Mobirise Website Builder v4.9.3
TALKS25/07/2015

നാടകത്തിൽ പേരെടുക്കേണ്ട സിനിമയിൽ പേരെടുത്താൽ മതി::രെജുപിള്ള

SUNIL KUMAR
മലയാളത്തിനു സ്ഥിരം നാടകവേദി സമ്മാനിച്ച കലാനിലയം കൃഷ്ണൻനായരുടെ മകളു(ദുര്ഗ)ടെ മകനും സൂര്യ കൃഷ്ണമൂര്ത്തിയുടെ ശിക്ഷണവും ലഭിച്ച എംഫിൽ കാരനായ രെജുപിള്ള നാടകത്തിൽ നിന്നകലുകയാണ്. ആദ്യ ചുവടു വയ്പായി സൂര്യ തീയറ്റർ ഗ്രൂപ്പിനോട് വിടപറഞ്ഞ യുവാവ് സിനിമയിൽ ചുവടുറപ്പിക്കുകയാണ്.   ഇക്കഴിഞ്ഞ അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്ട്ട് ഫിലിം മേളയിൽ രെജു സംവിധാന സഹായിയായി പ്രർത്തിച്ച The  Ruffian  ഷോര്ട്ട് ഫിലിം  ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

സഹകരിച്ച ചിത്രം മേളയിൽ കാണിക്കുന്നതിന്റെ സന്തോഷത്തിലായിരുന്ന രെജുവിന്റെ മനസ്സിലെ നാടക-സിനിമ മോഹങ്ങളറിയാൻ മേളയുടെ പശ്ചാതലത്തിൽ അയ്യോ! നടത്തിയ ശ്രമം.

സൂര്യ തീയറ്റർ ഗ്രൂപ്പ് വിടാനുള്ള  കാരണം?  

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ഞാൻ  സ്വമേധയ സൂര്യ വിട്ടതാണ്. സിനിമ സംവിധാനായി അറിയപ്പെടുക എന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറുന്നതിനു വേണ്ടിയാണ്  ആറുവര്‍ഷം  സ്ഥിരം അഭിനേതാവയിരുന ഞാന്‍ 2014 ല്‍ സൂര്യ തീയറ്റർ ഗ്രൂപ്പ് വിട്ടത്, മാത്രവുമല്ല ഒരു സ്റ്റേജ് ആർട്ടിസ്റ്റായി പേരെടുക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല.   സൂര്യയില്‍ വരുന്നതിനു മുന്‍പ് മൂന്നുവര്ഷം  സിനിമ-പരസ്യചിത്ര രംഗത്ത്  സംവിധാന സഹായി ആയി  പ്രവര്ത്തിച്ചിരുന്നു. 

നാടകത്തിനോട് ഒട്ടും താൽപ്പര്യം ഇല്ലന്നാണോ?

അങ്ങനെയല്ല, എന്റെ രക്തത്തില്‍ നാടകമുണ്ട്.  വലിയ ഒരു നാടക പാരമ്പര്യവും എനിക്കുണ്ട്.  അതിനാല്‍  നാടകം എന്നില്‍ നിന്നകലില്ല. പിന്നെ, എല്ലാ വ്യക്തിക്കും അവര്‍ എന്തായി തീരണമെന്ന ഒരാഗ്രഹം  ഉണ്ടാകുമല്ലോ.  ഞാനിപ്പോള്‍ ആ ആഗ്രഹ പൂര്ത്തികരണ വഴിയില്‍ ആണെന്നുമാത്രം.

സിനിമയില്‍ നിന്നാണ് നാടരംഗത്ത് വന്നുവെന്ന് പറഞ്ഞല്ലോ അതെങ്ങനെയാണ്?

