ ആള്‍ രൂപമാണ് ചുറുചുറുക്കുള്ള
ചെറുപ്പക്കാരന്‍ രതീഷ് രോഹിണി.
നിഴലാട്ടത്തെ
വ്യത്യസ്തവും വിശാലവുമായ ചിന്തയിലൂടെ കൂടുതല്‍ ജനകീയമാക്കാന്‍
യത്‌നിക്കുന്ന യുവസംഘാടകന്‍ രതീഷ് രോഹിണി ചിത്രകാരന്‍-ഫോട്ടോഗ്രാഫര്‍-ഫിലിംമേക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. തന്റെയും സുഹൃത്തുക്കളുടെയും കലാസൃഷ്ടികള്‍ക്ക് നേരെ
കണ്ണടച്ചവര്‌ക്കെതിരെ നിഴലാട്ടത്തിലൂടെ ഉത്തരം പറയുന്ന രതീഷ്, ഫെസ്റ്റിവല്‍ ഡയറക്ടറുടെ തിരക്കിക്കിനിടയിൽ
അയ്യോ!ക്ക് അനുവദിച്ച അഭിമുഖം. നിഴലാട്ടം ആരംഭിക്കാനുള്ള കാരണം? ഐ ഡി എസ് എഫ് എഫ് കെ, ലളിതകല അക്കാദമി എന്നിവിടങ്ങളില്‍ നമ്മള്‍ ഡോക്യുമെന്ററികളും ചിത്രരചനകളും പ്രദര്ശനത്തിനുവേണ്ടി അയച്ചുകഴിഞ്ഞാല്‍ തള്ളുകയാണ് പതിവ്. അത്തരം അനുഭവങ്ങളില്‍ വീര്പ്പു മുട്ടിയിരുന്ന ഞാനുള്‍പ്പെട്ട കുറച്ചു സുഹൃത്തുക്കളുടെ തീരുമാനമായിരുന്നു ഇത്തരം ഒരു ഫെസ്റ്റിവല്‍. തുടര്‍ന്ന് നവ മാധ്യമം വഴി പരിചയപ്പെട്ട മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് മൂന്നുവര്ഷത്തിനു മുന്‍പ് നിഴലുകളുടെ ആത്മാവായ ആദ്യ നിഴലാട്ടത്തിന് നാന്ദികുറിച്ചു. അന്ന് കുറച്ചു അംഗങ്ങളുമായി ചേര്‍ന്ന് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലെ ചെറിയ ഹാളില്‍ അരങ്ങേറിയ നിഴലാട്ടം ഫെസ്റ്റിവല്‍ , ഇന്ന് പലസംഘടനകള്‍ക്കും മാതൃകയാണ്. ഇപ്പോള്‍ സ്വദേശത്തും വിദേശത്തും നിന്നായി ധാരാളം എന്ട്രികളാണ് ലഭിക്കുന്നത്. മറ്റു ഫെസ്റ്റിവലുകളില്‍ കാണാന്‍ കഴിയാത്ത മെച്ചപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ ഇന്ന് നമ്മുടെമേളയില്‍ കാണാന്‍ കഴിയും.
യുവാക്കള്‍ക്കിത് എത്രത്തോളം ഗുണകരമാകുന്നുണ്ട് നമ്മുടെ സമൂഹത്തില്‍ കഴിവുള്ള നിരവധി യുവാക്കളുണ്ട്. അവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് യുവാക്കളുടെ കൂട്ടായ്മയായ നിഴലാട്ടം വഹിക്കുന്ന പങ്ക് വലുതാണ്. സാധാരണഗതിയില്‍ ഒരാളിന്റെ കഴിവ് പുറം ലോകം അറിയണമെങ്കില്‍ മിനിമം ഒരു ബുദ്ധിജീവിയോ വലിയ ഒരു ഗ്രൂപ്പിന്റെ പിന്തുണയോ വേണം. പക്ഷെ, നിഴലാട്ടത്തിന്റെ വേദിയില്‍ ആദരിക്കപ്പെടാന്‍ ഒരു യുവാവിനു കഴിവ് മാത്രം മതി. ഒരുവന്റെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ക്രീയേറ്റിവിറ്റിയെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്നു രീതിയിലാണ് ഫെസ്റ്റിവലിന്റെ രൂപകല്‍പന . അത് ഫോട്ടോ-ചിത്രരചന-ശില്പ-സിനിമ എന്നിവയുടെ രൂപത്തില്‍ കാണാന്‍ കഴിയുമെന്നത് ഈ മേളയുടെ മാത്രം പ്രത്യേകതയാണ്. ഇപ്പോള്‍ എന്റെ സുഹൃത്തുക്കളെല്ലാം സിനിമാക്കാരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നിഴലാട്ടം എനിക്ക് സമ്മാനിക്കുന്നത്.
