സന്ദീപ്കുമാര്‍
നന്മയുള്ള കലാകാരന്‍ എന്ന് സന്ദീപ്കുമാര്‍ എന്ന യുവാവിനെക്കുറിച്ച് ആമുഖമായി പറയാം. കുട്ടിക്കാലം മുതല്‍തന്നെ കല ജീവിതചര്യയായി മാററിയ സന്ദീപ്കുമാര്‍ എന്നും വ്യത്യസ്ത വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുളനട എന്ന ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ സുരേന്ദ്രന്റേയും ശാന്തമ്മയുടേയും മൂന്നു മക്കളില്‍ ഇളയവനായാണ് സന്ദീപ് ജനിച്ചത്. പന്തളം സംഗീത മ്യൂസിക് അക്കാഡമിയില്‍ നിന്നും സംഗീതവും സന്തോഷ് ഇലവുംതിട്ട എന്ന കലാകാരനില്‍ നിന്നും തബലയും പഠിച്ചു. പന്തളം സുരേഷ്ബാബു എന്ന ഗുരുനാഥനില്‍ നിന്നും സ്വായത്തമാക്കിയ സംഗീതം സന്ദീപിന്റെ കലാപരമായ വളര്‍ച്ചയ്ക്ക് ഒരുപാട് സഹായകരമായി. പ്രശസ്ത സംഗീതജ്ഞനായ ഡോ.വാഴമുട്ടം ബി ചന്ദ്രബാബുവിന്റെ ശിഷ്യനായി സന്ദീപ് സംഗീതപഠനം തുടരുന്നു.
അഭിനയരംഗത്തോടുള്ള ശക്തമായ അഭിനിവേശത്താല്‍ കോട്ടയം ബയോസ്‌പേസ് മീഡിയ അക്കാഡമിയില്‍ നിന്നും അഭിനയപഠനം പൂര്‍ത്തിയാക്കിയ ശേഷം സന്ദീപ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ സുന്ദരികളും സുന്ദരന്‍മാരും, മാക്ബത്ത് എന്നീ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. കൊട്ടാരക്കര ആശ്രയയുടെ ഇതു പൊതുവഴിയാണ് എന്ന നാടകത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഹേമന്ദ്കുമാറിന്റെ രചനയില്‍ രാജേഷ് ഇരുളം സംവിധാനം ചെയ്ത ഈ നാടകത്തില്‍ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളെയാണ് സന്ദീപ് അവതരിപ്പിക്കുന്നത്. ഇതില്‍ സംഗീത്, ടി വി ചാനല്‍ അവതാരകന്‍ എന്നീ കഥാപാത്രങ്ങള്‍ സന്ദീപിനെ ഏറെ ശ്രദ്ധേയനാക്കി. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത അവളറിയാതെ എന്ന സീരിയലില്‍ അന്‍വര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മിനിസ്‌ക്രീനിലും സന്ദീപ് കടന്നു.
വേദികളില്‍ പ്രേക്ഷകരെ രസിപ്പിക്കുമ്പോഴും കലാകാരന്‍മാര്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഈ യുവാവിന് വ്യക്തമായ ധാരണയുണ്ട്. സന്ദീപ് അവതരിപ്പിക്കുന്ന ഏറെ ആകര്‍ഷകവും വ്യത്യസ്തവുമായ സംഗീത പരിപാടിയാണ് രാഗസുധ. അതീവ ഹൃദ്യമായ ഈ പരിപാടി ആസ്വാദകരുടെ പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. സംഗീതപ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മയായ പാട്ടിന്റെ പാലാഴിയില്‍ സന്ദീപ് അംഗമാണ്. സന്ദീപ് യാദൃശ്ചികമായി ആറ്റിങ്ങല്‍ സായിഗ്രാമം സന്ദര്‍ശിച്ചു. അവിടുത്തെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായ സന്ദീപ് സുഹൃത്തുക്കളുടെ പിന്തുണയോടെ സായിഗ്രാമില്‍ രാഗസുധ അവതരിപ്പിച്ചു. വാട്‌സാപ്പ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ ഒരു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപ തിരുവനന്തപുരം ആര്‍ സി സിയിലെ കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കിക്കൊണ്ട് സന്ദീപ് കാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായി. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാ വര്‍ഷവും സംഗീത പരിപാടി നടത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് സന്ദീപ് കുമാര്‍ പറഞ്ഞു.
സാധാരണ കുടുംബത്തിലെ കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന റെജൂവിനേറ്റ് യൂത്ത് മിഷന്‍ എന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് ഇനി നടത്തുന്നതെന്നും സന്ദീപ്കുമാര്‍ പറഞ്ഞു. കലാജീവിതത്തില്‍ പത്തു വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഈ യുവാവ് കലാ-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്.
സന്ദീപ്കുമാറിന്റെ ഫോണ്‍ : 9961594965