കലാപ്രദര്‍ശനം നോക്കി കാണുന്ന ചിത്രകാരന്‍ ജി. രാജേന്ദ്രന്‍. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, നിര്‍വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമി കോവിഡ്കാലത്ത് ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുക്കള്‍ പങ്കെടുത്ത നിറകേരളം ക്യാമ്പിലേയും 50 ശില്പികള്‍ പങ്കെടുത്ത ശില്പകേരളം ക്യാമ്പിലേയും കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. അക്കാദമിയുടെ കാഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീ ഗ്യാലറികളിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം വൈലോപ്പിള്ളി ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചിത്രകാരന്‍ ജി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്ക്ഷനായിരുന്നു.അക്കാദമി നിര്‍വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ സ്വാഗതം പറഞ്ഞു മറ്റു 12 ആര്‍ട്ട് ഗ്യാലറികളിലും പ്രശസ്തരായ കലാകൃത്തുക്കള്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എല്ലാ ഗ്യാലറികളിലും ഒക്ടോബര്‍ 13 വരെയും തിരുവനന്തപുരം വൈലോപ്പിള്ളി ഗ്യാലറിയില്‍ രണ്ടാംഘട്ടം 15 മുതല്‍ 24 വരെയും പ്രദര്‍ശനം നടക്കും.രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ പ്രദര്‍ശനം. കോവിഡ്കാലത്ത് ചിത്രകലാകൃത്തുക്കള്‍ക്ക് സാന്ത്വനമായി ആദ്യഘട്ടത്തില്‍ 105 ചിത്രകലാകൃത്തുക്കള്‍ക്കും രണ്ടാംഘട്ടത്തില്‍ 300 ചിത്രകലാകൃത്തുക്കള്‍ക്ക് 20000 രൂപയും ശില്പികള്‍ക്ക് 30000 രൂപയും അക്കാദമി നല്‍കിയിരുന്നു. ചിത്രകലാകൃത്തുകള്‍ക്ക് ക്യാന്‍വാസും വീടുകളില്‍ എത്തിച്ചുകൊടുത്തിരുന്നു. ചിത്രങ്ങളും ശില്പങ്ങളും വിറ്റുകിട്ടുന്ന വരുമാനം പൂര്‍ണമായും അവര്‍ക്കുതന്നെ നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.