ലക്ഷ്മി ഗോപാലസ്വാമിതിരുവനന്തപുരം:വിഘ്നനിവർത്തി ദേവനായ ഗണേശനെ ഗണേശം കലാവിരുന്നൊരുക്കി പ്രസാദിപ്പിച്ച് 111 ദിവസം നീളുന്ന നാല്പതാമത് സൂര്യ കലാമേളയ്ക്ക് തുടക്കമായി. ലക്ഷ്മി ഗോപാലസ്വാമി,ദക്ഷിണ വൈദ്യനാഥൻ,പ്രതീക്ഷകാശി,വൈക്കംമധു, സജിഗോപിനാഥ് ,ഡോ. അഞ്ജന ജാ, ഹസ്രത് സിയാ ഉൾഹഖ്,സരിത,സിജി തുടങ്ങിയ കലാകാരന്മാർ കാഴ്ചവയ്ച്ച ഗണേശ സംഗീത-നൃത്തത്തിലൂടെയാണ് വിഘ്നേശ്വരനെ സൂര്യ പ്രസാദിപ്പിച്ചത്. സന്ധ്യ സൂര്യൻ പോയി മറയുന്ന 6.45 ന് കലാപരിപാടികൾ ആരംഭിക്കുന്ന സൂര്യക്ക് ഏതൊരു വിഘ്‌നങ്ങളുമില്ലാതെ പരിപാടി പര്യവസാനിപ്പിക്കാൻ കഴിയുന്നതും ഈ ഗണേശ പ്രീതികൊണ്ടാകാം.
സൂര്യ കൃഷ്‍ണമൂർത്തി ആശയ ആവിഷ്കാരം നിർവഹിച്ച ഗണേശത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് പണ്ഡിറ്റ് രമേശ് നാരായണനാണ്. കാവാലം ശ്രീകുമാർ, മധു ശ്രീ നാരായൺ, എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ നീണ്ട ഗണേശത്തിനൊടുവിൽ ഹൈലേഷ് സെറ്റിട്ട ക്ഷേത്ര മുറ്റത്ത് ഭീമാകാരനായ ഗണേശൻ പ്രത്യക്ഷപ്പെടുന്നതോടെയാണ് ഗണേശത്തിനു തിരശീല വീഴുന്നത്. ഒപ്പം പ്രദീപിന്റെ ശബ്‌ദ സാങ്കേതികത്തികവും,ശ്രീജിത്തിന്റെ ദീപവിതാനവും ഇഴചേർന്നപ്പോൾ ഗണേശം കലാസ്നേഹികൾക്ക് പുതിയ ഒരു അനുഭവമാണ് സമ്മാനയിച്ചത്. സൂര്യയുടെ രക്ഷാധികാരിയും മുഖ്യ സ്പോൺസറുമായ വ്യവസായി ബി ആർ ഷെട്ടിയാണ് ജനുവരി വരെ നീണ്ടു നിൽക്കുന്ന 111 ദിവസത്തെ സൂര്യമേള ഉദ്ഘാടനം ചെയ്തത്. ജനുവരി 11 നു സൂര്യകൃഷ്ണമൂർത്തി 100 ൽ പരം കലാകാരന്മാരെ അണിനിരത്തി അണിയിച്ചൊരുക്കിയ മൈ സേവിയർ എന്ന മെഗാഷോയോടെയാണ് മേളസമാപിക്കുക.
ചലച്ചിത്രോത്സവം,നൃത്ത-സംഗീതോത്സാവം,നാടകോത്സവം,ചിത്രരചനാ പ്രദർശനം,ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി കലാപരിപാടികളാണ് വിവിധ വേദികളിലായി സൂര്യ അവതരിപ്പിക്കുന്നത്. കന്നഡ സിനിമയായ നാനൂ അവനല്ല അവളു പ്രദർശിപ്പിച്ചു കൊണ്ട് സൂര്യ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമിടും. വൈകിട്ട് അഞ്ചിന് കോ-ബാങ്ക് ടവറിലാണ് പ്രദർശനം. ശേഷം ഏഴു മണിക്ക് ഒഴിവുദിവസത്തെ കളി പ്രദർശിപ്പിക്കും. ദിവസം രണ്ടു സിനിമ പ്രദർശിപ്പിക്കുന്ന മേള 30 ന് സമാപിക്കും.