തനതു
നാടകവേദിയുടെ സ്രഷ്ടാവ് കാവാലം നാരായണ പണിക്കര്‍ അരങ്ങൊഴിഞ്ഞിട്ട് ഒരു
മാസം പിന്നിട്ടിരിക്കുന്നു. അദ്ദേഹം രൂപം കൊടുത്ത സോപാനവും അവിടെ
പിറവിയെടുത്ത നാടകവും നിലകൊള്ളുന്ന കാലത്തോളം ആ സകലകലാവല്ലഭന് മരണമില്ല.
നാടകം അറിയില്ലെന്ന് പറഞ്ഞു അടുക്കലെത്തിയവരെ മനസ്സുകൊണ്ട് സ്വീകരിച്ചു
നടനാക്കിയ മഹാഗുരുവാണദ്ദേഹം . അതിനൊരു ഉത്തമോദാഹരണമാണ് വി ഗിരീശൻ എന്ന
ഗിരീഷ് സോപാനം. കാവാലം നാടകങ്ങളെക്കുറിച്ചറിയാതെ അഭിരുചിയുടെ മാത്രം
പിന്‍ബലത്തില്‍ അദ്ദേഹത്തെ കാണാന്‍ പോയ ഗിരിശന് സോപാനത്തിനായി 33
വര്ഷത്തിനിടയ്ക്കു പകര്‍ന്നാടേണ്ടി വന്നത് വ്യത്യസ്തങ്ങളായ വേഷങ്ങള്‍.
സോപാനം ദേശീയ-അന്തര്‍ദേശിയ വേദികളില്‍ കാഴ്ചവച്ച കര്‍ണഭാരത്തിലെ കര്‍ണന്‍,
ശാകുന്തളത്തിലെ വിദൂഷകന്‍-ദുഷ്യന്തന്‍, കലിവേഷത്തിലെ നടന്‍,
കരിങ്കുട്ടിയിലെ കരിങ്കുട്ടി, ഊരുഭംഗത്തിലെ ദുര്യോധനന്‍, പ്രതിമയിലെ
ദശരഥന്‍ തുടങ്ങിയ വ്യസ്തങ്ങളായ വേഷങ്ങള്‍ അവയില്‍ ചിലതു മാത്രം. അത്തരം
വേഷങ്ങള്‍ ചെയ്യാന്‍ തന്നെ പ്രാപ്തനാക്കുകയും കൂടെ നില്‍ക്കുമ്പോള്‍
ചെറുതായിക്കാണാതെ എപ്പോഴും ഒപ്പം ചേര്‍ത്തുനിര്‍ത്താനാഗ്രഹിച്ച പ്രിയ
ഗുരുവിനൊപ്പമുള്ള സോപാന ജീവിതാനുഭവം ശിഷ്യന്‍ ഗിരിഷ് സോപാനം അയ്യോ!യോട്
പങ്കുവയ്ക്കുന്നു.
കാവാലത്തിനും അദ്ദേഹത്തിന്റെ സഹധർമിണി ശാരദാമണിക്കും ഒപ്പം മധ്യമ വ്യായോഗത്തിലെ ഘടോൽകചനായി ഗിരീഷ് സോപാനം
മുമ്പ്
ശാകുന്തളം ചെയ്യുമ്പോള്‍ കാവാലത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയും
ഇപ്പോള്‍ മഞ്ജു വാര്യര്‍ ശകുന്തളയായ ശാകുന്തളത്തില്‍ അദ്ദേഹത്തിന്റെ
സാന്നിദ്ധ്യം ഇല്ലാതെയിരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ ഒരു മാനസികാവസ്ഥ
എന്തായിരുന്നു?
സാറിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് മഞ്ജു
വാരിയറെ വയ്ച്ചു ശാകുന്തളം പൂര്‍ത്തിയാക്കിയതും അവതരണ തീയതി കുറിച്ചതും.
അരങ്ങില്‍ എത്തിയത് സാറിന്റെ മരണ ശേഷമാണെന്ന് മാത്രം. സാറിന്റെ സാന്നിധ്യം
ഇല്ലാതിരുന്നിട്ടും എനര്‍ജി കൂടിയതല്ലാതെ കുറഞ്ഞില്ലെന്നും സാറിന്റെ ആത്മ
സാന്നിദ്ധ്യമുണ്ടല്ലോ അത് കൊണ്ട് ഒന്നും ഒട്ടും കുറയ്ക്കാന്‍ പാടില്ല
എന്ന ഒരു തോന്നല്‍ നിങ്ങളില്‍ ഉള്ളത് കൊണ്ടായിരിക്കാം നാടകം
മികച്ചതായതെന്ന് കണ്ടവര്‍ പറഞ്ഞു..
