തിരുവനന്തപുരം:ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യത്തോടെ 111 ദിവസം നീണ്ടനിൽക്കുന്ന സൂര്യ മേളയിലെ 10 ദിന നൃത്ത-സംഗിതോത്സാവത്തിനു തിരശീല വീണു. ഇന്നു(11) ദേശീയ നാടകോത്സവത്തിനു തൈക്കാട് ഗണേശത്തിൽ തുടക്കമാകും. ഒക്ടോബർ 20 വരെ നീണ്ടു നിൽക്കുന്ന നാടകോത്സവം കാണാൻ ഡെലിഗേറ്റ് പാസ് ഉള്ളവർക്കേ പ്രവേശനമുണ്ടാകു. ആദ്യ നാടകമൊഴിച്ചു ബാക്കി നാടകങ്ങൾ അരങ്ങേറുക കോ-ബാങ്ക് ഹാളിലാണ്.
ശോഭനയുടെ പിന്മാറ്റം വീണ്ടും സൂര്യ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ഉണ്ടായ ദക്ഷിണ അമ്മയും ഗുരുവുമായ കലാശ്രീ രമാ വൈദ്യനാഥൻ രാഗമാലിക ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ദുർഗാ ദേവിയുടെ വിവിധ ഭാവങ്ങൾ പ്രകടമാക്കുന്ന നൃത്തമാണ് ആദ്യം കാഴ്ചവച്ചത്. സ്വാതിതിരുനാളിന്റെ പന്നവേന്ദ്ര ശയനം ശ്രീ പദ്മനാഭ എന്ന കൃതിക്കാണ് രണ്ടാമത് ചുവട് വയ്ച്ചത്. തുടർന്നും മൂന്നു നൃത്തങ്ങൾ കാഴ്ചവയ്ച്ച ദക്ഷിണയ്ക്ക് ഓരോ നൃത്തം കഴിയുമ്പോഴും ആസ്വാദകരുടെ വൻ കരഘോഷമാണ് ദക്ഷിണയായി കിട്ടിയത്. താര പരിവേഷമുള്ള ശോഭനയില്ലെങ്കിലും നയന മനോഹര നൃത്തം ആസ്വദിച്ചതിന്റെ ആത്മസംതൃപ്തി ആ കരഘോഷത്തിൽ പ്രകടമായിരുന്നു. ദക്ഷിണ വൈദ്യനാഥൻ കാഴ്ച വയ്ച്ച നൃത്തങ്ങളെല്ലാം അമ്മ രമാ വൈദ്യനാഥൻ ചിട്ടപ്പെടുത്തിയതായിരുന്നു.
ഒക്ടോബർ മൂന്നിന് സൂര്യ നൃത്തോത്സവത്തിൽ രമാ വൈദ്യനാഥനും നൃത്തം അവതരിപ്പിച്ചിരുന്നു.