2006 മുതല്‍ മൂന്ന് വര്ഷക്കാലം ദിലീപ് ബി കെ,ഷെബി ചാവക്കാട്,രാകേഷ് ഗോപന്‍,ശ്രീജി നായര്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം പരസ്യചിത്ര നിര്‍മാണരംഗത്ത് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് പോസിറ്റീവ് ഫ്രെയിംസ് എന്ന സ്റ്റുഡിയോ ആയിരിന്നു ഞങ്ങളുടെ തട്ടകം. ഷിജിനാഥ്, മഹേഷ് നാരായണ്‍, നാടകപ്രവര്ത്തകനായ അമല്‍രാജ്,എന്നിവര് ചേര്‍ന്ന് തുടങ്ങിയതാണ് ആ സ്റ്റുഡിയോ.   അന്നുമുതൽക്ക്  തന്നെ എന്നില്‍ ഒരു നല്ല നടന്‍ ഉണ്ടെന്നു ഷിജി പറയുമായിരുന്നു. പിൽക്കാലത്ത് സ്റ്റുഡിയോ നില്ക്കുകയും  2008 ആയപ്പോഴേക്കും ഷിജി ചലച്ചിത്ര അക്കാദമിയില്‍ ഉദ്യോഗസ്ഥനാവുകയും,മഹേഷ് രാത്രിമഴയിലൂടെ സ്വതന്ത്ര സംവിധായകന്‍ ആവുകയും ചെയ്തപ്പോള്‍ ഞാന്‍ പ്ലസ് ടു  സിനിമയുടെ സംവിധാന സഹായി ആയി. ഈ സമയത്താണ് ഷിജി എന്നോട് സൂര്യ കൃഷ്ണമൂര്ത്തിയുടെ സൂര്യ തീയറ്റർ ഗ്രൂപ്പിൽ ഒരു സ്ഥിരം നടന്റെ ഒഴിവുണ്ടെന്നും  തീയറ്റര്‍ പരിചയം സിനിമയ്ക്കു ഗുണകരമായി  തീരുമെന്നും  പറഞ്ഞു. അങ്ങനെ ഞാന്‍ സൂര്യ തീയറ്റർ ഗ്രൂപ്പിൽ ചേരുകയും  പ്രര്ത്തിക്കുകയും  ചെയ്തത്‌. അവിടെ പ്രവര്‍ത്തിച്ചിരുന്നപ്പോഴും സുഹൃത്തുക്കളുടെ സിനിമ-പരസ്യ  പ്രോജെക്ട്കളുടെ ചർച്ചയിൽ  ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍  ദിലീപ്   കൊച്ചി ആസ്ഥാനമാക്കി ആഡ് ഫിലിമുകൾ ചെയ്യുന്നു. ഷെബി ടൂറിസ്റ്റ്‌ഹോം, രാകേഷ് ഗോപാന്‍ 100 ഡിഗ്രീ സെലഷ്യസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകരുമായി.

വാച്ച് വീഡിയോ ക്ലിക്ക് ചെയ്‌താൽ രെജു പിള്ള സുഹൃത്തുക്കളായ ദിലീപ്(താടി)ഷിജിനാഥ്(വരയൻ  ടി-ഷർട്ട്)എന്നിവരോട് സൗഹൃദം പങ്കിടുന്ന ദൃശ്യം കാണാം

സൂര്യ തീയറ്റർ ഗ്രൂപ്പിനോട് യാത്ര പറഞ്ഞിറങ്ങിയിട്ട് എന്തൊക്കെയാണ്  ചെയ്തത്?

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ ഒരു ഡിപ്ലോമ സിനിമയുടെ സംവിധാന സഹായിയായി പ്രവര്ത്തിച്ചു.  ഒരു ഷോര്ട്ട് ഫിലിമില്‍ അഭിനയിച്ചു.  തിരുവനന്തപുരത്തെ കളിത്തട്ട് എന്ന അമച്വര്‍ നാടക സമിതിയുടെ നാടകത്തില്‍ അഭിനയിച്ചു.  ഇപ്പോള്‍ മണക്കാട് ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാടകവീട് എന്ന നാടകത്തില്‍ അഭിനയിക്കുന്നുണ്ട് അതിന്റെ  റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാള നാടക ചരിത്രത്തിലൂടെ ഇന്നത്തെ നാടകത്തിന്റെ അവസ്ഥയാണ് നാടകവീടിലൂടെ ബഷീര്‍ സ്‌റ്റേജില്‍ എത്തിക്കുന്നത്.

സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?

സിനിമ അഭിനയം എന്റെ ചിന്തയിലെ ഇല്ലാത്ത കാര്യമാണ്.  അതിനു വേണ്ടി ഒരു   ശ്രമവും  ഞാന്‍ നടത്തിയിട്ടില്ല.  നടത്തുകയുമില്ല. ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നതിനെക്കാളും പിന്നില്‍ നില്ക്കാനാണ് താല്പര്യം.  ചോദ്യം അഭിനയിച്ചിട്ടുണ്ടോ എന്നായതുകൊണ്ട് ഒന്ന് രണ്ടു ചിത്രങ്ങളില്‍ മുഖം കാട്ടിയിട്ടൊണ്ടെന്നു പറയാം.

