കേരളത്തിന്റെ ജൈവ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കാനും ഗ്രാമീണ നാടക വേദിയിലൂടെ പുതു സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സര്‍ഗാത്മക സംരംഭമാണ് ഭാരത് ഭവന്‍, വിവ കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, വാമനപുരം എം.എല്‍.എ എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഓര്‍ഗാനിക് തിയറ്റര്‍ അഥവാ അഗ്രി-കള്‍ച്ചര്‍.
ഇക്കഴിഞ്ഞ ജൂലൈ 11 നു (മിഥുനം 27 നു) ആണ് തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിലെ കളമച്ചലിലെ പത്തേക്കര്‍ പാടത്തു ജൈവ കൃഷിക്കും മലയാള കാര്‍ഷിക സംസ്‌കൃതിയുടെ ക്‌ളാസിക് നാടക കൃതിയായ ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിനും ഒരേസമയം വിത്തുപാകി ആരംഭം കുറിച്ചത്. മൂന്നുമാസങ്ങള്‍ക്കു ശേഷം ആ വിത്തുകള്‍ നിറ കൊയ്ത്തിനു പാകമായിരിക്കയാണ്. ഇക്കാലയളവില്‍ അമ്പതോളം കല-കര്‍ഷകരാണ് രാപകല്‍ ഭേതമന്യേ കൃഷിയിലും നാടക ക്യമ്പിലുമായി കാലം കഴിച്ചുകൂട്ടിയത്. ഇവിടെ കൊയ്‌തെടുക്കുന്ന ഓരോ നെന്മണിയും പ്രളയബാധിത പ്രദേശങ്ങളിലെ പാവങ്ങള്‍ക്ക് നല്‍കാനാണു ഭാരത് ഭവന്‍ ആഗ്രഹിക്കുന്നത്.
ഒക്‌ടോബര്‍ 25ന് വൈകുന്നേരം നാല് മണിയ്ക്ക് പാടവരമ്പില്‍ ഒരുക്കിയ മെഗാ ക്യാന്‍വാസില്‍ പത്ത് ചിത്രകാരന്‍മാര്‍ വരയ്ക്കുന്ന കാര്‍ഷിക ജീവിതത്തിന്റെ ലൈവ് സ്‌കെച്ചിംഗ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആറങ്ങോട്ടുകര കലാപാഠശാല കൊയ്ത്ത്പാട്ടുകള്‍ ആലപിക്കും. വൈകുന്നേരം 4.30 ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ആദ്യ കതിരുകള്‍ കൊയ്ത് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് നല്കി കൊയ്ത്തുത്സവത്തിന് സമാരംഭം കുറിക്കും. ഇതിനകമ്പടിയായി സി.ജെ.കുട്ടാപ്പന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വാമനപുരം എം എല്‍ എ വി.കെ.മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍, ജനനേതാക്കളും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. തുടര്‍ ന്ന് ഇന്ത്യന്‍ കാര്‍ഷിക സംസ്‌കൃതിയുടെ കലാരൂപങ്ങളായ, ബിഹുനൃത്തം, യക്ഷഗാന ബയലാട്ടം, തപ്പാട്ടം തുടങ്ങിയ ഇന്‍ഡ്യന്‍ കലാരൂപങ്ങള്‍ അരങ്ങേറും. ഇതിന് ശേഷം കൊയ്‌ത്തൊഴിഞ്ഞ പാടത്ത് , അറുപതോളം കര്‍ഷകരേയും, ഗ്രാമീണരേയും കഥാപാത്രങ്ങളാക്കി, പ്രമോദ് പയ്യന്നൂര്‍ സാക്ഷാത്കാരം നിര്‍വ്വഹിക്കുന്ന ഇടശ്ശേരിയുടെ ''കൂട്ടുകൃഷി'' നാടകത്തിന്റെ പുനരാഖ്യാന രംഗാവിഷ്‌കാരം അരങ്ങേറും