ഗിരീഷ് സോപാനം ഊരുഭംഗത്തിലെ ദുര്യോധനനായി മുമ്പുള്ള ശാകുന്തളവും ഇപ്പോഴത്തെയും തമ്മിലുള്ള വ്യത്യാസങ്ങള്മുമ്പ്
ശാകുന്തളം തുടങ്ങമ്പോള്‍ യാ സൃഷ്ടിയെന്ന നാന്ദി ശ്ലോകം പറഞ്ഞു
കൊണ്ടായിരുന്നു തുടങ്ങുന്നത് . ഇപ്പോള്‍ അതിനു പകരം ഒരു മാനിനെ സിംഹം
വേട്ടയാടുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എങ്ങനെയാണോ വന്യമൃഗം
മാന്‍പേടയെ വേട്ടയാടുന്നത് അതുപോലെ തന്നെ ദുഷ്യന്തന്‍ പെണ്‍വേട്ട നടത്തി
എന്നുള്ളതിന്റെ ഒരു സിംബോളിക് ദൃശ്യം.
രണ്ടാമതായി ദുഷ്യന്തന്‍
തന്നെ വണ്ടുകളെ സൃഷ്ടിക്കുന്നതായിട്ടാണ് ഇപ്പോള്‍ കാണിക്കുന്നത്.
ശകുന്തളയെകണ്ടപ്പോള്‍ ദുഷ്യന്തനില്‍ ഉണ്ടായ കാമവികാരമാണ് വണ്ടിന്റെ
രൂപത്തില്‍ സമീപിക്കുന്നതെന്നു അര്ഥമാക്കുന്നു. മുമ്പ് ശകുന്തളയെ വണ്ട്
ആക്രമിക്കുമ്പോഴാണ് ദുഷ്യന്തന്‍ ചാടി വീഴുന്നത്
ശാകുന്തളത്തിലെ ദുഷ്യന്തനായി ഗിരീഷ് സോപാനവും ശകുന്തളയായി മഞ്ജു വാര്യരും മറ്റൊന്ന്,
ശകുന്തളയെ ഇപ്പോള്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത് ഒരു പുഷ്പം ആയിട്ടാണ്.
മൊട്ട് വിരിഞ്ഞു പൂവാകുകയും അത് ശകുന്തളയായി മാറുന്നു ദൃശ്യം. ശകുന്തള
തോഴിമാരുമായി ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതാണ് മുമ്പ്
കാണിച്ചിരുന്നത്. അതില്‍ പറയുന്നു ശ്ലോകം അനാഘാത കുസുമം ടെക്സ്റ്റില്‍
അഞ്ചാമത്തേയോ-ആറാമത്തേയോ അംഗത്തിലുള്ള ശ്ലോകമാണ്. അത് എടുത്ത് ആദ്യമേ
ഉപോയോഗിച്ചു. ആരും തൊട്ടിട്ടില്ലാത്ത പുഷ്പം എന്നാണ് അര്‍ഥം. ഇതുപോലെ ഓരോ
പ്രൊഡക്ഷന്‍ കഴിയുമ്പോഴും ഓരോ മാറ്റങ്ങള്‍ സാര്‍ കൊണ്ടുവരും. എന്റെ
ആദ്യ ശാകുന്തളത്തില്‍ എനിക്ക് വിദൂഷകന്റെ വേഷമാമായിരുന്നു.
ഒരു പ്രൊഡക്ഷനോടുകൂടി മതിയാക്കിയ നാടകങ്ങള്‍ ഉണ്ടോ?സുന്ദരിച്ചെല്ലമ്മയുടെ
ജീവിതം നാടകമാക്കി 80 കളില്‍ സാര്‍ എഴുതിയ കോയ്മ. ആ നാടകം പയ്യന്നൂരിലെ
ഒറ്റ സ്റ്റേജ് മാത്രമേ കളിച്ചിട്ടുള്ളു. പിന്നീട് എന്തുകൊണ്ടോ അത്
തുടര്‍ന്ന് ചെയ്യാന്‍ പറ്റിയിട്ടില്ല. ഈ അടുത്ത് നാട്യഗൃഹം അവതരിപ്പിച്ച
നരേന്ദ്ര പ്രസാദിന്റ നാടകം റാണി അമ്മച്ചിയും അവരുടെ കഥതന്നെയാണ്.
