തിരുവനന്തപുരം: ഇന്ത്യയും കേരളവും മുന്നോട്ട് വച്ച സാമൂഹ്യനവോത്ഥാന മൂല്യങ്ങളെ നവ സാങ്കേതികതയുടെ മിഴിവോടെ അവതരിപ്പിച്ച ദൃശ്യാവിഷ്‌ക്കാരത്തിന് തലസ്ഥാന നഗരി സാക്ഷിയായി. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലൂടനീളം അവതരിപ്പിക്കപ്പെട്ട നവോത്ഥാന ദൃശ്യസന്ധ്യ എന്ന മള്‍ട്ടീമീഡിയ അവതരണമാണ് അറിവും അര്‍ത്ഥവുമായി ടാഗോര്‍ തീയേറ്ററിലെ നിറഞ്ഞ സദസ്സിന്റെ മനംനിറച്ചത്. ആലാപനം, നൃത്തം, ചിത്രകല, നാടകം, ചലച്ചിത്രം, ഇന്‍സ്റ്റലേഷന്‍ എന്നീ രംഗങ്ങളിലെ നൂറോളം പ്രതിഭകളുടെ ഈ സംഗമത്തിന്, ഭാരത് ഭവന്റെ സംഘാടനത്തില്‍ പ്രമുഖ നാടക ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ് ആശയവും ആവിഷ്‌ക്കാരവും നിര്‍വ്വഹിച്ചത്.
നവോത്ഥാന കാലഘട്ടത്തെ മുന്നോട്ടു നയിച്ച ശ്രീനാരായണ ഗുരു, ഭാരതീയാര്‍, ബോധേശ്വരന്‍, വള്ളത്തോള്‍, കുമാരനാശാന്‍, വിദ്വാന്‍ പി.കേളുനായര്‍, പി.കുഞ്ഞിരാമന്‍ നായര്‍, മുഹമ്മദ് ഇഖ്ബാല്‍, ബൂപന്‍ ഹസാരിക, അംശിനാരായണപിള്ള, വയലാര്‍, ഒ.എന്‍.വി, തുടങ്ങിയവരുടെ രചനകള്‍ സംഗീതത്തിലും, രംഗകലകളിലും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യാവതരണങ്ങളും വി.ടി. ഭട്ടത്തിരിപ്പാട്, കെ,ടി. മുഹമ്മദ് തുടങ്ങിയവരുടെ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഇഴചേര്‍ത്ത്, ചലച്ചിത്ര സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നവോത്ഥാന ദൃശ്യസന്ധ്യ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവമാണ് പകര്‍ന്നത്.
കഴിഞ്ഞ മാസം 27 ന് കവടിയാറില്‍ സ്വാമി വിവേകാന്ദന്റെ പ്രതിമയില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഹാരാര്‍പ്പണം ചെയ്തുകൊണ്ടാണ് വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിവേകാനന്ദ സ്വാമികളുടെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്.