നാടകം സംവിധാനം ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ .....

നാടകം സംവിധാനം ചെയ്യില്ല. പകരം അവസരം കിട്ടുകയാണെങ്കില്‍ സിനിമ സംവിധാനം ചെയ്യും.  നാടകം സംവിധാനം ചെയ്യാന്‍ ഞാന്‍ വളര്ന്നിട്ടില്ല.  ഇനി ഒരുപാട് നാടകത്തിനെക്കുറിച്ചു പഠിക്കാനുണ്ട്.  വളരെ വെല്ലുവിളിനിറഞ്ഞതും വലിയ   ഉത്തരവാദിത്വം ആവിശ്യമുള്ള മേഖലയാണ് നാടകസംവിധാനം.

സ്വതന്ത്ര സംവിധാന സിനിമ ഉടന്‍ പ്രതിക്ഷിക്കാമോ? 

ഞാന്‍ രണ്ടു സ്‌ക്രിപ്റ്റ് പൂര്ത്തിയാക്കി വച്ചിട്ടുണ്ട്, അത് സിനിമയാക്കാന്‍ വേണ്ടി പലരുമായും ചര്ച്ച ചെയ്യുന്നുണ്ട്.  എല്ലാം ഒത്തുവരുകയാണെങ്കില്‍ ഉടന്‍ പ്രതീക്ഷിക്കാം.

കലാനിലയം നാടകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കലാലയം സ്ഥിരം നാടകവേദിക്ക് ഇപ്പോള്‍ താത്കാലികമായി  തിരശ്ശീല വീണിരിക്കുകയാണ്. പകരം കലാലയം സ്‌റ്റേജ് ക്രാഫ്‌റ്റെന്ന പേരില്‍ ആധുനിക  ഡിജിറ്റല്‍ സാങ്കേതിക വിദ്യ കോര്‍ത്തിണക്കി ഹാളില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചുവരുന്നു.  രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകമാണ്.  സിനിമ-സീരിയല്‍ നടി ശ്രീലക്ഷ്മിയാണ് ഹിഡിംബിയെ അവതരിപ്പിക്കുന്നത്.

പാര്‍ട്ണര്‍ ആയിരുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ അപകടമാണോ  കലാനിലയം സ്ഥിരം  നാടകവേദി താത്കാലികമായി  നിര്‍ത്തുവാന്‍ കാരണം?

അതും ഒരു കാരണമാണ്. മുത്തച്ഛന്റെ മകന്‍ അനന്തപത്മനാഭനും  ജഗതി ശ്രീകുമാറും കൂടി ചേര്ന്നാണ് കലാനിലയം  നടത്തിക്കൊണ്ടിരുന്നത്.  അഭിനേതാക്കള്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‌പ്പെടെ നൂറില്‍പ്പരം ആള്‍ക്കാരും ഭൃഹത്തായ സെറ്റും ഉള്ള സ്ഥിരം നാടകവേദി  നടത്തിക്കൊണ്ടുപോകാന്‍ നല്ല സാമ്പത്തികം ആവിശ്യമാണ്. അത് ഈ കാലഘട്ടത്തില്‍ പ്രായോഗികമാല്ലെന്ന തിരിച്ചറിവാണ് സ്ഥിരം നാടകവേദി താത്കാലികമായി നിര്‍ത്തുവാന്‍   കാരണം.

മലയാള സിനിമ ഇന്ന് കഴിവുറ്റ യുവ സംവിധായകരാൽ സമ്പന്നമാണ്.  ചലച്ചിത്ര മേളകൾ സമ്മാനിച്ച ഒരുകൂട്ടം യുവ സംവിധായരും നമ്മെ വിസ്മയിപ്പിച്ചു നില്ക്കുന്നു.  അക്കൂട്ടത്തിലേക്ക് നടന്നുകയറാൻ ഒരുങ്ങുന്ന രെജുപിള്ളക്ക് നാടക പരിചയം ഒരു മുതൽകൂട്ടാകുമ്പോൾ  നേട്ടം സിനിമക്കും നഷ്ടം നാടകത്തിനുമാകും.




Views: 3243
SHARE
CINEMA
NEWS
P VIEW
ARTS
OF YOUTH
L ONLY