ഗിരീഷ് സോപാനം ഭഗവദജ്ജുകത്തിലെ ഗുരുവായി അത്
പോലെ തന്നെ സാറിന്റെ തിരുമുടിയും. അത് ഭാരത് ഗോപി ചേട്ടനാണ് സംവിധാനം
ചെയ്തത്. അദ്ദേഹത്തിന്റെ രോഗം ഭേദമായ ശേഷം സംവിധാനം ചെയ്ത നാടകമാണത്.
ഒരു നാടകം സംവിധാനം ചെയ്യണമെന്ന ആഗ്രഹം സോപാനത്തില്‍ വന്നു സാറിനോട്
പറയുകയും തിരുമുടി ഇഷ്ടപ്പെട്ടപ്പോള്‍ ചെയ്യുകയുമായിരുന്നു. അതിലെ
പ്രധാന വേഷം ചിരുണ്ടൻ ചെയ്തത് ഞാനാണ്. ശാസ്തമംഗലത്ത് കുളത്തൂര്‍
ഭാസ്‌കരന്‍ നായരുടെ വീടിനോടു ചേര്‍ന്നുള്ള ഓപ്പണ്‍ സ്‌പേസില്‍ ആണ് ഈ നാടകം
ആദ്യം കളിച്ചത്. പന്തങ്ങളുടെ പ്രകാശം മാത്രമാണ് ആ നാടകത്തില്‍
ഉപയോഗിച്ചിട്ടുള്ളത്. നല്ല പ്രൊഡക്ഷനാണെന്ന് എല്ലാവരും പറഞ്ഞ നാടകം
മറ്റൊരിടത്തും പിന്നെ കളിച്ചിട്ടില്ല. സാറിനോട് പറയുമ്പോള്‍, തിരുമുടി
ഗോപി ചെയ്തതല്ലേ ഗോപി തന്നെ ചെയ്യട്ടെ എന്ന് പറയും. അങ്ങനെ പറഞ്ഞു
പറഞ്ഞു അവസാനം അത് ഗോപിച്ചേട്ടന്റെ ഒന്നായി മാറുകയും, ആ നല്ല നാടകം
ഒറ്റ പ്രൊഡക്ഷനോടെ നിര്‍ത്തേണ്ടിവരികയും ചെയ്തു.
സോപാനത്തില്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?മരിച്ചുപോയ
നടന്‍ ജഗന്നാഥന്‍ സാറാണ് അതിനു കാരണക്കാരന്‍. ഞാനന്ന് ബികോം
വിദ്യാര്‍ത്ഥിയാണ്. കാവാലം സാറിനെക്കുറിച്ചോ അദ്ദേഹത്തിന്റെ നാടകമോ
കണ്ടിട്ടില്ലാത്ത എന്നെ താല്പര്യത്തിന്റെ പേരില്‍ മാത്രം കാവാലം സാറിന്റെ
അരുകില്‍ എത്തിച്ചുതു അദ്ദേഹമാണ്. 1983 ല്‍ കാവാലം സാര്‍ ശാകുന്തളത്തില്‍
പുതിയ ഒരു ദുഷ്യന്തനെ ആവശ്യമുണ്ടെന്ന് ജഗന്നാഥന്‍ സാറിനോട് പറഞ്ഞിരുന്നു.
അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം പലപ്പോഴും കണ്ടിട്ടുള്ള എന്നോട്
പറഞ്ഞു. തുടർന്ന് എനിക്ക് താല്പര്യം ഉണ്ടെന്ന് മനസ്സിലാക്കി ഹസ്സന്‍
മരിക്കാര്‍ ഹാളില്‍ നാടകം കാണാന്‍ വന്ന കാവാലം സാറിന് ജഗന്നാഥന്‍ സാർ
എന്നെ പരിചയപ്പെടുത്തി . ആദ്യ കാഴ്ചയില്‍ എന്നെ കണ്ട കാവാലം സാര്‍
വീട്ടില്‍ വരാന്‍ പറഞ്ഞു. അടുത്ത ദിവസം കാവാലം സാര്‍ വാടകയ്ക്ക്
താമസിച്ചിരുന്ന പൈപ്പുംമൂട്ടിലുള്ള വസന്തത്തില്‍ പോയി സാറിനെ കണ്ടു.
