TALKS03/03/2017

ആകാശവാണി അവതാരകർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണം: കാഞ്ചിയോട് ജയൻ

SUNIL KUMAR
കാഞ്ചിയോട് ജയൻ
ശബ്ദമില്ലെങ്കിൽ റേഡിയോ ഉണ്ടോ.  ശ്രോതാവിനെ റേഡിയോ എന്ന കൊച്ചു പെട്ടിയിലേക്ക് ക്ഷമിക്കണം ഇന്ന് റേഡിയോ കിട്ടുന്ന  നിരവധി മാധ്യമങ്ങളുണ്ടല്ലോ അവയിലേക്ക് ആകര്ഷിക്കണമെങ്കിൽ മധുരതരമായ ശബ്ദമമാത്രം പോര നല്ല ഭാഷ പ്രയോഗവും വേണം. അതിനു കഴിയുന്നത് അവതാരകർ അല്ലെങ്കിൽ ന്യു ജൻ പറയുന്ന  റേഡിയോ ജോക്കിക്ക് മാത്രം.  ആ ശബ്ദ തീവ്രത പകർന്ന ആകാശവാണി എട്ടര പതിറ്റാണ്ടിലധികമായി അത് തുടർന്ന് കൊണ്ടിരിക്കുന്നു.  അതിശക്തരായ  ദൃശ്യ-ശ്രവ്യ-നവ മാധ്യമ എതിരാളികളെ  വെറും ശബ്ദം കൊണ്ട് ഒതുക്കുന്ന ആകാശവാണിയിൽ അവതാരകനാണ് താരം.  വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദ പരിപാടികളിലേക്ക് ചെവി കൂർപ്പിച്ചു വയ്ക്കുമ്പോൾ ആ അവതാരകന്റെ ചിത്രവും മനസ്സിൽ കുടിയേറും.  അങ്ങനെ ആകാശവാണി ശ്രോതാക്കളുടെ ഇഷ്ട ശബ്ദ താരമായ ഒരു അവതാരകനാണ് കാഞ്ചിയോട് ജയൻ.  കാൽനൂറ്റാണ്ടിലധികമായി ആകാശവാണിയിൽ ശബ്ദകലാകാരനായി പ്രവർത്തിക്കുന്ന കാഞ്ചിയോട് അനന്തപുരി എഫ്എമ്മിന്റെ ആദ്യ അവതാരകനുമാണ്.  ഇക്കഴിഞ്ഞ 13 നു 'റേഡിയോ ഈസ് യൂ' എന്ന സന്ദേശം പകർന്ന് കടന്നുപോയ ലോക റേഡിയോ ദിനത്തിൽ അയ്യോ ഡോട്ട് ഇൻ ന് അനുവദിച്ച  അഭിമുഖത്തിലൂടെ കാഞ്ചിയോട് ജയൻ തന്റെ റേഡിയോ ജീവിതത്തെക്കുറിച്ചു മറയില്ലാതെ സംസാരിക്കുന്നു.
മാധ്യമങ്ങളുടെ കടുത്ത മതസരങ്ങളെ അതിജീവിച്ച് ആകാശവാണിക്ക് ശ്രോതാക്കളുടെ ഇഷ്ട ശബ്ദമാധ്യമമായി നിലകൊള്ളുവാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ്?
