തിരുവനന്തപുരം: പുറത്തെ ശക്തമായ മഴ അറിയാത്ത കലാആസ്വാദകർ സെനറ്റ് ഹാളിലെ ക്ലോസ് കംപാഡേഴ്‌സ് ദൃശ്യവിരുന്ന് ആനന്ദ പേമാരിയിൽ മനസ്സും ശരീരവും കുളിർപ്പിച്ചു. പനാമയുടെ തനത് സംഗീതവും നൃത്തവും ഒത്തിണങ്ങിയ ക്ലോസ് കംപാഡേഴ്‌സ് എന്ന നൃത്ത സംഗീത സംഘമാണ് അവരുടെ ലോക പര്യടനത്തിന്റെ ഭാഗമായി കലാവിരുന്നൊരുക്കിയത്.
പനാമ സംഗീത്തിന്റ മെലഡി രൂപം ആവാഹിച്ച ടാംബാറിട്ടോസ് എന്ന സംഗീത ശില്പത്തോടെയാണ് ഷോ ആരംഭിച്ചത്. സംഗീതത്തിന്റ മൃദുഭാവത്തിനൊപ്പം നൃത്തവും അകമ്പടി സേവിച്ചു. തുടര്‍ന്ന് സംഗീതത്തിന്റ രൗദ്ര ഭാവം ആവാഹിക്കുന്ന 'ക്യൂബയ സാൻറ്റേന അരങ്ങേറി. പനാമയുടെ അസുവേറോ പ്രവിശ്യയില്‍ രൂപം കൊണ്ട ഈ സംഗീത ആവിഷ്‌ക്കാരത്തിനായി വയലിന്‍, ഗിത്താര്‍, ഡ്രം എന്നിവയോടൊപ്പം പ്രാദേശിക സംഗീത ഉപകരണങ്ങളായ കജം ഗുഛേറാക്ക അഥവാ പുറക്ക എന്നിവയും വേദിയിലെത്തി.
തുടര്‍ന്ന് നൃത്തത്തിന്റെ വശ്യ ലോകത്തേക്കാണ് സംഘം കാഴ്ചക്കാരെ കൂ ട്ടിക്കൊണ്ടു പോയത്. ക്യൂബയ കാറേരാന നൃത്ത ശില്പം ചടുലമായ ചുവടുകളാലും ഗാംഭീര്യം കലര്‍ ശബ്ദഘോഷണങ്ങളാലും മുഖരിതമായി. ശരീര ഭാഷയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന ക്യൂബിയ കൊറേരാന പനാമയിലെ ലാ കോറേരാന എന്ന ജില്ലയിലെ തനത് കലാരൂപം കൂടിയാണ്.
ആഫ്രിക്കന്‍ ന്യത്തത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിന്‍ക്കാലത്ത് പനാമയിലെ ദാരിയന്‍ പ്രവിശ്യയില്‍ പ്രചാരത്തിലായ ക്യൂബിയ ദാരിയനിറ്റ, കോംഗോ നൃത്തം എന്നി വയും എറെ ലോക പ്രശസ്തി നേടിയ ഇനങ്ങളാണ്. പ്രശസ്ത പനാമ കലാകാരന്‍ ദിമാസ് ഫ്രാങ്കോ ആണ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍. അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായാണ് സംഘടിപ്പിച്ചത്.