ന്യൂഡല്‍ഹി: ആയിരക്കണക്കിനു കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയ മദ്യരാജാവ് വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകളാണ് ഈയാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു.
പിന്നാലെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ എസ്ബിഐ
സമര്‍പ്പിച്ച പരാതിയില്‍ പരിഹാരം കാണാതെ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാഷിയോ
നല്കിയ 7.5 കോടി ഡോളര്‍ (515 കോടി രൂപ) പിന്‍വലിക്കുന്നതില്‍നിന്നു മല്യയെ
ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ വിലക്കും ഏര്‍പ്പെടുത്തി.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരേ കേസെടുത്തിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) യില്‍നിന്നു 900 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്ത കേസിലാണ് വിജയ് മല്യക്കും കൂട്ടാളികള്‍ക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.