തിരുവനന്തപുരം: ആടിക്കിഴിവിന്റെ പ്രയോജനം പറ്റാൻ തലസ്ഥാനത്തെ എല്ലാ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിലും വൻ തിരക്കാണ്. വ്യാഴം(17ന്) ഓണം മാസമായ ചിങ്ങം പിറക്കുന്നതിനാൽ നാളെ(16ന്) അവസാനിക്കുന്ന സംസ്ഥാനത്തെ പ്രശസ്ത സ്ഥാപങ്ങളുടെ ആടിക്കിഴിവ് സ്വന്തമാക്കാൻ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. എല്ലാം ഒരു കുടക്കീഴിൽ കിട്ടുന്ന നാല്-അഞ്ച് നിലകളുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് കൂടുതലും ജനത്തിരക്ക്. അവയിൽ എസ്‌കലേറ്റർ സൗകര്യമുള്ളത് രണ്ട്-മൂന്ന് സ്ഥാപനങ്ങൾക്ക് മാത്രം. വൃദ്ധമാതാക്കളും യുവതികളും കുട്ടികളും അക്കൂട്ടത്തിലുണ്ട്. പടികൾ കയറാതെ ചുമ്മാ പടിയിൽ കയറി നിന്ന് കൊടുത്താൽ മാത്രം മതി മുകളിലെത്താൻ. ചലിക്കുന്ന സ്റ്റെയർകെയ്‌സ്. ഇത് പലർക്കും ഒരു വിസ്മയമാണ്. പ്രത്യേകിച്ചും ഇത്തരം ഉത്സവനാളുകളിൽ മാത്രം നഗരത്തിലെത്തി മക്കളോടൊപ്പം അല്ലെങ്കിൽ ഭർത്താവിനോടൊപ്പം ഇത്തരം വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുന്ന വീട്ടമ്മമാർക്ക് എസ്‌കലേറ്ററുകൾ ഒരതിശയമാണ് അതിൽ കയറാൻ അവർക്ക് ഒരു മടിയും ഭയവുമാണ്. അവരുടെ കൺമുന്നിലോടെ മറ്റുള്ളവർ അതുവഴി കയറി ഇറങ്ങുന്പോൾ ആദ്യമായി ഞാൻ കയറുമ്പോൾ എന്തെങ്കിലും അബദ്ധം പിണഞ്ഞ് മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാകുമോ അത് തന്റെ വേണ്ടപ്പെട്ടവർക്ക് മാനഹാനിയാകില്ലേ എന്ന ഭയത്താൽ 'അയ്യോ! ഞാൻ കയറില്ല വേറെ വഴിനോക്കാം' എന്ന് പറഞ്ഞു പലരും മാറിനിൽക്കുന്നത് നിത്യകാഴ്ചയാവുകയാണ്. പിന്മാറുന്ന ഭാര്യയെ ധൈര്യം പകർന്ന് എസ്‌കലേറ്ററിൽ കയറ്റുന്ന ഭർത്താവ്, അമ്മയെ കയറുവാൻ നിർബന്ധിക്കുകയും അതിന് തയ്യാറാകാത്ത അമ്മയ്ക്കുവേണ്ടി ലളിത മാർഗം ഉപേക്ഷിച്ച് 'കഠിന വഴിയായ' പടികൾ കയറുന്നതും കാഴ്ചയാണ്.
പാദരക്ഷ എസ്‌കലേറ്ററിൽ കുരുങ്ങിയപ്പോൾ .
റെയിൽവേ സ്റ്റേഷനിലും ഇപ്പോൾ ഈ സംവിധാനമുണ്ട്. നമ്മുടെ കെ എസ് ആർ ടി സി യുടെ തമ്പാനൂർ നിലയത്തിലുണ്ടെങ്കിലും ഇനിയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. പ്രായമുള്ളവർ ഭയക്കുന്നതുപോലെ സൂക്ഷിച്ചില്ലെങ്കിൽ അപകടകരവുമാണ് ഈ ചലിക്കുന്ന പടികൾ. നിരവധി അപകടങ്ങളും മരണം വരെ സംഭവാച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ലേഡീസിന്റെ ഹൈ ഹീൽ, മറ്റു ചെരിപ്പും കയറുമ്പോൾ അല്ലെങ്കിൽ ഇറങ്ങുമ്പോൾ ഇടയിൽ കുരുങ്ങിയാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. മാതാപിതാക്കളുടെ ഒപ്പമല്ലാതെ ഇതിൽ കയറുന്ന കുട്ടികളും അപകടത്തിൽ പെടാറുണ്ട്. എസ്‌കലേറ്ററിന്റെ കൈവരിയിൽ നന്നായി പിടിച്ചു നിൽക്കുക. ചെരുപ്പ് ഇടയിൽപ്പെടാതെ സൂക്ഷിക്കുക. കുട്ടികളെ ഒറ്റയ്ക്ക് കയറാൻ അനുവദിക്കാതിരിക്കുക. ഷൂ ലെയ്സ് കെട്ടിവയ്ക്കുക. എസ്‌കലേറ്ററിൽ കയറുമ്പോൾ അതിന്റെ ഓഫ് ബട്ടൺ എവിടെയാണ് നോക്കിവയ്ക്കുക. അപകടമുണ്ടാകുമ്പോൾ ഓഫ് ചെയ്ത രക്ഷപ്പെടാം. ഇത്രയൊക്കെ മുൻകരുതൽ ഉണ്ടെങ്കിൽ അപകടം ഉണ്ടാവാതെ നോക്കാം. അപകടങ്ങൾ കൂടുതലും വിദേശ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.