P VIEW [ Public View ]12/07/2016

ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യമുള്ള ജിം

ayyo news service
പവർ ലിഫ്റ്റിങ്ങ് പരിശീലിക്കുന്നവർ. ഫോട്ടോ: വിനോദ് ജി നായർ
ഇന്ന് ജിം എന്ന് കേള്‍ക്കുമ്പോള്‍ ശീതികരിച്ചതും  അത്യാധുനിക വിദേശ നിര്‍മിത മെഷിനറികള്‍ സ്ഥാപിച്ചതും പേഴ്‌സണല്‍ ട്രെയിനര്‍മാർ ഉള്ളതുമായ വിശാലമായ ഒരു മള്‍ട്ടി ജിമ്മിന്റെ ചിത്രമാകും മനസ്സിലേക്ക് ആദ്യം ഓടി എത്തുക.  പിന്നീട് നമ്മള്‍ അവിടെ വരുന്ന സെലിബ്രിറ്റികളുടെ കണക്കും എടുക്കും.  അങ്ങനെയുള്ള   നിരവധി ജിമ്മുകള്‍ ഇന്ന് നഗരത്തില്‍ സ്ഥാനം പിടിച്ചി കഴിഞ്ഞു.  എന്നും പുതുമയുടെ പിന്നാലെ പായുന്ന യുവാക്കള്‍ അവിടെയും തങ്ങളുടെ  ശരീര സൗന്ദര്യത്തിനു പുതിയ അളവഴകുകള്‍  തീര്‍ക്കുകയാണ്.  അതുപോലെ അത്രയ്ക്കൊന്നുമില്ലെങ്കിലും ഒരു ജിം 92ാം വയസ്സിലും  ഫിറ്റ്‌നസ്സില്‍ മുമ്പനായി നഗരത്തില്‍ നിലകൊള്ളൂന്നുണ്ടെന്ന കാര്യം അവരറിയുന്നുണ്ടോ എന്തോ?   ഗുസ്തി,ബോഡി ബിൽഡിംഗ്,പവർ ലിഫ്റ്റിങ്ങ്,വെയിറ്റ് ലിഫ്റ്റിങ്ങ് എന്നിവയിൽ  നിരവധി സംസ്ഥാന ദേശീയ താരങ്ങളുടെ വിയർപ്പിന്റ കഥ പറയാനുണ്ടാകും തിരുവനന്തപുരം വഞ്ചിയൂരിൽ കോടതിക്ക് എതിര്‍മുഖമായി നില്ക്കുന്ന ഓടുമേഞ്ഞ ആ പഴയ കെട്ടിടത്തിന്. അതിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള വലിയ ബോര്‍ഡും മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള  വ്യായാമ ഉപകരണങ്ങളും, മുറ്റം നിറയുന്ന ഫിറ്റ്‌നസ്സ് മോഹികളെക്കണ്ടും മനസ്സിലാക്കാം അതൊരു ജിമ്മാണെന്ന്.    

1924 ല്‍ മാസ്റ്റര്‍ കുട്ടന്‍ പിള്ള തുടങ്ങിയ വീര കേരള ജിംഖാനയെന്ന അനന്തപുരിയുടെ ആദ്യ  ജിമ്മില്‍ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കാലത്തിന്റെ ആവിശ്യം അനുസരിച്ച് ചില മൾട്ടി ജിം  മെഷിനുകള്‍ സ്ഥാപിച്ചത്.  അതൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയ    രീതികള്‍ തന്നെ.  ഇവിടുത്തെ അത്തരം പാരമ്പര്യ പരിശീലന രീതിയിലും ഉപകരണങ്ങളിലും പരിശീലിച്ചവരാണ് അടുത്തിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര് ജൂനിയര് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. ബോഡി ബില്‍ഡിംഗിലും വെയിറ്റ്‌ ലിഫ്റ്റിങ്ങിലും ഗോൾഡ്‌ മെഡലുകള്‍ നേടിയിട്ടുള്ള വിനോദ് ജി നായരാണ്  അവരെ പരിശീലിപ്പിച്ചത്.   വീര കേരളയിലെ ഏക പരിശീലകനും അദ്ദേഹം തന്നെ.  തലസ്ഥാനത്ത് പുതിയ ഹൈടെക് ജിമ്മുകള്‍  വെല്ലുവിളിയുണര്ത്തുന്ന കാലഘട്ടത്തില്‍ ഈ  ജിമ്മിനും  ഒരു മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിനോദിന്റെ ഉത്തരം ഇല്ലെന്നായിരുന്നു.  ഈ കെട്ടിടം പൊളിച്ചു ഒരു മാറ്റം ഉണ്ടാകില്ലെന്നും വിനോദ് പറഞ്ഞു. 

