തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ന്യൂ ഡല്‍ഹി റാസാ ഫൗണ്ടേഷനുമായി സഹകരിച്ചു ഒരുക്കുന്ന കൃത്യ അന്താരഷ്ട്ര കാവ്യോത്സവം നവംബര്‍ 9 നു രാവിലെ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇന്ത്യന്‍ കവിയും എഴുത്തുകാരനുമായ അശോക് വാജ്പേയ് അദ്ധ്യക്ഷത വഹിക്കും.
ഭരണകൂടഭീകരതയുടെയും,മത വംശീയ കലാപങ്ങള്‍ക്കുമെതിരെ കാവ്യാക്ഷരങ്ങളിലൂടെ പൊരുതുന്ന തുര്‍ക്കി കവിതയുടെ കുലപതിയായ അത്തോള്‍ ബഹ്‌റാ മൊഗ്‌ളുവിന്റെ
നേതൃത്വത്തിലുള്ള തുര്‍ക്കി കവികളുടെ സാന്നിദ്ധ്യവും സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സലര്‍ലന്‍ഡ്, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, ഈജിപ്ത്, മംഗോളിയ, ജര്‍മ്മനി, എസ്‌കോഡിയ,സ്വീഡന്‍, ബോട്ട്‌സ്വാന, സൗത്ത് ആഫ്രിക്ക, ബെല്‍ജിയം തുടങ്ങിയ ദേശീയതകളെ പ്രതിനിധീകരിച്ചുള്ള 24 ലോക കവികളും മലയാളം, ഗുജറാത്തി, ഉറുദു, പഞ്ചാബി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകകളെ പ്രതിനിധീകരിച്ചുള്ള ഇന്ത്യന്‍ കവികളും കാവ്യോത്സവത്തില്‍ പങ്കെടുക്കും.
ഭാരത് ഭവന്‍, യൂണിവേഴ്‌സിറ്റി കോളേജ്, ചെമ്പഴന്തി എസ്.എന്‍.കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, കായിക്കര ആശാന്‍ സ്മാരകം എന്നിവിടങ്ങളില്‍ കാവ്യാവതരണങ്ങളും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കവിതാ തെറാപ്പിയും നവംബര്‍ 9 മുതല്‍ 11 വരെ അരങ്ങേറും.
9 നു വൈകുന്നേരം ഭാരത് ഭവനില്‍ പൊയട്രി ഫിലിം ഫെസ്റ്റ് മന്ത്രി ശ്രീ. ജി. സുധാകരന്‍ ഉത്ഘാടനവും ചലച്ചിത്ര നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂരും പ്രശസ്ത കവയിത്രി രതി സക്‌സേനയും കവിതകളെയും ചലച്ചിത്രങ്ങളേയും പരിചയപ്പെടുത്തും.
ഒ.എന്‍. വി കുറുപ്പിന്റെ അഞ്ചു കവിതകള്‍ അഞ്ച് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു അവതരിപ്പിക്കുകയും ഇതിന് ഒപ്പം ബി. ഡി ദത്തന്‍ നടത്തുന്ന ചിത്രരചനയും കാവ്യോത്സവത്തിന്റെ ഭാഗമായി ഭാരത് ഭവനില്‍ നടക്കും. നവംബര്‍ 11 ന് വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ വിഖ്യാത കവികളുടെ സാന്നിദ്ധ്യത്തില്‍ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.