ആകാശവാണി എന്ന് പറയുന്നത് തനതായ ഒരു ശബ്ദ മാധ്യമമാണ് ആകാശവാണി.  ശബ്ദമാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമെന്നാണ് മതഗ്രന്ഥങ്ങളും വേദോപനിഷത്തുക്കളും പറയുന്നത്. അപ്പോള്‍ ശബ്ദത്തിന്റെ നിലനില്‍പ്പിനെ ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആകാശവാണിയുടെ നിലനില്പും ഒരു തര്‍ക്കവുമില്ലാതെ തുടരുമെന്നുള്ള കാര്യത്തില്‍ ഒരു സംശയുവുമില്ല. ഉദാഹരണത്തിനു   1980 ല്‍ ഇന്ത്യയില്‍  ടെലിവിഷന്‍ കടന്നുവന്നപ്പോള്‍ ആകാശവാണിയുടെ ഭാവി ഇനി ഒരു ഇരുപതു അല്ലെങ്കില്‍ മുപ്പതുവര്ഷമെന്നു വിധിയെഴുതിയവരുണ്ട്.  പക്ഷെ, അതിനെയൊക്കെ തരണംചെയ്ത് ഇന്ന് മുപ്പത്തിയഞ്ചു വര്ഷം കഴിഞ്ഞിരിക്കുന്നു.  ഈ മുപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷവും കേന്ദ്രഗവണ്‍മെന്റ് പുതിയ ആകാശവാണി നിലയങ്ങള്‍ സ്ഥാപിക്കുന്നു. അതുപോലെ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ റേഡിയോ എന്ന മാധ്യമത്തിലേക്ക് കടന്ന് വന്നുകൊണ്ടിരിക്കുന്നു. അതാണ് പ്രൈവറ്റ്എഫ്എമ്മുകള്‍. ഇത്തരത്തില്‍ റേഡിയോക്ക് പ്രചുര പ്രചാരം കിട്ടുവാന്‍ കാരണം തനതായ വ്യക്തിത്വം ആകാശവാണിക്ക്  അല്ലെങ്കില്‍ ശബ്ദ മാധ്യമമായ റേഡിയോക്ക് ഉള്ളതുകൊണ്ടാണ്. കൗതുകകരമായ ഒരു കാര്യം.  ഇന്ന് ആകാശവാണി അല്ലെങ്കില്‍ റേഡിയോ പരിപാടികൾ  കേള്‍ക്കാന്‍ റേഡിയോ വേണമെന്നില്ല.  മൊബൈല്‍ ഫോണ്‍, കംപ്യുട്ടര്‍, ടിവി  ഇവ എല്ലാം ഇന്ന് റേഡിയോയുടെ മാധ്യമമായി മാറിയിട്ടുണ്ട്.  അതുകൊണ്ട്  തനത് വ്യക്തിത്വമുള്ള റേഡിയോ എന്ന മാധ്യമത്തിന്  ഒരിക്കലും മരണമില്ല.

എഫ്എമ്മുകൾ ആകാശവാണിക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനെ തരണം ചെയ്യാന്‍ അവതരണത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ആകാശവാണി കൈക്കൊണ്ടത് ?
ആകാശവാണിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സ്വകാര്യ എഫ് എമ്മുകള്‍ കടന്നുവന്നത് എന്നൊരു ധാരണ ഉണ്ടായിരുന്നു.സത്യത്തില്‍ ഞങ്ങളും ആദ്യം ഒന്ന് ഭയന്നു. 2008  ലാണ് സ്വകാര്യ  എഫ് എം നിലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു മൂന്നുവര്ഷത്തിന് മുമ്പ് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പ്രൈവറ്റ് എഫ് എം റേഡിയോനിലയങ്ങള്‍ ആരംഭിച്ചിരുന്നു.  