ഇതിന്റെ സാമ്പത്തികം കൂട്ടുകാരുടെ കൈയ്യില്‍ നിന്നുള്ള പണത്തിലാണ് ഇത് നടന്നു പോകുന്നത്. ഓരോരുത്തരും അവരാല്‍ കഴിയുന്ന രീതിയില്‍ 1000,2000 രൂപ വച്ചിടും, പിന്നെ 10,000 5,000 ഇടുന്നവരും കൂട്ടത്തിലുണ്ട്. പിന്നെ, ഫിലിം പ്രദര്ശനത്തിന് വാങ്ങുന്ന എന്ട്രി ഫീ എന്നിവ കൊണ്ടാണ് നടത്തിക്കൊണ്ടു പോകുന്നത്. എങ്കിലും, ഓരോ ഫെസ്റ്റിവലും കഴിയുമ്പോൾ ബാധ്യതയാണ് മിച്ചം. ഇപ്പോള്‍ നിഴലാട്ടത്തിന് രണ്ടു ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. എങ്കിലും, മുന്നില്‍ നിന്ന് നയിക്കുന്നതിന് കാരണം നമ്മുടെ സമൂഹത്തിനു സാംസ്‌കാരിക സമ്പന്നമായ യുവതയെ വാര്‌ത്തെടുക്കുന്നതിനുവേണ്ടിയാണ്.
സര്ക്കാര് സഹായം ഇതുവരെ ഒന്നുമില്ല. ചില പ്രൊപ്പോസലുകള്‍ സമര്പ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ സഹായം കിട്ടിയേക്കും. മറ്റൊന്നും ചെയ്തില്ലെങ്കിലും നമുക്കി വേദിയുടെ കാര്യത്തിലെങ്കിലും സര്‍ക്കാരിന് സഹായിക്കാമായിരുന്നു. കനകക്കുന്നു കൊട്ടാരത്തിനു വാടകയായി ഒരുദിവസം 25,000 രൂപയാണ് കൊടുക്കേണ്ടിവരുന്നത്. പിന്നെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്രത്യേക സ്റ്റാന്‍ഡിനു 50 രൂപയാണ് ദിവസ വാടക. കൂടാതെ 150 രൂപ ക്വഷന്‍ ഡിപോസിറ്റും വേറെ നല്കണം. എല്ലാം കഴിഞ്ഞു ആഡംബര നികുതിയും നല്കണം നമ്മള്‍. അഞ്ചു ദിവസത്തെ മേള കഴിയുമ്പോള്‍ വാടക ഇനത്തില്‍ വലിയ ഒരു ബാധ്യതയാകും ഞങ്ങളെ കാത്തിരിക്കുന്നത്. അതിനാല്‍ തലസ്ഥാനത്തിനു അഭിമാനിക്കാവുന്ന യുവാക്കുളുടെ ഈ മഹാ സാംസ്‌കാരിക കൂട്ടായ്മക്ക് സര്‍ക്കാരിന് ചെയ്യാന്‍ കഴിയിന്ന സൗജന്യങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിഴലാട്ടം എന്തിനുവേണ്ടിയാണ് ജനകീയ സിനികളെ പ്രോത്സാഹിപ്പിക്കുക. ഡോക്യുമെന്ററിഹ്രസ്വ സിനിമകള്‍ ജനകീയമായി നിര്‍മിക്കുക. യുവാക്കളില്‍ കലാവാസന വളര്ത്തുക ഒപ്പം അത് കണ്ടെത്തി പരിപോഷിപ്പിക്കുക സാമൂഹിക വിഷയ സംബന്ധമായ പരിപാടികള്‍ സംഘടിപ്പിക്കുക. മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.
ലക്ഷ്യം ആദ്യം ഇതിനെ ഒരു വലിയ സാംസ്‌കാരിക സംഘടനയായി മാറ്റണം. എന്നിട്ട് സൗജന്യമായി എല്ലാവരെയും കലയും സിനിമയും പഠിപ്പിക്കുന്ന സ്‌കൂള്‍ ആരംഭിക്കണം
ഒരു ടീമിന്റെ തുടര് വിജയങ്ങൾക്ക് ഒരു മികച്ച നായകൻ കൂടിയേ തീരു. അതുപോലെ നിഴലാട്ടം സൗഹൃദ കൂട്ടായ്മ ടീമിനെ രതീഷ് രോഹിണി മുന്നിൽ നിന്ന് നയിക്കുകയാണ് ഒരു വലിയ സാംസ്കാരിക പ്രസ്ഥാനമെന്ന ലക്ഷ്യ പ്രാപ്തിക്കു വേണ്ടി. രോഹിണിയുടെ സംഘടനാ മികവിൽ അത് അതി വിദൂരമല്ല എന്ന് തെളിയിക്കുന്നതാണ് ഓരോവർഷത്തെയും നിഴലാട്ടം ഫെസ്റ്റിവൽ വിജയം.
നിഴലാട്ടം ഫെസ്റ്റിവൽ 2015 വീഡിയോ - ക്ലിക്ക് വച്ച് വീഡിയോ