ജിംഖാന ടീം വെയിറ്റ് ലിഫ്റ്റിങ്ങിൽ നേടിയ ഓവറോൾ ട്രോഫിയുമായി ഗുരുക്കന്മാരുടെ ഫോട്ടോക്ക് മുന്നിൽ പരിശീലകൻ  വിനോദ് ജി നായർ.
വലത്ത് നിന്ന് -
മാസ്റ്റർ കുട്ടൻ പിള്ള,കെ പ്രഭാകരൻ നായർ,എസ് കെ  ഋഷികേശ ദാസ്‌,എൻ നാരായണൻ നായർ

അപ്പോള്‍ എങ്ങനെയാണ് പുതുമയുടെ പിന്നാലെ പായുന്ന പുതുതലമുറയെ  ഇപ്പോഴും ഇവിടെ ആകര്‍ഷിച്ച് ജിം നടന്നുപോകുന്നതെന്ന  ചോദ്യത്തിന് ഉത്തരം പറഞ്ഞത് വാച്ചര്‍ സുകുമാരെന്ന തങ്കുവാണ്.  അതിവിടത്തെ ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യം കൊണ്ടാണ്.  രാത്രി പന്ത്രണ്ടു മണിക്ക് ജിമ്മിന്റെ പ്രധാന ഹാളില്‍ ഒറ്റക്ക് നിന്നാല്‍ കാല്‍ പെരുമാറ്റം കേള്‍ക്കാന്‍ കഴിയും. പലപ്പോഴും എനിക്കത് അനുഭവപ്പെട്ടിടുണ്ടെന്നു 1972 മുതല്‍ ജിംഖാനയില്‍ ജോലി നോക്കുന്ന തങ്കു പറഞ്ഞു. ജിംഖാന തുടങ്ങിയ കാലം മുതല്‍ ഹനുമാനെയും ദുര്‍ഗയേയും വച്ച് പൂജിക്കുന്നുണ്ട്. ജിം പ്രവര്ത്തന സമയമായ രാവിലെയും വൈകുന്നേരവും ഹനുമാന്‍ സ്വാമിക്ക് മുന്നില്‍ മുടക്കമില്ലാതെ വിളക്ക് കത്തിക്കുന്ന പതിവുണ്ട് . ഇവിടെ വന്നതിനു ശേഷം വിളക്ക് കത്തിക്കാറുള്ളത് ഞാനാണ്.  44 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഞാനതിനു  മുടക്കം വരുത്തിയിട്ടില്ല.  എനിക്കസൗകര്യമാണെങ്കില്‍ പരിശീലകന്‍ കത്തിക്കുമെന്നും തങ്കു പറഞ്ഞു. വിനോദ് അത് ശരിവയ്ച്ചു.   ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ വിനോദ് പലപ്രാവിശ്യവും പുറത്തേക്കു പോയി ഓഫീസ് മുറിയിലേക്ക് തിരിച്ചു വന്നു.  വെക്കേഷന്‍ സമയം ആയതിനാല്‍ പുതിയതായി ജിമ്മില്‍ എത്തിയ കൗമരക്കാരക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായിരുന്നു അത്. 

