OF YOUTH [ Only for Youth ]08/09/2018

ഓഖി ചുഴലിക്കാറ്റ് തിരമാലകൾക്ക് ആ ക്ലിക്കുകൾ തടയാനായില്ല; ഫലമോ!

ayyo news service
ടി ശിവജി കുമാര്‍
ഒന്ന് മാറി ഒന്ന് മാറി പ്രകൃതി ദുരന്തം കേരളത്തെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും ആശ്വാസമാകുന്നതുമായ വാര്‍ത്തകള്‍ നമ്മള്‍ അറിയുന്നത് മാധ്യമങ്ങളില്‍ നിന്നും.  ദുരന്തമുഖത്ത് സ്വജീവിതം അര്‍പ്പിച്ച് വാര്‍ത്തകള്‍ തിരയുന്ന ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അതൊക്കെ സംഭവിക്കുന്നതും. നവ-അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒരുക്കുന്നതിന് പിന്നിലെ മാധ്യമ പ്രവര്‍ത്തകരുടെ കഷ്ടതകളും നഷ്ടങ്ങളും ആരറിയാന്‍. അവരില്‍ ദൃശ്യം ഒരുക്കുന്നവരാണ് കൂടുതലും അപകടത്തില്‍ ചാടുന്നത്.  പുതുമയില്ലാത്ത വാര്‍ത്താ വാക്കുകളെ വ്യത്യസ്തമായ ദൃശ്യത്തിലൂടെ മറികടക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നതാണ് കാരണം.  തൊഴിനോടുള്ള ആത്മാര്‍ത്ഥതയും പാഷനും കൂടിച്ചേരുമ്പോള്‍ ഏതാപകടത്തെയും തൃണവല്ഗണിച്ച്  അവര്‍ അത് സാധ്യമാക്കും. ചിലപ്പോള്‍ ജീവന്‍ വെടിയേണ്ടി വരും.  അങ്ങനെ തൊഴിലിനിടയില്‍ ജീവന്‍ വെടിഞ്ഞ  (മാതൃഭൂമി ന്യുസ്)  മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്ത മാധ്യമ ലോകത്തെ ഞെട്ടിച്ചത് അടുത്തിടെയാണ്. 

