കൊച്ചി: അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്നു.
മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാത്ത പുതിയൊരു വേഷവുമായാണ് ഭീമന്‍ രഘു എത്തുന്നത്. 'ചാണ' എന്ന ആദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്രകഥാപാത്രവുമായാണ് താരം പ്രേക്ഷകരിലേക്കെത്തുന്നത്. വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ പുതുമയുള്ള ചിത്രമാണ് 'ചാണ'. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ എറണാകുളം തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.
ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്‌നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്.
ഒരു മനുഷ്യന്റെ നിസ്സഹായതയിലൂടെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടുകളെ രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കുന്ന ഒരു ചിത്രം കൂടിയാണ് 'ചാണ'യെന്ന് സംവിധായകന്‍ ഭീമന്‍ രഘു പറഞ്ഞു. കഴിഞ്ഞ നാല്പത്തഞ്ചിലേറെ വര്‍ഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാന്‍ സിനിമയാക്കുന്നത്. ഒരിക്കല്‍ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്‌നാട് സ്വദേശിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 'ചാണ' സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാന്‍ തന്നെ ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് 'ചാണ'. ഒരുപക്ഷേ മലയാളസിനിമയില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേതെന്ന് സംവിധായകന്‍ ഭീമന്‍ രഘു പറഞ്ഞു.
തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് 'ചാണ' ചിത്രീകരിച്ചത്.
അഭിനേതാക്കള്‍ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാനര്‍ സ്വീറ്റി പ്രൊഡക്ഷന്‍സ്, സംവിധായകന്‍ഭീമന്‍ രഘു, നിര്‍മ്മാണംകെ ശശീന്ദ്രന്‍ കണ്ണൂര്‍, രചനഅജി അയിലറ, ഡി ഒ പി ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍ രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍ ഐജു ആന്റു, മേക്കപ്പ്ജയമോഹന്‍, കോസ്റ്റ്യൂംസ് ലക്ഷ്മണന്‍,ആര്‍ട്ട് അജയ് വര്‍ണ്ണശാല, ഗാനരചനലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, മ്യൂസിക് മുരളി അപ്പാടത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ കണ്ടനാട്. ഡി ഐ രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്‌ലാലു വേട്ടമുക്ക്, ശ്രീക്കുട്ടന്‍ ,പി ആര്‍ ഓ പി ആര്‍ സുമേരന്‍, ഡിസൈന്‍ സജീഷ് എം ഡിസൈന്‍സ്.