ഇങ്ങനെ നിലയങ്ങള്‍ വന്ന് അവര്‍ നടത്തിയ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ അന്നത്തെ മാധ്യമങ്ങള്‍ ഒരുപക്ഷെ തെറ്റിദ്ധരിച്ചുപോയിരിക്കാം. ആ തെറ്റിദ്ധാരണയുടെ ഭാഗമായിട്ടാണ് ആകാശവാണി ഇതാ തകരാന്‍ പോകുന്നു,ആകാശവാണി ഇപ്പോഴും 1950 കളിലെ അവതരണ ശൈലിയും കൊണ്ടിരിക്കുന്നവരാണ് അവര്‍ക്കും ഒരിക്കലും പുരോഗമിക്കാന്‍ കഴിയില്ല, ആധുനിക ജീവിതത്തിന്റെ താളമനുസരിച്ചു അവര്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല, എന്നി തെറ്റിദ്ധാരണകളുടെ പുറത്ത് ആകാശവാണിക്ക് അപ്പോഴും അതിര്‍വരമ്പ് നിശ്ചയിച്ചിരുന്നവരുണ്ടായിരുന്നു. അത് കൂടിക്കൂടി വന്നപ്പോള്‍ സത്യത്തില്‍ ഞങ്ങളും ഭയന്നുപോയി. പക്ഷെ, ഒരു അഞ്ചു വര്ഷം കഴിഞ്ഞില്ല അതിനു മുമ്പ് പ്രൈവറ്റ്  എഫ്എമ്മുകളുടെ തനിനിറം പുറത്ത് വന്നു.  വീട്ടില്‍ വിശ്വസിച്ചു കയറ്റാവുന്ന അതിഥി ആകാശവാണിയാണ് സ്വകാര്യ നിലയങ്ങളല്ലാ എന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നു. കാരണം അവര്‍ തെരഞ്ഞെടുക്കുന്ന പരിപാടികള്‍.  അത് അവതരിപ്പിക്കുന്ന  ഭാഷാശൈലി, അവര്‍ അവതരിപ്പിക്കുന്ന മറ്റു കാര്യങ്ങള്‍ ഇവയൊക്കെ കുടുംബസമേതം കേള്‍ക്കാന്‍ കൊള്ളുന്നവയല്ല. പ്രത്യേകിച്ചും  നമ്മുടെ സാംസ്‌കാരിക പാരമ്പര്യം എന്ന് പറഞ്ഞാല്‍ കുടുംബസമേതം ആസ്വദിക്കുക എന്നുള്ളതാണ്. ആ കുടുംബ പാരമ്പര്യത്തില്‍നിന്നു വ്യക്തികേന്ദ്രീകൃതമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പോയ ആള്‍ക്കാര്‍  ആകാശവാണിയിലേക്ക് തിരികെവന്നു. പിന്നെ അവരേക്കണ്ടിട്ട്  കുറച്ചൊക്കെ മാറ്റം വരുത്താന്‍ ഞങ്ങളും ശ്രമിച്ചിട്ടുണ്ട്. അത് ഫോൺ--ഇൻ  പരിപാടിയിലും മറ്റു പല പരിപാടികളും ഞങ്ങളും വളരെയേറെ അപ്‌ഡേറ്റായിട്ട് അവതരിപ്പിക്കുന്ന ശൈലിയിലേക്ക്മാറി. 
അനന്തപുരി എഫ് എമ്മിലെ ആദ്യ അവതാരകന്റെ അനുഭവം
തിരുവന്തപുരത്തെ ആകാശവാണി വാണിജ്യപ്രക്ഷേപണത്തെ അനന്തപുരി എഫ് എമ്മാക്കി  നാമകരണം ചെയ്ത് 2006  ലാണ് തിരുവനന്തപുരത്തെ ആദ്യ എഫ് എം പ്രവര്‍ത്തനം ആരംഭിച്ചത്.  അതിലെ ആദ്യ അനൗണ്‍സര്‍ എന്ന നിലയിൽ  മഴവില്ല്, വന്ദനം, ഗാനാമൃതം എന്നി പരിപാടികൾക്ക്  എന്റേതായ സംഭാവനകള്‍ അവതരണ ശൈലിയില്‍  വരുത്തിയിട്ടുണ്ട്.   വന്ദനം നെറ്റിയില്‍ അത് ചന്ദനം. ചുണ്ടില്‍ അത് തേൻതുള്ളി. മനസ്സിൽ അത്  മഞ്ഞുതുള്ളി. മറ്റൊന്ന് വീടുകള്‍ക്ക് ഇപ്പോള്‍ മുറ്റമില്ല. മുറ്റത്തിനപ്പുറം പടിയില്ല. പടികഴിഞ്ഞ്  തൊടിയില്ല തൊടിയില്‍ പൂത്തുനില്‍ക്കുന്ന മാവില്ല. മാവിൻ കൊമ്പില്‍ കുയിലില്ല. അതുകൊണ്ടുതന്നെ കുയില്‍ പാട്ടുമില്ല. പകരം നമുക്കുണ്ട്  അനന്തപുരി എഫ് എം. 2009  ല്‍ അനന്തപുരി എഫ് എമ്മില്‍ നിന്ന് ദേവികുളത്തേക്ക് ഞാൻ മാറിപോയെങ്കിലും ആ അവതരണവാക്യങ്ങള്‍ ശ്രോതാക്കള്‍ എന്നെകാണുമ്പോള്‍ ഇപ്പോഴും ഓർത്ത് പറയാറുണ്ട്.

ഡിജിറ്റൽ സ്റ്റുഡിയോ
രണ്ടര പതിറ്റാണ്ടിന്റെ അനുഭവസ്ഥനെന്നനിലയിൽ ആകാശവാണിയിലെ അന്നെത്തെയും ഇന്നത്തെയും സാങ്കേതിക വ്യത്യാസങ്ങള്‍ പങ്കുവയ്ക്കാമോ?
