രാജാ രവിവര്‍മ്മ പുരസ്‌കാരം ബി.ഡി. ദത്തന് വി.കെ. പ്രശാന്ത് എം.എല്‍.എ സമര്‍പ്പിക്കുന്നു
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ പുരസ്‌കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ പാരീസ് വിശ്വനാഥന്‍, ബി.ഡി. ദത്തന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനിലൂടെ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയംകൊണ്ട് കേരളത്തോട് സ്‌നേഹമുള്ള മനുഷ്യസ്‌നേഹിയായ ചിത്രകാരനാണ് പാരീസ് വിശ്വനാഥനെന്നും സമകാലീക വിഷയങ്ങളോട് പ്രതികരിക്കുന്ന ചിത്രകാരനാണ് ബി.ഡി. ദത്തനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മലയാള ഭാഷയ്ക്ക് ചൈതന്യമുണ്ടാക്കിയ കാലമാണിതെന്നും മുഴുവന്‍ സാംസ്‌കാരിക സ്ഥാപനങ്ങളും സജീവമാക്കാന്‍ സാംസ്‌കാരിക വകുപ്പിന് സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 3 ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 ലെ പുരസ്‌കാരം ബി.ഡി. ദത്തനും 2018 ലെ പുരസ്‌കാരം പാരീസ് വിശ്വനാഥനു വേണ്ടി കൊല്ലം നീരാവില്‍ നവോദയം വായനശാലയ്ക്കുവേണ്ടി എസ്. നാസറും ഏറ്റുവാങ്ങി. വി. കെ. പ്രശാന്ത് എം.എല്‍.എ പുരസ്‌കാരം സമര്‍പ്പിച്ചു. എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. ടി.കെ.പത്മിനി കലണ്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു. കവി പ്രഭാവര്‍മ്മ കലണ്ടര്‍ ഏറ്റുവാങ്ങി. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹം ശബ്ദ സന്ദേശം നല്‍കി. അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, കവി പ്രഭാവര്‍മ്മ, പ്രൊഫ. അജയകുമാര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി, അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ബി.ഡി. ദത്തന്‍ മറുപടി പ്രസംഗം നടത്തി. പാരീസ് വിശ്വനാഥന്റെ അവാര്‍ഡ് തുകയായ 3 ലക്ഷം രൂപ കൊല്ലം നവോദയം വായനശാലയ്ക്കുവേണ്ടി അദ്ദേഹം സമ്മാനിച്ചു. വായനശാല സെക്രട്ടറി എസ്. നാസര്‍ തുക ഏറ്റുവാങ്ങി.