ശാകുന്തളത്തിലെ ആദ്യ ശ്ലോകം എന്നെ കൊണ്ട് ചൊല്ലിച്ച സാര്‍, അന്ന് വീടിന്റെ
പിന്‍ ഭാഗത്തെ തുറന്ന സ്ഥലത്ത് നടന്ന കരിങ്കുട്ടി നാടക റിഹേഴ്‌സലില്‍
ചാത്തപ്പടയുടെ പുറകിലത്തെ ഒരാളായി നിര്‍ത്തുകയും ചെയ്തു. ആ തുടക്കമാണ് 33
വര്‍ഷമായി സോപാനത്തിനൊപ്പം എന്നെ നിലനിര്‍ത്തുന്നത്.
സോപാനം കളരിയിലെ ശാകുന്തളം റിഹേഴ്സൽകാവാലം നാടകങ്ങളുടെ പ്രധാന പ്രത്യേകതഭാഷയ്ക്കു അതീതമായി ദൃശ്യത്തിനാണു
സാര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ഭാഷയറിയാത്ത ഏതൊരാള്‍ക്കും
ദൃശ്യത്തിലൂടെ നാടകം മനസ്സിലാക്കാന്‍ കഴിയണം എന്ന ഒരു കാഴ്ചപ്പാടോടെയാണ്
ചെയ്യുന്നത്. അതുകൊണ്ടു ശരീര ചലങ്ങള്‍ക്കു വളരെയധികം പ്രാധാന്യം
നല്‍കാറുണ്ട്. ലോകത്തിലുള്ള ആര്‍ക്കും സാറിന്റെ നാടകം ആസ്വദിക്കാം. ഒരു
വേള്‍ഡ് തീയേറ്റര്‍ ശൈലിയാണദ്ദേഹത്തിന്റേത്.
മറ്റുള്ളവരില്‍ നിന്നും കാവാലത്തെ വ്യത്യസ്തനാക്കുന്ന പ്രധാന സ്വാഭാവ സവിശേഷത എന്തായിരുന്നുസാര്
വളരെ സിംപിളാണ്. കൂടെ നില്‍ക്കുന്നവരെ ചെറുതായി കാണില്ല. സാര്‍ ഒരു
പരിപാടിക്ക് പോയാല്‍ നമ്മളിൽ ആരെയെങ്കിലും കൂടെ കൊണ്ടുപോകും.
തിരക്കിനിടയിലും കൂടെ പോകുന്നവരെ പരിചയപ്പെടുത്തും. അവിടെ സാറിനു കിട്ടുന്ന
ബഹുമാനം കൂടെ നില്‍ക്കുന്നവര്‍ക്കും വാങ്ങിത്തരുവാന്‍ ശ്രദ്ധിക്കും.
വേദിയില്‍ സാറിനൊപ്പം ഇരുത്താന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. ഒരിക്കല്‍
എന്നെ അങ്ങനെ ഇരുത്തിയിട്ടുണ്ട്. സാറിന്റെ വീട്ടില്‍ ചെന്നാലും നമ്മള്‍
എത്ര നേരം സാറിന്റെ അടുത്തിരുന്നാലും വളരെ സന്തോഷമാണ്. വന്നിട്ട് നേരം
ഒരുപാടായില്ലേ പറഞ്ഞു വിടാം എന്ന ചിന്തയില്ല. പോയിട്ട് അത്യാവശ്യം ഉണ്ടോ
എങ്കില്‍ പോയിട്ടു വന്നോളൂ. ഇല്ലെങ്കില്‍ ഇരിക്ക് ആഹാരം ഇവിടുന്നു
കഴിക്കാം എന്നേ പറയു. നമ്മള്‍ നേരത്തെ വന്നാല്‍ സാറിനു എന്ത്
സന്തോഷമാണെന്നോ. അപ്പോള്‍ ഭാര്യയെ വിളിക്കും. ശാരദാമണീ ചായ എടുക്കു,
ഗിരീഷ് വന്നൂട്ടോ. എന്നിട്ട് നാടകത്തെക്കുറിച്ചു മാത്രം ചര്‍ച്ച
ചെയ്യും. അത് എത്ര പറഞ്ഞാലും മതിയാവില്ല. നമ്മളെ കാണുമ്പോള്‍ പറയും
ഞാന്‍ സ്‌ക്രിപ്ട് എഴുതുന്നുണ്ട് കേട്ടോ എന്ന്. ഫോണ്‍ ചെയ്യുമ്പോള്‍
ചോദിക്കും എഴുതിയത് ഒന്ന് വായിച്ചു കേള്‍പ്പിക്കട്ടേ? എന്നിട്ട് ഫോണില്‍
കൂടി എഴുതിയത് മുഴുവന്‍ വായിച്ചു കേള്‍പ്പിക്കും. ഇതാണ് അദ്ദേഹത്തിന്റെ
ആവേശം. കൂടെ നില്‍ക്കുന്നവരോട് ഇത്രയധികം ലാളിത്യമനോഭാവം വച്ചു
പുലർത്തുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല.