സ്പൂൾ ടേപ്പിന്റെ കാലഘട്ടമായ 1980ലാണ് ഞാനാകാശവാണിയില്‍ വരുന്നത്. അന്ന് ഓരോ പരിപാടിക്കും ഓരോ പാട്ടിനും ഒരോ സ്പൂളായിരിക്കും. എന്ന് പറഞ്ഞാല്‍ ഏകദേശം മുപ്പതുമിനുട്ട് ദൈര്ഘ്യമുള്ള പരിപാടി റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന ഒരു ടേപ്പാണ്.   അത് മെല്‍ട്രോണ്‍ എന്ന് പേരുള്ള കെല്‍ട്രോണിന്റെ ഉപകാരണമാണ്‌. അതിൽ ടേപ്പ് ലോഡ് ചെയ്ത് റീവൈന്‍ഡ് ചെയ്താണ് ബ്രോഡ്കാസ്റ്റിനു സജ്ജമാക്കിവയ്ക്കുന്നത്. മുപ്പതുമിനുട്ട് ദൈര്‍ഘ്യമുള്ള ടേപ്പില്‍ ഇരുപത്തിയഞ്ചാമത്തെ മിനുട്ടിലാണ് ഒരു  പാട്ട് ഷെഡ്യുള്‍ ചെയ്തിട്ടുട്ടെണ്ടകില്‍ പെട്ട്പോകും.  അതൊക്കെ വളരെനേരത്തെ തന്നെ നമ്മള്‍ തയ്യാറാക്കി വയ്ക്കണം.  ഒരു പാട്ടു കണ്ടത്തുന്നതിനു തന്നെ നാല്മിനുട്ട് വേണം.  അങ്ങനെ വളരെ ക്ലിപ്തതയുള്ള  രീതിയാരുന്നു അന്നുണ്ടായിരുന്നത്.  അതിനു ശേഷം മെല്‍ട്രോണ്‍ മാറിയിട്ട് കംപ്യുട്ടര്‍വന്നു.  അത് വന്നപ്പോള്‍ നമുക്ക് വളരെയേറെ സൗകര്യമായി. നമ്മുടെ എഞ്ചിനീയറായ ശിവകുമാര്‍ പുതിയ ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്തു. അതിന്റെ സഹായത്തോടെ ചലച്ചിത്രഗാനങ്ങള്‍ നിമിഷ നേരംകൊണ്ട് നമ്മുടെ കണ്മുന്നില്‍ എത്തുന്ന തരത്തിലായി.  ഒന്നുകില്‍ പാട്ടിന്റെ ആദ്യത്തെ വരി അടിച്ചു നല്‍കാം, അതല്ലെങ്കില്‍ സിനിമയുടെ പേര്, രചയിതാവ്, ഗായകന്‍, സംവിധായകന്‍ ഇവരുടെയൊക്കെ പേര് നല്‍കി  ഒരു ഗാനം വളരെവേഗം കണ്ടുപിടിക്കാം.  തിരുവനന്തപുറം നിലയത്തിൽ  ചലച്ചിത്രഗാനഫോണിന്‍ പരിപാടി ആദ്യം ആരംഭിച്ചപ്പോള്‍, റെക്കോര്‍ഡ് ചെയ്തിട്ടു രണ്ടുമൂന്നു  ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്.   ഇന്നാസ്ഥിതിമാറി.  സോഫ്റ്റ്‌വെയര്‍ വന്നതോടെ ചലച്ചിത്രഗാനങ്ങള്‍ നിമിഷ നേരംകൊണ്ട് കൈയിലെത്തുമെന്നുള്ളതുകൊണ്ട് ലൈവായി ഫോണിന്‍ പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. 

സ്പൂൾ ടേപ്പ് സിസ്റ്റം
ഒരു സര്‍ക്കാര്‍ സ്ഥാപനമായ ആകാശവാണിയില്‍ ഒരൗണ്‍സര്‍ക്ക് ക്രീയാത്കമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ അങ്ങനെയെങ്കില്‍ അതിനു എത്രത്തോളം സാധ്യതയുണ്ട്?
