(തിരുവനന്തപുരം; സംസ്ഥാനം ഇന്ന് ഫ്ളക്സിന്റെ നീരാളിപ്പിടിത്തത്തിലാണ്. ആ നീരാളിയെ കീഴ്പ്പെടുത്തേണ്ട അധികാരികളായ മുഖ്യമന്ത്രി, മന്ത്രിമാർ എംഎൽഎമാർ എന്നിവരുടെ മുഖ ചിത്രങ്ങൾ അച്ചടിച്ച ഫ്ലക്സുകളാണ് സംസ്ഥാനത്തിലധികമെന്നതാണ് വിരോധാഭാസം. ഫ്ലക്സ് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് നഗരത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ടവർ തന്നെ അതിന് കൂട്ട് നിൽക്കുന്ന ഒരവസ്ഥയാണ് ഇത് കാണുമ്പോൾ തോന്നുക. അതിനാൽ ജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന മേല്പറഞ്ഞവർ ഇപ്പോൾ അധികരിച്ച ശമ്പളം മനുഷ്യ നന്മയെ ഓർത്ത് ഫ്ലക്സ് നിർമാർജനനത്തിനായി സംഭാവന ചെയ്യുകയും നിർമാർജനം നടപ്പാക്കുകയും ചെയ്യുക.
നഗര സംരക്ഷണത്തിന്റെ കാവലാളായ മേയർമാരുടെ ഫ്ളക്സ് മുഖ ചിത്രങ്ങളും തെരുവിൽ സ്ഥാനം പിടിച്ചിട്ടുയിരുന്നു എന്നതാണ് കൗതുകം. മറ്റു രാഷ്‌ടീയ പാർട്ടികൾ - നേതാക്കൾ, സംഘടനകൾ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം ഫ്ലക്സ് പ്രചാരണത്തിൽ മുന്നിൽ തന്നെ. സിനിമ തീയറ്ററുകളാണ് ഫ്ലക്സ് പരസ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടം. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ഫാൻസുകാരുടെ വക എന്ത് മാത്രം ഫ്ലക്സ് ബോർഡുകളാണ് തീയറ്ററിനെ അലങ്കരിക്കുക. ഇത് ഒരു പ്രാവിശ്യമല്ല. ഒരു താരത്തിന് വേണ്ടിയോ ഒരു തീയേറ്ററിന് മുന്നിലോ അല്ലെന്നു ഓർക്കുക. ഇതിനൊക്കെ പുറമെയാണ് വ്യക്തികളുടെ സ്വന്തം ഫ്ലക്സ് പ്രചാരണം. പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയെന്നും കാണിച്ചുള്ള പരസ്യമാണ് അക്കൂട്ടത്തിൽ ശ്രദ്ധേയം. പിന്നെ അഭിനന്ദനം, വിവാഹം, മരണം തുടങ്ങി എല്ലാതരം ഫ്ലക്സ് പ്രചാരണങ്ങളും തത്സമയ സന്തോഷമേകുമ്പോൾ, അത് നാളെ ഉണ്ടാക്കുന്ന വലിയ ഒരു ദുരന്തത്തെക്കൂടി മനസ്സിൽ കരുതുക.
നല്ല നാളെയെ ഓർത്ത് നിയമം കർശനമാക്കുക. ഒപ്പം തങ്ങളുടെ മുഖ ചിത്രമുള്ള ഫ്ളക്സുകൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർടികളും - നേതാക്കളും നിയന്ത്രണമേർപ്പെടുത്തുകയോ അനുവദിക്കാതിരിക്കയോ ചെയ്യുക. ആശുപത്രി കൾ, ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ പ്രധാന ഇടങ്ങൾ ഫ്ലക്സ് വിമുക്തമാക്കുക. തീയറ്റർ കവാടത്തിലെ അമിത ഫ്ലക്സ് പ്രദർശനത്തിന് തീയറ്റർകാരിൽ നിന്ന് ഫൈൻ ഈടാക്കുക തുടങ്ങി ഒട്ടേറെ പരിപാടിയകൾ ആസൂത്രണം ചെയ്തുകൊണ്ട് ഫ്ലക്സ് നിയന്ത്രണം വരുത്തി നഗരത്തെയും വരും തലമുറയെയും വലിയ വിപത്തിൽ നിന്ന് സംരക്ഷിക്കുക.