ഒരു മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന കാവാലവും, ഗിരീഷ് സോപാനവും സോപാനത്തില്‍ അഭിനയ താല്പര്യവുമായി വരുന്ന ഒരാള്‍ക്ക് വേണ്ട യോഗ്യതകള്സോപാനത്തില്
ആര് വന്നാലും ആദ്യം ഇവിടെ ഇരുന്ന് എന്താനടക്കുന്നതെന്ന് കണ്ടു
ഒന്നിണങ്ങി വരൂ നമുക്ക് പറ്റുമോയെന്നു നോക്കാം എന്ന് പറയുകയല്ലാതെ
കഴിവില്ലെന്നു പറഞ്ഞു ആരെയും സാര്‍ തിരിച്ചയച്ചിട്ടില്ല . അങ്ങനെ
പറയുമ്പോള്‍ ചില ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ ചെയ്യണോ എന്ന് ചിന്തിച്ചു ആ
വഴിക്കു പോലും പിന്നെ വരില്ല. ഒരാള്‍ പോകാതിരുന്നാല്‍ സാര്‍ മനസ്സിലാക്കും
പെട്ടെന്നൊന്നും പോകുന്ന ആളല്ല ശ്രമിക്കാന്‍ തയ്യാറായി വന്നയാളെണെന്ന്.
അപ്പോള്‍ അയാളോട് പറയും. ഇത് ഫിസിക്കല്‍ തീയേറ്റര്‍ ആണ്. ശാരീരികമായി
ഒരുപാട് അധ്വാനം ചെയ്യേണ്ടിവരും. അതുകൊണ്ടു കുറഞ്ഞത് ആറ് മാസമെങ്കിലും
കളരി അഭ്യസിക്കണമെന്ന്. ഞാൻ രണ്ടു കൊല്ലം കളരി അഭ്യസിച്ചു. കളരി
അഭ്യസിച്ചു വരുന്ന ആള്‍ക്ക് സംഗീത ജ്ഞാനം ഉണ്ടായിരിക്കണം
ഇല്ലാത്തയാള്‍ക്ക് സോപാനത്തിലെ സംഗീതജ്ഞന്റെ കീഴില്‍ സമയം കണ്ടെത്തി
മറ്റുള്ളവര്‍ക്കൊപ്പം ഇരുന്നു പഠിക്കാം. തുടര്‍ന്ന് നാടകത്തിന്റെ
റിഹേഴ്‌സല്‍ സമയത്തു ചില ചുവടുകള്‍ പരിശീലിക്കുമ്പോള്‍ പുതിയ ആളെക്കൂടി
ഇതിന്റെ ഭാഗമാക്കും. അങ്ങനെ അയാള്‍ പതിയെ പതിയെ നാടകത്തിന്റെ ഭാഗമാകും.
അടുത്ത ഒരു സ്റ്റേജ് കിട്ടുമ്പോള്‍ ഒരാളുടെ കുറവുണ്ടെങ്കില്‍ ആ ഒഴിവില്‍
അയാളെ ഉള്‍പ്പെടുത്തും. അയാള്‍ കൊള്ളാമെന്നു തോന്നിയാല്‍ ഒരു കഥാപാത്രത്തെ
നല്‍കും. ഒരാളുടെ കഴിവില്ലായ്മയില്‍ നിന്ന് കഴിവുറ്റ ഒരാളായി
വാര്‍ത്തെടുക്കാനെ സാര്‍ ശ്രമിച്ചിട്ടുള്ളു. ക്ഷമാശീലം നല്ലതുപോലെ
ഉള്ളവര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനും സാധിക്കു.