ആകാശവാണിയില്‍ ക്രീയേറ്റിവിറ്റിക്ക് ഒരു പരിധിവരെ കൂച്ചുവിലങ്ങുണ്ട്.  അങ്ങനെ പറയാന്‍ കാരണം ആകാശവാണി ഉദ്യോഗമേധാവികളുടെ കൈയ്യിപ്പിടിലായതുകൊണ്ടാണ്. അപ്പോള്‍ ഒരവതാരകന്റെ ഇഷ്ടമനുസരിച്ചുള്ള പരിപാടി നടത്താന്‍ പറ്റില്ല. അതിനു അപ്രൂവൽ വേണം .  മിനിമം ഒരു വാക്ക് പറയുന്നതിന് തന്നെ എഴുതി വാങ്ങുന്ന റൂളനുസരിച്ച് ഡ്യൂട്ടി ഓഫീസറുടെയോ പെസ്‌കോയുടെയോ  അനുവാദം കിട്ടിയതിനു ശേഷം മാത്രമേ നമ്മള്‍ പറയാവു.  ഇങ്ങനെയുള്ള സാങ്കേതികപരമായിട്ടുള്ള തടസ്സങ്ങള്‍ ഉള്ളതുകൊണ്ട് ക്രീയേറ്റിവിറ്റിക്ക് ആകാശവാണിയില്‍ ഒരല്പം തടസ്സമാണുള്ളത്. അതേസമയം പ്രൈവറ്റ് എഫ്എമ്മുകളിൽ  അവിടുത്തെ  മാനേജ്‌മെന്റ് അവതാരകനോട്  എങ്ങനെ പെരുമാറുമെന്ന് മനസ്സിലാക്കി  ആയാള്‍ക്ക് സ്വാതന്ത്ര്യം എടുക്കാം.
അവതാരകനായി ധാരളം പ്രശസ്തര്‍ ജോലി ചെയ്തിരുന്ന ആകാശവാണിയില്‍ അങ്ങ് ജോലി തുടങ്ങിയത് ആരുടെയൊക്കെ ഒപ്പമാണ്. അവരുടെ അവതരണരീതി സഹായമായിട്ടുണ്ടോ?
തിരുവിഴ ജയശങ്കര്‍ , പൊന്നപ്പന്‍ പിള്ള, പി തങ്കച്ചന്‍, വനിതാ അവതാരകാരിൽ ടിപി രാധാമണി,  രാജകുമാരി വേണു, ശാരദാമണി തങ്കച്ചി ഇത്തരത്തില്‍ ആള്‍ക്കാരൊക്കെയുണ്ടായിരുന്നു. പക്ഷെ ഇവരുടെയൊക്കെ അവതരണരീതി എന്ന് പറയുന്നത് ആകാശവാണിയുടെ യാഥാസ്ഥികമായ രീതിയായിരുന്നു. അതില്‍ നിന്നും മാറി പുതുമ വരുത്തുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
റോൾ മോഡലുണ്ടോ?
ഞാന്‍ മനസ്സില്‍ കണ്ട ഒരു റോള്‍ മോഡല്‍  മുംബൈ  വിവിധ് ഭാരതിയില്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കമല്‍ ശര്‍മ്മയാണ്. അദ്ദേഹം മുംബൈയില്‍ നിന്ന് വിവിധ് ഭാരതിയിലൂടെ പറഞ്ഞ ചില ഹിന്ദി അന്നൗസ്‌മെന്റുകളുണ്ട്.  അതിലൊന്ന് ഒരേയൊരു  ഇന്ത്യ.  ഒരേയൊരു റേഡിയോ. ഒരേയൊരു  ടാജ്മഹല്‍.  ഒരേയോര് വിവിധ് ഭാരതി. വിവിധ് ഭാരതി കേൾക്കു വിവിധ് ഭാരതി കേൾക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കു എന്നായിരുന്നു.  തിരുവനതപുരത്ത് എഫ് എം ആരംഭിച്ചപ്പോള്‍ ഞാനും പറഞ്ഞത് ഒരേ ഒരു തിരുവന്തപുരം. അവിടെ ഒരേ ഒരു എഫ്എം. അനന്തപുരി എഫ്എം എന്നാണ്. 