ഹനുമാൻ സ്വാമിയുടെയും ദുർഗാദേവിയുടെയു  പടത്തിനു മുന്നിൽ വാച്ചർ തങ്കു സന്ധ്യാ ദീപം കൊളുത്തുന്നു.
തങ്കുവില്‍ നിന്ന് ഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ ഞാന്‍ പൂജാമുറി കാണണം എന്ന് പറഞ്ഞു. വിനോദ് അത് കാട്ടി തന്നു.  കളരിത്തറകളിൽ  വിളക്ക് കത്തിച്ചു വയ്ക്കും പോലെ ജിംഖാനയിലെ  പ്രധാന പരിശീലന ഹാളിലെ ചുമരിലാണ് ഹനുമാൻ സ്വാമിയുടെയും   ദുർഗാദേവിയുടെയും പടങ്ങൾ വയ്ച്ചു വിളക്ക് കൊളുത്തുന്നത്.  ഇത് പണ്ട് കാലത്തെ ഒരാചാരം പോലെ ഇന്നും തുടരുന്നു.  ആ ദൈവങ്ങളുടെ പടങ്ങൾക്ക് കുറച്ച്കലയായി ഒന്ന് രണ്ടു ചില്ല് പടങ്ങൾ ചുമരിൽ തൂക്കിയിരിക്കുന്നത് കണ്ടു.  അത് ജിംഖാനയുടെ പഴയ ഫോട്ടോ ആണെന്ന് മനസ്സിലാക്കി അതിലേക്ക് ഒന്ന് കണ്ണ് ഓടിച്ചപ്പോൾ നല്ല പരിചയമുള്ള ഒരു മുഖം കണ്ണിലുടക്കി.  വീണ്ടും ശ്രദ്ധിച്ചപ്പോൾ അത് നമ്മുടെ സുപ്പർതാരം മോഹൻലാൽ ആണെന്ന് മനസ്സിലായി.  1977-78ൽ സംസ്ഥാന ഓവറോൾ ചാമ്പ്യന്മാരായ  ഗുസ്തി ടീമിന്റെ ഫോട്ടോ ആയിരുന്നു അത്.  പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ജിംഖനയിലെ കോച്ച് എൻ നാരായണൻ നായരുടെ കീഴിൽ മോഹൻലാൽ ഗുസ്തി പരിശീലിച്ചിരുന്നു വെന്നു വിനോദ് പറഞ്ഞു.  ഒരു പക്ഷെ, മിസ്റ്റർ ബ്രഹ്മചാരിയിൽ മസ്സിൽമാനാകാൻ മോഹിക്കുന്ന  ഹനുമാൻ ഭക്തനായ  നായകനെ മികവുറ്റതാക്കാൻ മോഹൻ ലാലിന് കരുത്തേകിയത് ഇവിടുത്തെ പരിശീലനത്തിൽ നിന്ന് നേടിയ ഊര്ജമാകാം!

വീര കേരള ജിംഖാനയിൽ പ്രദർശിപ്പിച്ചിട്ടുള്ള സംസ്ഥാന ഗുസ്തി ചാമ്പ്യനായ മോഹൻലാലിന്റെ ഫോട്ടോ.  നിൽക്കുന്നവരിൽ നാലാമൻ
ഇപ്പോൾ ഇവിടെ  ഗുസ്തി പരിശീലിപ്പിക്കാറില്ല നാരായണൻ സാറിന്റെ മരണ ശേഷം അത് നിർത്തി.  മികച്ച പരിശീലകൻ ഇല്ലാത്തതും പഠിക്കാൻ ഇപ്പോൾ ആരും താല്പ്പര്യം ക്കാണിക്കാത്തതും  കൊണ്ടും ഇവിടെ ഇപ്പോൾ ഗുസ്തി പരിശീലിപ്പിക്കുന്നില്ല.  മോഹൻ ലാൽ  പരിശീച്ചിരുന്ന കാലത്തുള്ള സാധനങ്ങൾ എല്ലാം ഇവിടെ ഉണ്ട് അവ പത്തിരുപതു കൊല്ലമായി ഉപയോഗിക്കാതെ പൊടിയടിച്ചിരിക്കുയാണ്.  പരിശീലിക്കാൻ താല്പര്യപ്പെട്ടു വരുന്നവരുടെ എണ്ണം കൂടിയാൽ ജിംഖാനയുടെ മുറ്റത്ത്‌  വീണ്ടും ഗോദ ഒരുക്കുമെന്ന് വിനോദ് പറഞ്ഞു. 

ജിംഖാനയിലെ മുറിയിൽ വർഷങ്ങളായി കൈ പെരുമാറ്റം ഇല്ലാതെ വിശ്രമിക്കുന്ന ഗുസ്തി പരിശീലന ഉപകരണങ്ങൾ.  ഒരു കാലത്ത്
ഇവ സംസ്ഥാന ദേശീയ ഗുസ്തി താരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.

വീര കേരള ജിംഖാന ട്രസ്റ്റിന്റെ കീഴിൽ പ്രവര്ത്തിക്കുന്ന ജിമ്മിൽ അയ്യായിരത്തോളം അംഗങ്ങൾ ഉണ്ട്‌ അവരിൽ 150 പേർ സ്ഥിരമായി പരിശീലിക്കാൻ എത്താറുണ്ട് .  അംഗത്വഫീസായി 600 രൂപയും മാസം 200 രൂപയുമാണ് ജിംഖാന  ഈടാക്കുന്നത്.  രാവിലെ അഞ്ചര മുതൽ ഒമ്പത് വരെയും വൈകുന്നേരം നാല്  മുതൽ എട്ടരവരേയുമാണ്  പ്രവർത്തന സമയം. പാരമ്പര്യത്തിൽ ഊന്നിയ പരിശീലനാമുറകളും പ്രകൃതിദത്തമായ പോഷകാഹാര രീതികളുമാണ് ഇവിടെ  പ്രോത്സാഹിപ്പിക്കുന്നത് എന്ന പ്രേത്യകതയും ഉണ്ട്.
Views: 4843
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024