തിരുവനന്തപുരം: കേരളത്തിലെ അപൂര്‍വ്വം കാര്‍ഷിക കലാസാംസ്‌കാരികോത്സവങ്ങളില്‍ ഒന്നായ പാലോട് മേളയില്‍ ഇന്ന് ഉത്തരകേരളത്തിലെ വീരന്മാരും വീരാംഗനമാരുമായ തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടും. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായാണ് തലസ്ഥാനത്തെ പാലോട്, പെരുങ്കളിയാട്ടം ഒരുക്കുന്നത്. ഇന്ന് (10.02.2018)സന്ധ്യയ്ക്ക് 6.30 മുതല്‍ പുരാവൃത്തങ്ങളുടെ സാമൂഹ്യ പ്രസക്തിയും അനുഷ്ഠാനപരതയും അവതരിപ്പിച്ചുകൊണ്ടാണ് എട്ടോളം വൈവിദ്ധ്യമാര്‍ന്ന തെയ്യാട്ടങ്ങളാണ് പ്രത്യേകം ഒരുക്കിയ തുറസ്സായവേദികളില്‍ കെട്ടിയാടപ്പെടുന്നത്.
തോറ്റം പാട്ടിന്റെയും, ചെണ്ടമേളത്തിന്റെയും, ചീനിക്കുഴലിന്റെയും പശ്ചാത്തലത്തില്‍ ചിട്ടവട്ടങ്ങളോടെയാണ് ഘണ്ടാകര്‍ണ്ണന്‍, നാഗകാളി, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഒതേനന്‍തെയ്യം, കരിങ്കാളി, പനിയന്മാര്‍-തുടങ്ങിയ തേജോമയങ്ങളായ തെയ്യക്കോലങ്ങളെ അവതരിപ്പിക്കുക. വടക്കന്‍ മലബാറിലെ പെരുങ്കളിയാട്ട കാവുകളെ ഓര്‍മ്മിപ്പിക്കും വിധം അഗ്‌നിആളുന്ന പടുകൂറ്റന്‍ മേലേരിയും നിറ മേളങ്ങളും പാലോട് കാര്‍ഷികമേളയെ പുലരുവോളം ഉര്‍വ്വരതയുടെ പെരുങ്കളിയാട്ട പറമ്പാക്കി മാറ്റും.