തിരുവനന്തപുരം:ഉച്ചയൂണ് കഴിഞ്ഞുള്ള അൽപസമയത്തേക്ക് പാട്ടുകാരായി മാറിയ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ പാട്ടുക്കൂട്ടത്ത്തിന്റെ അവതരണത്തിനു വൃചികം ഒന്നായ ഇന്ന് 100 മാസം തികഞ്ഞു. എല്ലാ മലയാള മാസവും ഒന്നാം തീയതി അവതരിപ്പിക്കുന്ന ഈ പരിപാടി 1183 ചിങ്ങം ഒന്നിനാണ് ആദ്യം അവതരിപ്പിച്ചത്. ഒരുമാസം പോലും മുടങ്ങാതെയാണ് പാട്ടുക്കൂടം ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരിക്കലും മരിക്കാത്ത പഴയ മലയാളം ഗാനങ്ങൾ മാത്രം മധുരമായി പാടുന്ന ഈ പരിപാടിക്ക് മികച്ച ആസ്വാദക പിന്തുണയും ഉണ്ട്.
വേലായുധൻ,കല്ലറ ഗോപൻ പതിവുപോലെ ഇന്ന് ഉച്ചയൂണിനുശേഷം സെക്രട്ടറിയേറ്റിനടുത്തുള്ള വൈ എം സി എ ഹാളിൽ അരങ്ങേറിയ പാട്ടുകൂട്ടത്തിന്റെ നൂറാമത്തെ പരിപാടി പ്രശസ്ത പിന്നണി ഗായകൻ കല്ലറ ഗോപൻ ഹൃദയ സരസ്സിലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിരമിച്ച സ്പെഷ്യൽ സെക്രട്ടറിയും ഗായകനും സംഗീത സംവിധായകനുമായ വേലായുധൻ ആശംസകൾ നേർന്നു. പാട്ടുകൂട്ടം സ്മരണിക വേലായുധനു നല്കി കല്ലറ ഗോപൻ പ്രകാശനം ചെയ്തു.
പാട്ടുകൂട്ടം കല്ലറ ഗോപനെ പൊന്നാട അണിയിച്ചാദരിച്ചു. പാട്ടുകൂട്ടത്തിന്റെ മുഖ്യ സംഘാടകനായ പി ജി ഗോകുൽ ദാസിനെയും(റിട്ട.ഗവ.ജോയിന്റ് സെക്രട്ടറി) ചടങ്ങിൽ ആദരിച്ചു. ഏറ്റവും കൂടുതൽ തവണ പരിപാടി കേൾക്കാനെത്തിയ വ്യക്തിക്ക് സമ്മാനം നല്കി. തുടർന്ന് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയും ചലച്ചിത്ര പിന്നണിഗായികയും പാട്ടുകൂട്ടത്തിലെ ഒരംഗവുമായ എൽ പ്രമീള ഉൾപ്പെടെ 45 ഗായകര് (സോളോ-ഡുയെറ്റ്-സംഘം) എന്നിങ്ങനെ ഗാനങ്ങൾ ആലപിച്ചു.
എൽ പ്രമീള,കല്ലറ ഗോപൻ പാടാനറിയാമെങ്കിൽ ആര്ക്കും ഗായകനാകാനുള്ള വേദിയാണ് പാട്ടുകൂട്ടം. പാടാൻ അറിയില്ലെങ്കിൽ നല്ലൊരു ആസ്വാദകനും ആകാം. എല്ലാ വിഭാഗം ജീവനക്കാരും പാട്ടിനു മുന്നില് തോളോട് തോൾ ചേർന്ന് ഒന്നാകുന്ന ഒരു സംഘമ വേദിയാണ് പാട്ടുകൂട്ടം. പഴയകാല സംഗീത സംവിധായകർ-രചയിതാക്കൾ -ഗായകര് എന്നീ മേഖലയിലെ ഒരാളുടെ തെരഞ്ഞെടുത്ത പാട്ടാണ് പാട്ടുക്കൂട്ടം അവതരിപ്പിക്കുന്നത്.
പി ജി ഗോകുൽ ദാസ് ആരൊക്കെ എതു ഗാനം എന്ന് പാടും എന്ന് തീരുമാനിച്ചു ദീർഘ നാളത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഗായകര് പാട്ടുക്കൂട്ടം വേദിയിലെത്തുന്നത്. ജോലിക്കിടയിൽ ഉച്ചഭക്ഷണ നേരത്ത് കിട്ടുന്ന സമയമാണ് ഗായകര് തയ്യാറെടുപ്പിനായി വിനിയോഗിക്കുന്നത്. സംഗീത ഉപരണങ്ങൾ ഇല്ലാതെ പഴയ അര്ഥവ്യാപ്തമായ ഗാനങ്ങൾ ഭാവമുൾക്കൊണ്ട് പാടാനും കേൾവിക്കാരെ ആനന്ദിപ്പിക്കാനും അവരുടെ തയ്യാറെടുപ്പുകൾക്ക് കഴിയുന്നുണ്ട്.