അതിനുമുമ്പ് ഓഖി ചുഴലിക്കാറ്റ് തിരമാലയില്‍ ഒരു വാര്‍ത്താ ചിത്രലേഖകൻ അകപ്പെടേണ്ടതായിരുന്നു.  പക്ഷെ, കരളുറപ്പും ഭാഗ്യവും തുണച്ചതുകൊണ്ട് ആ ഫോട്ടോജേര്‍ണലിസ്‌റ് അത്ഭുതകരമായി രക്ഷപ്പെട്ടു. അന്ന് അതിസാഹസികമായി പകര്‍ത്തിയ ചിത്രത്തിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സാഹസിക ഫോട്ടോഗ്രാഫി (രണ്ടാം സ്ഥാനം) പുരസ്‌കാരവും ലഭിച്ചു. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ടി ശിവജി കുമാറായിരുന്ന ആ സാഹസികന്‍.  ഇക്കഴിഞ്ഞ ജൂലൈ 31 ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു.  പ്രശസ്ത ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ ചെയര്‍മാനായ ജ്യുറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്ന് ശിവജി പുരസ്‌കാരം സ്വീകരിക്കുന്നു.  യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, ചെയർമാൻ മന്ത്രി എ.  സി. മൊയ്തീൻ,  ജ്യുറി ചെയർമാൻ ബാലൻ മാധവൻ എന്നിവർ സമീപം 
നവംബര്‍ 30  ന് ഞങ്ങള്‍ ഫോട്ടോഗ്രാഫേഴ്‌സ പതിവ് പോലെ സ്റ്റാച്യുവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന്  ഒരു കാറ്റ് ആഞ്ഞടിച്ചു. ആ കാറ്റില്‍ അവിടത്തെ സമരപന്തല്‍ പറക്കുകയുംപോസ്റ്റുകളൊക്കെ ഇളകി ആടുന്നതും കണ്ടിരുന്നു.  ശംഖുമുഖത്ത് രാഹുല്‍ ഗാന്ധിപങ്കെടുക്കുന്ന സമ്മേളനത്തിനുവേണ്ടി തയ്യാറാക്കിയ  കൂറ്റന്‍ വേദി  കാറ്റാടിച്ച്തകര്‍ന്നിരിക്കുന്നു എന്നറിഞ്ഞ് ഞങ്ങള്‍ പിന്നീട് അങ്ങോട്ട് പോയി.  കടലെടുത്ത വേദിയുടെ പടങ്ങളെടുത്ത്  അവിടുന്ന് തിരികെ ഞാന്‍  ബൈക്കില്‍ വരുമ്പോള്‍ വലിയതുറ വച്ച് കുറച്ചുപേര്‍ കടല്‍ തിരയില്‍ക്കിടന്ന് ഓടുന്നതും ചാടുന്നതും ശ്രദ്ധയില്‍ പെട്ടു. അത് എന്താണെന്നറിയാന്‍ അടുത്തേയ്ക്കുപോയി. തിരയെടുത്തുപോയ  വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തിരിച്ച്പിടിച്ചു കൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളികളാണെന്ന് മനസ്സിലാക്കിയ ഉടന്‍ ഞാന്‍ കടലിലേക്കിറങ്ങി ക്യാമറ ഓണ്‍ ചെയ്ത് എല്ലാം സെറ്റുചെയ്യുന്നതിനു മുമ്പുതന്നെ അപ്രതീക്ഷമായി ഒരു വലിയ തിരവന്നെന്നെ വിഴുങ്ങി. ആ തിരയ്ക്കിടയിലൂടെ പലവട്ടം ക്യാമറ ക്ലിക് ചെയ്തു. ഒന്ന് ഓടി മാറാനോ വെള്ളംകയറുന്നതില്‍നിന്ന് ക്യാമറയെ സംരക്ഷിക്കാനോ എനിയ്ക്ക് കഴിഞ്ഞില്ല. വെള്ളം കയറി ക്യാമറ പണിമുടക്കിയതിനാല്‍ മറ്റു ചിത്രങ്ങള്‍ എടുക്കാനും കഴിഞ്ഞില്ല. തിരയില്‍പ്പെട്ട് ക്ലിക്ക് ചെയ്തപ്പോള്‍ ലഭിച്ച ചിത്രമാണ് പുരസ്‌കാരത്തിനു അയച്ചുകൊടുത്തതെന്നും ശിവജി പറഞ്ഞു. പുരസ്‌കാര പ്രാപ്തിക്കര്ഹമായ ചിത്രാനുഭാവം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പുരസ്കാരം നേടിയ ചിത്രം.                                                                                                                        ഫോട്ടോ: ശിവജി  
തുടർ ദിനങ്ങളിൽ ഓഖി ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ ചേതനയറ്റ ശരീരം കൊണ്ട് വരുന്നതൊക്കെ കവർ ചെയ്യേണ്ടിവന്നപ്പോൾ  ഒരു വൈകാരികതയ്ക്കും കീഴ്‌പ്പെടാത്ത ഞാൻ  പക്ഷെ, ഒരുമാസം കഴിഞ്ഞ് വിഴിഞ്ഞത്തും വെട്ടുകാടും നടന്ന നഷ്ടപരിഹാര വിതരണ ചടങ് കവർ ചെയ്തപ്പോൾ ശരിക്കും ഫീൽ  ചെയ്തു. അത് സ്വീകരിക്കാനായി പല തീരദേശ ഭാഗങ്ങളിൽ നിന്നും അവിടെ എത്തിയ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർ, അവരുടെ കുട്ടികൾ, മകൻ നഷ്ടപ്പെട്ട അമ്മമാർ തുടങ്ങി എല്ലാവരുടെയും കണ്ണുനീരും വിലാപവും എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചിരുന്നു. ശിവജി ആ ദുരന്തമുഖം ഓർത്തെടുത്തു.
നഷ്ടപരിഹാരം സ്വീകരിക്കാനെത്തിയവർ.                                                                                             ഫോട്ടോ: ശിവജി  
സാഹസിക പുരസ്‌കാരത്തിന് സംസ്ഥാന യുജനക്ഷേമ ബോർഡ് ചിത്രം പകര്‍ത്താനുണ്ടായ സാഹചര്യവും ആവിശ്യപ്പെട്ടിരുന്നു. ഇതല്ലാതെ ജെല്ലിക്കെട്ടിന്റെ മറ്റൊരു ചിത്രവും ഞാന്‍ ഇതിനോടൊപ്പം സമര്‍പ്പിച്ചിരുന്നു. രണ്ടിന്റെയും ചിത്ര സാഹചര്യങ്ങൾ വിലയിരുത്തിയാണ് ജ്യുറി പുരസ്‌കാരം നൽകിയത്.

എല്ലാ തൊഴിലിനും റിസ്‌ക്കുണ്ട്. നമ്മൾ (മാധ്യമ പ്രവർത്തകർ) ജാഗരൂഗരായിരിക്കണം  എല്ലാം നമ്മുടെ കൈയ്യിൽത്തന്നെയാണ്.  ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ സുരക്ഷ ഒരുക്കേണ്ടതാണ്.  അവരത് ചെയ്യുന്നില്ല. അപ്പോൾ നമ്മൾ തന്നെയാകണം സ്വസുരക്ഷയൊരുക്കേണ്ടത്.  അപകടം മുന്നിൽക്കണ്ടും നമ്മൾ സാഹസികരായി  ചാടിപ്പുറപ്പെടുന്നത് പാഷൻകൊണ്ടാണ്.  വേണമെങ്കിൽ ഒഴിഞ്ഞും നിൽക്കാം. ശിവജി പറഞ്ഞു നിർത്തി.
കാണാതായവരുടെ വരവ്  പ്രതീക്ഷച്ച്‌ തീരത്ത് കാത്ത് നിൽക്കുന്ന ഉറ്റവർ.                                           ഫോട്ടോ: ശിവജി  
ബീച്ചുകളിൽ ചിത്രമെടുത്ത് പഠിച്ച ശിവജിയ്ക്ക് ഫോട്ടോഗ്രാഫിയിൽ കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പരിചയമുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന അദ്ദേഹം ചേസിംഗ് ദി ലാസ്റ്റ് ട്രെയിൻ (പുനലൂർ-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടിയെക്കുറിച്ച് ) എന്ന പേരിൽ ഒരു ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുണ്ട്.  പി.സി. സുകുമാരന്‍ നായര്‍ അവാര്‍ഡ്. കേരള ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Views: 2272
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024