തിരുവനന്തപുരം : ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയില്‍ നടന്ന അര്‍ച്ചന ബന്ധോപാധ്യയുടെ ഘരാന സംഗീത വിരുന്ന് ശ്രദ്ധേയമായി. ഈ സംഗീത സന്ധ്യ ഹിന്ദുസ്ഥാനി സംഗീത പ്രേമികള്‍ക്ക് വേറിട്ട അനുഭവമായി. ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ഒരേയൊരു ഘരാനയാണ് ബിഷ്ണുപുര്‍ ഘരാന. അനന്തലാല്‍ ബന്ദോപാധ്യായ്, യാദു ഭട്ട, ക്വുപരമോഹന് ഗോസ്വാമി, ഗോപേശ്വര്‍ ബന്ദോപാധ്യായ്, സുരേന്ദ്രനാഥ് ബന്ദോപാധ്യായ്, അമിയ രഞ്ജന്‍ ബന്ദോപാധ്യായ്, കാലിപ്രസാദ് മുഖര്‍ജി തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ ഈ ഘരാനയിലെ അംഗങ്ങളാണ്. രബീന്ദ്രനാഥ ടാഗോറിനെ ഏറെ സ്വാധീനിച്ച ബിഷ്ണുപുര്‍ ഘരാന ഭക്തി രാഗങ്ങളിലെ സവിശേഷ താളവും, രചനയും കൊണ്ട് ശ്രദ്ധേയമായി . ടാഗോറിന്റെ പല ഗീതങ്ങളും ബിഷ്ണുപൂര്‍ ഘരാനയുടെ സംഗീതത്തെ അടിസ്ഥാനമാക്കിയാണ്. ഈ ഘരാന സംഗീത ശൈലികളാണ് അര്‍ച്ചന ബന്ദോപാധ്യായ് നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത് . കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ട്രിവാന്‍ഡ്രം ബംഗാളി അസോസിയേഷനും സംയുക്തമായി ഒരുക്കിയയതാണീ സംഗീത വിരുന്ന്.