കർണഭാരത്തിൽ കർണനായി ഗിരീഷ് സോപാനം സിനിമ-സീരിയല്‍ അഭിനയത്തിന് ശ്രമം നടത്തിയിട്ടില്ലേസീരിയലിലേക്ക്
പലരും വിളിച്ചിരുന്നു ഇവിടുത്തെ ജോലി കാരണം എനിക്ക് പോകാന്‍
കഴിഞ്ഞിട്ടില്ല. എന്റെ ഭാഗത്തു നിന്ന് അതിനു വേണ്ടി ഒരു ശ്രമവും
ഉണ്ടായിട്ടില്ല. എങ്കിലും രണ്ടു.മൂന്നു ഷോര്‍ട്ട് ഫിലിമുകളില്‍
അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമ മാണിക്യ തമ്പുരാട്ടിയില്‍
വെളിച്ചപ്പാടിന്റെ വേഷം ചെയ്തു. കഴിഞ്ഞ വര്ഷം ഗ്രാന്റ് വരാന്‍
വൈകിയതിനാല്‍ പുറത്തുള്ള അവസരം വിട്ടുകളയേണ്ടേന്നു സാര്‍ പറഞ്ഞാണ്
സമസ്യപൂരണത്തിൽ ഗിരീഷ് സോപാനം സമസ്യപൂരണം,രാത്രിഞ്ചരന്‍
വൈലോപ്പിള്ളിയുടെ മാമ്പഴം തുടങ്ങി പുറത്തുള്ള നാലഞ്ചു നാടകങ്ങളില്‍
അഭിനയിച്ചത്. ഇനി പഴയതുപോലെ സ്ട്രിക്ട് ആകാന്‍ കഴിയില്ല. അതുകൊണ്ടു
സോപാനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരാത്ത രീതിയില്‍
സ്റ്റേജ്-സിനിമ-സീരിയല്‍ രംഗത്തു നിന്ന് വരുന്ന ഏതവസരവും സ്വീകരിക്കും.
അംഗീകാരങ്ങള്‍ 2011
ലെ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. 2015 ലെ
സംഗീത നാടക അക്കാദമി അവാര്‍ഡ്. പ്രഥമ ഭരത് ഗോപി ഭാരതീയ കലാപീഠം
അവാര്‍ഡ്. എന്നിവ ലഭിച്ചിട്ടുണ്ട്.
ഉസ്താദ് അംജത്തലി ഖാനിൽ നിന്ന് ഗിരീഷ് സോപാനം സംഗീത നാടക അക്കാദമി അവാർഡ് സ്വീകരിക്കുന്നുകുടുംബം-താമസം വീട്ടമ്മയായ
ഭാര്യ കവിത, പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മകൾ ദേവയാനി എന്നിവർ
അടങ്ങുന്ന കുടുംബത്തോടൊപ്പം പേയാടിനടുത്ത് കരിപ്പൂര് താമസിക്കുന്നു .
ദേവയാനി, ഗിരീഷ് സോപാനം, കവിത
സോപാനത്തിൽ
നാടകം പരിശീലിച്ചാൽ തന്നെ വലിയ യോഗ്യത എന്നിരിക്കെ അവിടെ മൂന്നു
പതിറ്റാണ്ടിലധികം പരിശീലിച്ചു നിരവധി വ്യത്യസ്ത വേഷങ്ങൾ പകർന്നാടിയ ഗിരിഷ്
സോപാനം പുതിയ അവസരങ്ങൾക്കായി കാതോർത്തിരിക്കുകയാണ്. ആരോടും അവസരങ്ങൾ
ചോദിച്ചു പോകാത്ത ഗിരീഷിന്റെ അഭിനയ പാടവത്തിനു അംഗീകാരമായി മറ്റു സ്റ്റേജ് -
ദൃശ്യ മേഖലകളിൽ നിന്ന് ധാരാളം അവസരങ്ങൾ കൈവരട്ടേ എന്ന് ആശംസിക്കുന്നു.