ഡി ബാബു പോൾ പുസ്തകം പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: മന്ത്രി എം എം മണി ചീത്തമനുഷ്യനല്ല. വിവരമില്ല. മന്ത്രിയായിരിക്കുന്ന ആൾ മാതൃകയായിരിക്കേണ്ടയാളല്ലേ കുലീനതവേണ്ടേ എന്ന് ഡി ബാബു പോൾ ചോദിച്ചു. കേണൽ ജി വി രാജ അനുസ്മരണ പ്രഭാഷണവും അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകം ഒരു തീർത്ഥയാത്രയുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബാബുപോൾ. പൊതുജീവിതത്തിൽ കുലീനത അന്യമായി നിൽക്കുമ്പോഴാണ് ജി വി രാജയെ ഓർക്കുന്നത്. പൊതുജീവിതത്തിൽ കുലീനത എന്താണെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയാണ് ജിവി രാജ. കുലീനതയുടെ കാര്യത്തിൽ കേരള സമൂഹത്തിൽ ജി.വി. രാജ ഒരു വെല്ലുവിളിയായി തുടരും, അധികാര സ്ഥാനത്തുള്ളവർ കുലീനത കാട്ടുന്നതെങ്ങനെയെന്ന് മനസ്സിലാക്കിത്തന്ന മഹത്‌വ്യക്തിയാണ് ജി വി രാജ.
ഓർമ്മപുതുക്കുവാൻ ജി വി രാജയ്ക്ക് ഒരു സ്മാരകം വേണ്ട. അദ്ദേഹം സ്ഥാപിച്ച ട്രിവാൻഡ്രം ടെന്നീസ് ക്ളബ്, ഗോൾഫ് ക്ലബ്, കേരള സ്പോർട്സ് കൗൺസിൽ ഇതൊക്കെ നല്ല സ്മാരകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അനന്തിരവൻ പി.എ.ജി.വി. രാജ (ചെയർമാൻ കാഞ്ഞിരമറ്റം ട്രസ്റ്റ്, പൂഞ്ഞാർ)യുടെ അധ്യക്ഷതയിൽ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പി കെ ആർ വി രാജയുടെ ഒരു തീർത്ഥയാത്ര എന്ന പുസ്തകം കെ ബോധാനന്ദന് നൽകി ബാബു പോൾ പ്രകാശനം ചെയ്തു. പി.എ.ജി.വി. രാജയും മറ്റു കുടുംബങ്ങളും ജി.വി.രാജയെക്കുറിച്ച് ഓർമ്മകൾ പങ്കുവച്ചിരിക്കുന്ന ലേഖന സമാഹാരമാണി പുസ്തകം. പി ജി ശശികുമാർ വർമ്മ, മാർത്താണ്ഡ വർമ്മ, ഡോ ആർ പി രാജ, ജി. മോഹനൻ , എം വി രവിവർമ രാജ, ചന്ദ്ര സേനൻ നായർ എന്നിവർ സംസാരിച്ചു.