കുടമാളൂര്‍ ജനാര്‍ദ്ദനന്‍, കലാമണ്ഡലം സിന്ധു
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കുന്ന ശ്രുതിലയ നടനം നങ്ങ്യാര്‍ കൂത്ത്, ഫ്‌ളൂട്ട് വാദനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ (19.03.2018, 20.3.2018) വൈകുന്നേരം 6.30 ന് ഭാരത് ഭവനില്‍ അരങ്ങേറും.
കേരളത്തിലെ നങ്ങ്യാര്‍ കൂത്ത് കലാകലാകാരികളില്‍ പ്രമുഖയായ കലാമണ്ഡലം സിന്ധുവാണ് ഭദ്രകാളി ചരിതം നങ്ങ്യാര്‍ കൂത്ത് അവതരിപ്പിക്കുന്നത്. കേരള കലാ മണ്ഡലം കൂടിയാട്ടം വകുപ്പിലെ ഇന്‍സ്ട്രക്ടറായ ഈ അനുഗ്രഹീത കലാകാരി ഭദ്രകാളി ചരിതം നങ്ങ്യാര്‍ കൂത്തിന്റെ രചയിതാവ് കൂടിയാണ്. 2012 ല്‍ യുനെസ്‌കോയുടെ ക്ഷണ പ്രകാരം മോസ്‌കൊ, യാകൂട്‌സ്, റഷ്യന്‍ ഫെഡറേഷന്‍ ആയ സാഖാ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലും കൂടിയാട്ടവും നങ്ങ്യാര്‍ കൂത്തും അവതരിപ്പിച്ചിട്ടുള്ള സിന്ധു, ഇന്ത്യ, ഫ്രാന്‍സ്,ജര്‍മ്മനി, ഹോളണ്ട് ജപ്പാന്‍, മലേഷ്യ എന്നിവിടങ്ങളിലെ ഫെസ്റ്റിവലുകളിലും നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ കൂടിയാട്ടം കലാസംഘത്തിലും ഈ കലാകാരിയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായ കുടമാളൂര്‍ ജനാര്‍ദ്ദനനാണ് ഫ്‌ളൂട്ടില്‍ ശ്രുതി ചേര്‍ക്കുന്നത്. പിതാവില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഇദ്ദേഹം പിന്നീട് പുല്ലാങ്കുഴല്‍ സംഗീതത്തില്‍ ആകൃഷ്ടനായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇദ്ദേഹം ലോകത്ത് അങ്ങോളമിങ്ങോളമായി ആയിരക്കണക്കിന് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് നേടിയ ഇദ്ദേഹം ആള്‍ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ഐ.സി.ആര്‍.സി. അംഗീകരിക്കപ്പെട്ട സംഗീതജ്ഞനുമാണ്. പ്രവേശനം സൗജന്യം