ആന അവസാനം ഓടിക്കയറി തളയ്ക്കപ്പെട്ട പറമ്പിലേക്കുള്ള ഇടവഴി
പ്രാണഭയം തോന്നിയാൽ ആനയ്ക്ക് ഓടാൻ വലിയ വഴി തന്നെ വേണമെന്നില്ല. ഏതു ഇടുക്കു വഴിയേയും ഓടും. ശ്രീ പത്മനാഭക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രക്കിടെ ആചാര വെടിയൊച്ചകേട്ട് ഒരാന വിരണ്ടോടിയത് അത്തരം വഴികളിലൂടെയാണ്. ആന ഓടിപ്പോയ ആ വഴികൾ പിന്തുടർന്ന് കണ്ട ആൾക്കാർ ഈ വഴിയിലൂടെ ആന എങ്ങനെ ഓടി, ഇത്രയും സ്ഥലം മതിയോ ആനയ്ക്ക് കടന്നു പോകാൻ എന്ന് അതിശയത്തോടും അത്ഭുതത്തോടെയും സ്വയവും പരസ്പരവും ചോദിച്ചു. ആ വഴികൾ കണ്ടാൽ ആരും അങ്ങനെ പറയു. മുന്നിൽ കണ്ടതൊക്കെ തകർത്ത് നേർവഴിയിലൂടെ ഓടാം എന്നിരിക്കെ ആർക്കും അപകടമുണ്ടാക്കാതെ ഇടുങ്ങിയതും വളവുകളുമുള്ള വഴിയിലൂടെ ഓടി രണ്ടു കിലോമീറ്ററിനപ്പുറം ബഹളത്തിൽ നിന്ന് മാറി അഭയ സ്ഥാനം കണ്ടെത്തിയതെന്നതും അതിശയം തന്നെ.
. നന്ദനം വീടും പറമ്പിലേക്കുള്ള വഴിയും (വലത്ത്). തളച്ച ആനയെ കാണാൻ വന്നവർ വഴിക്കു മുൻപിൽ
പടിഞ്ഞാറേകോട്ടക്കരികെ എത്തിയപ്പോഴാണ് വെടിയൊച്ചകേട്ട് പുതുപ്പള്ളി മഹാദേവൻ എന്ന ആന വിരണ്ടോടിയത്. പ്രാണഭയത്താൽ ഓട്ടം തുടങ്ങിയ ആന ജനങ്ങളുടെ ഭാഗ്യംകൊണ്ട് മെയിൻറോഡിലൂടെ നേർദിശയിൽ ഓടാതെ സമീപത്തെ സ്വകാര്യ മെഡിക്കൽ സ്റ്റാറിന്റെ കെട്ടിടം സ്ഥിതിചെയ്യുന്ന വിസ്തൃതമായ കോമ്പൗണ്ടിൽ പ്രവേശിച്ച് ഇവിടെയുള്ള ചെറിയ ഗേറ്റും മതിലും ഗേറ്റും തകർത്ത് റെസിഡൻഷ്യൽ ഏരിയ ആയ മറ്റൊരു റോഡിൽ പ്രവേശിച്ച് ആ വഴി നേരെയുംവളഞ്ഞും ഓടി അവിടെയുള്ള ക്ഷേത്രം കടന്ന് വലിയ റോഡിലെത്തി വലത്തോട്ടു തിരിഞ്ഞു കുറച്ച് ഓടി ആ റോഡ് മുറിച്ച് കടന്ന് മുന്നോട്ടു പോയത് നന്ദനം എന്ന വീട്ടു പേരുള്ള ഇരുനില വീടിന്റെ മുന്നിലാണ്. ആ വീടിന്റെ തന്നെ പറമ്പിലേക്ക് പോകുന്നതിനു സമീപത്ത് മറ്റൊരു ഗേറ്റിട്ട ഇടുങ്ങിയ വഴിയുണ്ടായിരുന്നു. ആ വീട്ടുകാരുടെ ഭാഗ്യം കൊണ്ടാകാം ആന തെരെഞ്ഞെടുത്തത് ആ വഴിയാണ്. കഷ്ടിച്ച് രണ്ടുപേർക്ക് ചുമരിൽ ഇടിച്ച് സഞ്ചരിക്കാവുന്ന വഴിയിലൂടെ പറമ്പിലേക്ക് ഓടിക്കയറിയ കൊമ്പനെ പാപ്പാന്മാരും എലിഫന്റ് സ്‌കോഡുകാരും ചേർന്ന് തളച്ചു. ആ ഓട്ടം മതിലും ഗേറ്റും തകർത്ത ചെറിയ ഒരു നഷ്ടമാക്കി നഗരത്തെ കണ്ണീരിലാഴ്ത്താവുന്ന വലിയ ഒരു ദുരന്തത്തെ ഒഴിവാക്കിയിരുന്നു. ഇങ്ങനെ സംഭവിച്ചത് ദൈവത്തിന്റെ ശക്തിയാലാണോ!