തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് കോഴിക്കോടു നിന്നെത്തിയ മഹാബലിക്കഥയുടെ പടുകൂറ്റന്‍ ചുമര്‍ച്ചിത്ര ശൈലിയിലുള്ള പെയിന്റിംഗ്. ഓണത്തിനു പിന്നിലുള്ള ഐതിഹ്യത്തേയും പോയകാലത്തെയും കുറിച്ചുള്ള ഈ പെയിന്റിംഗ് ഗര്‍ണിക്ക ആര്‍ട് ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. ആയിരം പൂക്കളാല്‍ ഒരു മഹാബലിക്കഥ എന്നാണ് ഈ ചുമര്‍ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മഹാബലി ചക്രവര്‍ത്തി, ദേവഗണം, വാമനാവതാരം, യാഗസ്ഥലത്തെത്തുന്ന വാമനനെ സ്വീകരിക്കുന്ന ബലിയെത്തടയുന്ന ശുക്രാചാര്യര്‍ തുടങ്ങി സദ്യവട്ടങ്ങളൊരുക്കുന്ന പുരുഷനും
സ്ത്രീയും, ഓണപ്പൊട്ടന്‍മാര്‍, വൃക്ഷങ്ങളും പൂക്കളും വരെ ഉള്‍പ്പെട്ടതാണ് ഈ ചിത്രം. 215 ചതുരശ്ര അടിയിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രം കാണാനെത്തുന്നത്. അത്തം മുതല്‍ ചതയം വരെയുള്ള ദിനങ്ങളിലെ ഒരുക്കങ്ങളും ചിത്രത്തില്‍ വരച്ചു കാണിക്കുന്നുണ്ട്.
ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിന്റെ ഓര്‍മ്മയ്ക്കായി വാങ്കഡേ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പെയിന്റിങ്ങ് ട്രിബ്യൂട്ട് ടു ലെജന്‍ഡര്‍ ക്രിക്കറ്റര്‍-200 നോട്ടൗട്ട്, ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവലിന്റെ തീം പെയിന്റിങ്ങായിരുന്ന ആയൂര്‍വേദ, ഒമാന്‍ ഹിസറ്ററി & ലൈഫ് സ്റ്റോറി ഓഫ് സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് എന്നിവയ്ക്കും ചിത്രസാക്ഷാത്കാരം ഒരുക്കിയത് ഗര്‍ണിക്ക ആര്‍ട് ഗ്യാലറിയായിരുന്നു. ഗര്‍ണിക്ക ആര്‍ട് ഗ്യാലറിയുടെ ആര്‍ട് ഹെഡ് കെ. പി. മെഹ്‌റാബ് ബച്ചനു കീഴില്‍ നാല് കലാകാരന്മാര്‍ ചേര്‍ന്ന് രണ്ടു മാസത്തോളമെടുത്താണ് മഹാബലിക്കഥ വരച്ചു തീര്‍ത്തത്. സന്ദീപ് ആലിങ്കീലാണ് ചിത്രത്തിന്റെ ഗവേഷണവും ഏകോപനവും നിര്‍വ്വഹിച്ചത്.