തിരുവനന്തപുരം: സൂര്യ ദേശീയ നാടകോത്സവം സമാപനത്തിലേക്ക് കടക്കുമ്പോൾ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുകയാണ്. ഓപ്പൺ സ്റ്റേജിലെ നാടകം, നായികയില്ലാത്ത നാടകം, സംവിധായകൻ ഇല്ലാത്ത നാടകം,റേഡിയോ നാടകം,ഏകപാത്ര നാടകം, തുടങ്ങിയ വ്യത്യസ്ത നാടകങ്ങൾക്കാണ് സൂര്യ വേദി സാക്ഷിയായതെങ്കിൽ ആറാം ദിവസമായ ഇന്നലെ ലൈവ് മ്യുസിക്കിൽ നാല് നായികമാരുള്ള റെഡ് മിറർ എന്ന തമിഴ് നാടകമാണ് അരങ്ങേറിയത്. പോണ്ടിച്ചേരിയിലെ യാഴ് ആര്ട്ട് അക്കാദമി അവതരിപ്പിച്ച റെഡ് മിറർ അഥവാ ചുമപ്പ് കണ്ണാടി സ്ത്രീശരീരത്തെ വില്പനച്ചരക്കാക്കുകയും കപട സ്നേഹംനടിച്ചു സ്ത്രീകളെ ലൈംഗീക ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്ന സമൂഹത്തിലെയും, മഹാഭാരതത്തിലെയും ചരിത്രത്തിലേയും ആൺ മനസ്സാക്ഷിയുടെ നേരെ പിടിക്കുന്ന കണ്ണാടിയാണിത്.
കുട്ടിയാരിക്കുമ്പോൾ അയലത്തെ മാമൻ കളിക്കാൻ കളിപ്പാട്ടം വാങ്ങിക്കൊടുത്തു പീഡിപ്പിക്കുന്നു,സ്വന്തം അച്ഛൻ പീഡിപ്പിക്കുന്നു,മൊബൈൽ ഫോണിൽ നഗ്‌ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക ,സ്നേഹംനടിച്ചു അടുത്തുകൂടി ഒളിക്യാമറയിൽ കുളിരംഗങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള പീഡന ശ്രമം എന്നിവയിലൂടെ സ്ത്രീയെ വെറും ലൈംഗീകവസ്തുവായി കാണുന്ന സമൂഹത്തിനെയും വരയ്ച്ചുകാട്ടുന്നു.
മഹാഭാരതത്തിൽ പാണ്ഡവർ ദ്രൗപതിയെ പങ്കിട്ടെടുത്തതും പകിടക്കളിയിൽ തോറ്റപ്പോൾ പണയം വച്ചതും പാണ്ഡവർ സാക്ഷിയായ സഭയിൽവച്ച് പാഞ്ചാലിയെ ദുശ്ശാസനൻ തന്റെ മടിയിൽ ഇരിക്കാൻ ക്ഷണിച്ചതും വസ്ത്രാക്ഷേപം നടത്തിയതും, കുന്തിക്ക് സ്വന്തം ഭർത്താവിനാൽ അല്ലാതെ മക്കൾ ജനിച്ചതിന്റ എല്ലാം തുടർച്ചയായാണ് ഇന്ന് സ്ത്രീകൾക്ക് ഇത്തരം ഒരു ഗതിവരാൻ കാരണം എന്ന് ചൂണ്ടിക്കാട്ടുന്ന റെഡ് മിറർ പാഞ്ചാലിയയുടെ മാനം രക്ഷിച്ച വസ്ത്രം ശ്രീകൃഷ്ണന് തിരിച്ചുനല്കിയാണ് നാടകം അവസാനിപ്പിക്കുന്നത്.