കമല്‍ ശര്‍മ്മ
അവതരിപ്പിച്ച ആദ്യ പരിപാടി
ഞാന്‍ അവതരിപ്പിച്ച ആദ്യ പരിപാടി ഗാനകേളിയാണ്.   ജോലിക്ക് ചേര്‍ന്നതിന്റെ അന്ന് അപ്പോള്‍ തന്നെ പൊന്നപ്പൻ പിള്ള മൈക്ക് കൈമാറിക്കൊണ്ട് അനൗൺസ് ചെയ്യൂ എന്ന് പറഞ്ഞു എന്നെക്കൊണ്ട് നിർബന്ധിച്ചു അനൗൺസ് ചെയ്യിപ്പിച്ചാണ്.ഞാൻ വിചാരിച്ചു പുതിയ ആളായതുകൊണ്ടു രണ്ടു-മൂന്നു ദിവസം കഴിഞ്ഞേ മൈക്ക് തരുഎന്ന്. അതുകഴിഞ്ഞു ശ്രദ്ധേയമായ ഒരു പരിപാടി അവതരിപ്പിച്ചത് പ്രത്യേക ഗാനോപഹാരമാണ്. അതിനു ഞാനെടുത്ത തീമെന്നുപറയുന്നതു എഴുത്തച്ഛന്റെ കിളിമകളാണ്.  കദളീവനത്തിൽ പാടുന്ന കിളിത്തത്തെ എന്ന യവനിക എന്ന ചിത്രത്തിലെ ഗാനത്തിൽ തുടങ്ങി  ശാകുന്തളത്തിലെ ശാരിക പൈതലേ ശാരിക പൈതലേ പാട്ട്, എന്നിങ്ങനെ  സിനിമയിലെ വളരെ മനോഹരമായ കിളിപ്പാട്ടുകൾ ചേർത്താണ് ഞാനാപരിപാടി അവതരിപ്പിച്ചത്.
ജോലിത്തിരക്കിനിടയിലെ കവിതയും-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും 
2013 ൽ എന്റെ പതിനഞ്ചു കവിതകളുടെ സമാഹാരമായ 'ഉറുമ്പുകള്‍' എന്ന പുസ്തകം  പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലേ പത്ത് കവിതൾക്ക് സംഗീതം നൽകി  ആറുമാസത്തിനു മുമ്പ് കാഞ്ചനകാഞ്ചി എന്ന സിഡിയിറക്കിയിരുന്നു. തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ എഴുപതു വര്‍ഷത്തെ ചരിത്രത്തിനിടയ്ക്ക്  ആദ്യമായി 'വാനമ്പാടി' എന്ന പേരില്‍ ഒരു സുവനീര്‍ പ്രസിദ്ധപ്പെടുത്തിയത് ഞാൻ ആകാശവാണി റീക്രീയേഷന്‍ ക്‌ളബ്ബ്  സെക്രട്ടറി ആയിരുന്നപ്പോഴാണ്. അതിന്റെ എഡിറ്ററം പ്രസാധകനും  ഞാനായിരുന്നു. മലയാളം ഭാഷ പരിഷത്തിന്റെ ജില്ലാ പ്രസിഡന്റായിട്ട് രണ്ടു മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ചു.  തിരുവനന്തപുരത്തെ ജയന്‍ കലാ-സാംസ്‌കാരിക വേദിയുടെ സ്ഥാപക പ്രസിഡന്റായി ഒരു വര്ഷം പ്രവര്‍ത്തിച്ചു.

ജയന്‍ കലാ-സാംസ്‌കാരിക വേദി പ്രവർത്തകർക്കൊപ്പം പ്രസിഡന്റ് കാഞ്ചിയോട് ജയൻ(2012)
പുതിയ തലമുറയ്ക്ക് ആകാശവാണിയില്‍ ശബ്ദകലാകാരനായി കടന്നുവരാന്‍ എങ്ങനെ സാധിക്കും?
കാഷ്യുല്‍ അനൗണ്‌സറുടെ പാനല്‍തയ്യാറാക്കുന്നുവെന്നറിയിച്ച്  റേഡിയോയിലൂടെ പരസ്യം കൊടുക്കും. പത്രത്തില്‍ അല്ല റേഡിയോയില്‍. കേള്‍ക്കുന്നവര്‍ക്കാണല്ലോ റേഡിയോ പരിപാടികള്‍. അതുകൊണ്ട് നമ്മള്‍ പരസ്യം കൊടുക്കൂമ്പോള്‍ പത്രത്തെ ആശ്രയിക്കാറില്ല.  ഇപ്പോള്‍ അമ്പതു വയസ്സുവരെ താല്‍പ്പര്യമുള്ളവര്‍ക്ക് കടന്നു വരുന്നതിനു ബുദ്ധിമുട്ടില്ല. അവര്‍ക്ക് ഒരു ശബ്ദ പരിശോധന ഉണ്ട്.  ശബ്ദ പരിശോധനയ്ക്ക് ക്ലിഷ്ടമായ വാക്കുകളാകും കൊടുക്കുക.  അത് തെറ്റുകൂടാതെ ഉച്ചരിക്കണം.പിന്നെ ഒരു പ്രോഗ്രാം പ്രസൻറ് ചെയ്യുന്നതിനുള്ള സ്‌കെല്‍ട്ടന്‍ കൊടുക്കും.  അത് അവതരിപ്പിച്ച് കേള്‍പ്പിക്കണം.  ഈ പരീക്ഷകളില്‍ വിജയിച്ചാല്‍ ആഗ്രഹം സാധിക്കും.
എങ്ങനെയുള്ള ശബ്ദമാണ് വേണ്ടത്?
മധുരതരമായ ശബ്ദംതന്നെ വേണം. ശബ്ദഗുണം അളക്കുന്നതിനുവേണ്ടിയാണ് ഓഡിഷന്‍ടെസ്റ്റ് .  ഈ ടെസ്റ്റിലൂടെ ഒരു വ്യക്തിയുടെ ഗുണമേന്മയെ വിലയിരുത്താന്‍ സാധിക്കും.  ഗുണമേന്മയെ വേര്‍തിരിക്കുന്നത് കേള്‍വിസുഖം മാത്രം തന്നെയാണ്.  ഒരു ശബ്ദം കേട്ടാല്‍ ഇത് പുരുഷ ശബ്ദം. സ്ത്രീശബ്ദം എന്ന് തിരിച്ചറിയാന്‍ കഴിയണം. രണ്ടിനും ഇടയ്ക്കുള്ള ഒരു ശബ്ദം സ്വീകരിക്കുന്നത് ശരിയല്ല അത് സ്വീകരിക്കുകയുമില്ല. 
ശബ്ദം സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്
ശബ്ദം സംരക്ഷിക്കാന്‍ വേണ്ടി വിരുദ്ധമായതും തണുത്തതുമായ ആഹാരങ്ങൾ ഒഴിവാക്കുക.  കഴിയുന്നതും ശബ്ദത്തെ നശിപ്പിക്കാത്ത രീതിയിലുള്ള ആഹാരരീതി ശീലിക്കുക.  പുകവലിയും മദ്യപാനവും ശരിയല്ല. പുകവലിക്കുന്നത് ശബ്ദത്തെ കടുകട്ടിയാക്കുമെങ്കിലും ആരോഗ്യപരമായി അതുപേക്ഷിക്കേണ്ടതാണ്.
ആകാശവാണിയില്‍ എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത്?
റേഡിയോയില്‍ മാറ്റങ്ങള്‍ സ്വാഭിവകമായും സംഭവിക്കണം. കുറച്ചുകൂടി അപ്‌ഡേറ്റായിട്ട് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ഒരു ടീം ആകാശവാണിയില്‍ ഉണ്ടാകണം. ആകാശവാണി അവതാരകരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട്  പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളാണ് ആകാശവാണിയില്‍ സംഭവിക്കേണ്ട മാറ്റങ്ങള്‍.  നല്ല പ്രഗത്ഭരായ അവതാരകര്‍ ആകാശവാണിയിലുണ്ട്. നല്ല കഴിവുള്ള അവതാരകർ വേറെയും ഉണ്ട് .  അവരെല്ലാവരും  ഈ ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. സ്വാതന്ത്ര്യം അധികമില്ലാത്ത അവസ്ഥയാണ് ആകാശവാണിയിലുള്ളത്.  ആ സ്വാതന്ത്ര്യം അവതാരകരെ വിശ്വാസത്തില്‍ എടുത്തുകൊണ്ടു നല്‍കുമ്പോള്‍ അവര്‍ അതിന്റേതായിട്ടുള്ള മാറ്റം കൊണ്ടുവരും . ഇപ്പോള്‍ എനിക്ക് പ്രതീക്ഷയുള്ള ഒരവതാരകന്‍ പി എ ബിജുവാണ്.  ഈ അടുത്തക്കാലത്ത് പ്രഭാതഭേരി പരിപാടിയില്‍ വളരെയേറെ മാറ്റം അദ്ദേഹത്തിന്റെ അവതരണരീതിയല്‍നിന്ന് സംഭവിച്ചിട്ടുണ്ട്.  ആകാശവാണിയിൽ വളരെനല്ല പ്രതിഭകൾ  ഇനിയും വരും. അതുകൊണ്ടു അവര്‍ക്ക് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കുറച്ചുകൂടി നൽകണമെന്നാണ് എന്റെ അഭിപ്രായം.
അനൗണ്‍സര്‍ക്ക് പ്രൊമോഷനുണ്ടോ?
അനൗണ്‍സര്‍ക്ക് പ്രൊമോഷനില്ല  അവതാരകനായി കയറി അങ്ങനെ റിട്ടയര്‍ ചെയ്യണം.  ശബ്ദത്തിനു എന്തെങ്കിലും കുഴപ്പം പറ്റിയാൽ അവരുടെ ശമ്പളം പരിരക്ഷിച്ചുകൊണ്ട് വേറെ തസ്തികയിലേക്ക് പരിഗണിക്കും.
കുടുംബം
ഭാര്യ ഷെര്‍ളി ഐ എസ് ആര്‍ ഒ  ഉദ്യോഗസ്ഥ.  രണ്ടു മക്കള്‍. മൂത്ത മകന്‍ നിതീഷ് ജയന്‍ എം എസ് സി ഇലക്ട്രോണിക്‌സ് അമ്പലത്തറ നാഷണല്‍ കോളേജിലും, മകള്‍ കാഞ്ചന ജയന്‍ ബി.ടെക്. ഒന്നാം വര്ഷം ഗവണ്‍മെന്റ് ബാര്‍ട്ടണ്‍ഹില്‍ കോളേജിലും പഠിക്കുന്നു.

ഷെര്‍ളി, കാഞ്ചന, കാഞ്ചിയോട് ജയൻ, നിധിഷ്
പുതിയ ലക്ഷ്യം
എന്റെ പ്രീയപ്പെട്ട ഒരുപാട് ശ്രോതാക്കള്‍ വിവിധ സ്ഥലങ്ങളിലുണ്ട് .  അവരുടെയൊക്കെ സഹകരണത്തോടു കോടി കാഞ്ചീരവം  കലാവേദി ചാരിറ്റബിൾ സൊസൈറ്റി തിരുവനതപുരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കൂട്ടായ്മ ആകാശവാണി  ശ്രോതാക്കളുടെ ഒരു മാസിക കാഞ്ചീരവം  എന്ന പേരില്‍  പ്രസിദ്ധീകരിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഭാവിജീവിതത്തില്‍ സഹകരിക്കണമെന്നാണ് എന്റെ ആഗ്രഹം.

ഇരുപത്തേഴു വർഷമായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന കാഞ്ചീരവം ആകാശവാണിയിൽ കേൾക്കാൻ കഴിയുക ഇനി അഞ്ചുവർഷം കൂടി.   32  വർഷത്തെ സേവനം മതിയാക്കി 2൦22 ൽ അവതാരക ഉദ്യമത്തിൽ നിന്ന്  വിരമിക്കുന്നതുകൊണ്ടാണ്.  പക്ഷെ കാഞ്ചീരവം എന്നും നിലനിൽക്കും ആകാശവാണി ശ്രോതാക്കളുടെ മാസിക രൂപത്തിൽ.  ആ മാധ്യമത്തിലൂടെ കാഞ്ചിയോട് തന്റെ പ്രീയ ശ്രോതാക്കളിമായി തുടർന്നും സംവദിക്കും.  നീണ്ട അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനത്തിനു കുറച്ചുകൂടി സ്വാതന്ത്ര്യം വേണമെന്ന ഈ അവതാരകന്റെ അഭ്യർത്ഥന വരും തലമുറയിലെ അവതരക്കാർക്ക് ഗുണകരമായി ഭവിക്കാട്ടെ എന്ന് ആശിക്കാം.


Views: 4276
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024