ഗ്രാൻഡ് സർക്കസിന്റെ ഉടമ എം ചന്ദ്രൻ മക്കളെ ഉപദേശിച്ചു, വലിയ ഭാവിയില്ലാത്ത ധാരാളം പണമുടക്കുള്ള മറ്റൊരു സർക്കസ് കമ്പിനി തുടങ്ങരുതെന്ന് . അത് പോലെ മറ്റു ചിലരും പറഞ്ഞു സ്വന്തം കമ്പിനി നോക്കി നടത്താതെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു സർക്കസ് കമ്പിനി വേണ്ടെന്ന്. പക്ഷെ അവർ അതൊന്നും കേട്ടില്ല. കാരണം, അവരുടെ മനസ്സിൽ കുട്ടിക്കാലത്ത് കണ്ടു വളർന്ന പരമ്പരാഗത സർക്കസ്സായിരുന്നില്ല. ഇന്നത്തെ കാലത്തിന്റെ പുത്തൻ സാങ്കേതിക വിദ്യയെ കൂടുപിടിച്ച നടത്തപ്പെടേണ്ട വളരെ വർണമനോഹരമായ സര്ക്കസായിരുന്നു. അതുപോലെ ദൃശ്യ - നവ മാധ്യമങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുന്ന പുതിയ തലമുറയെ മുന്നിൽ കണ്ടു സർക്കാസിന് പുതിയ മുഖം നൽകിയെങ്കിൽ മാത്രമേ ഇനിയുള്ള കാലത്ത് നിലനിൽപ്പ് സാധ്യമാകുമെന്ന് ആ യുവ സഹോദരന്മാർ മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ മൂന്നുവർഷത്തിനു മുൻപ് ഐ ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് എതിർപ്പുകളെ അവഗണിച്ച് 20 പേരുമായി തുടങ്ങിയ ഗ്ലോബൽ സർക്കസ് ഇന്ന് വിദേശിയർ ഉൾപ്പെട്ട 100 പേര്ക്ക് ജീവിത തണലേകുകയാണ്. സർക്കാർ - ഇതര സഹായങ്ങളില്ലാതെ മികച്ച സർക്കസ് പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച്ചവയ്ച്ച് ടിക്കറ്റിലൂടെ പ്രേക്ഷകരിൽ നിന്ന് മാത്രം സ്വരൂപിച്ച പണം കൊണ്ടാണ് അവർക്കീ നേട്ടം കൊയ്യാനായത്. ഇപ്പോൾ ഭാരത പര്യടനം വിജകരമായി പൂർത്തിയാക്കിയ ശേഷം കേരളത്തിലും അതാവർത്തിക്കുന്ന ഗ്ലോബൽ ഈ വേനലവധിക്കാലത്ത് ആദ്യമായി തിരുവനതപുരത്ത് എത്തിയിരിക്കുകയാണ്. തമ്പാനൂർ മഞ്ഞാളിക്കുളം ഗ്രൗണ്ടിൽ തമ്പടിച്ചിരിക്കുന്ന ഗ്ലോബൽ സര്ക്കസ് മികച്ചതെന്ന പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിവരുന്നു. ദിവസേന മൂന്ന് പ്രദർശനങ്ങൾ കാഴ്ചവയ്ക്കുന്ന ഗ്ലോബൽ സർക്കസ് മെയ് ആദ്യ വാരം വരെ ഇവിടെ ഉണ്ടാകും. ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 4,7 മണിക്കുമാണ് പ്രദർശനങ്ങൾ.
ശീതികരിച്ച സിനിമ തീയറ്ററുകൾ ഒഴിവാക്കി നട്ടുച്ചയ്ക്ക് ടെന്റിനകത്ത് രണ്ടു മണിക്കൂർ നേരത്തെ റീടേക്കുകളില്ലാത്ത 30 കലാപ്രകടനങ്ങൾ കണ്ടു പുറത്തിറങ്ങുന്നവരുടെ മുഖത്ത് അതീവ ഉഷ്ണത്തിന്റെ അസ്വസ്ഥയില്ല പകരം ആ മുഖങ്ങളിൽ അതിശയിപ്പിക്കുന്ന കലാപ്രകടനത്തിന്റെ വിസ്മയം മാത്രം. എൽ ഇ ഡി ദീപ സംവിധാനം, റിംഗിൽ കലാകാരനെ വേറിട്ട് നിർത്തുന്ന വസ്ത്രാലങ്കാരം, വ്യത്യസ്തവും കൗതുകവും ഉണർത്തുന്ന ഉപകരണങ്ങൾ, ഓരോ ഐറ്റത്തിനും നാടകീയത പകരുന്ന പാശ്ചാത്യ സംഗീതവും ഒക്കെ ചേരുന്ന ഒരു ത്രില്ലിംഗ് അനുഭവമാണ് ഗ്ലോബൽ പകർന്നു നല്കുന്നത് . വിദേശ വനിതകളുടെ കോൺട്രോഷൻ ആക്റ്റ്, ഹൂല ഹൂപ്, ആകാശ ഊഞ്ഞാൽ ആട്ടം തുടങ്ങിയവ കേട്ടറിഞ്ഞതിനെക്കളും കണ്ടറിയാൻ എത്തുന്നവരെക്കണ്ട് തികഞ്ഞ ആത്മ സംതൃപ്തിയോടെ രണ്ടു യുവ മുതലാളിമാർ കൂടാരത്തിന് മുന്നിലുണ്ടാകും. എഞ്ചിനീയറിംഗ് ബിരുദധാരികളായ 39 കാരനായ ഷെരിത് ചന്ദ്രയും അനിയൻ 34 കാരൻ ഷെനിൽ ചന്ദ്രയും.
ഷെനിൽ ചന്ദ്ര, ഷെരിത് ചന്ദ്രമൂന്നു വർഷത്തിനു മുൻപ് തുടങ്ങി നാലാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾക്ക് ഇതിനെ ഇത്രത്തോളം എത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയുണ്ടെങ്കിലും ഉദ്ദേശിച്ച പലതും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. കാരണം സാമ്പത്തികം തന്നെ. വിദേശ രാജ്യങ്ങളിൽ സർക്കാരും മറ്റു ബിസിനസ്സ് കേന്ദ്രങ്ങളും സർക്കസിനു സാമ്പത്തിക സഹായം ചെയ്യുമ്പോൾ ഇവിടെ അങ്ങനെ ഒന്നില്ല . ടിക്കറ്റിൽ നിന്നള്ള വരുമാനം മാത്രമാണ് ഏക ആശ്രയം. സർക്കസ് കൂടാരം - റിംഗ് ഒരുക്കുന്നതിനുള്ള സാധന സാമഗ്രഹികൾ, കോസ്ട്യുംസ് - പ്രോപ്പർട്ടീസ്, ഗതാഗതം, സ്ഥലവാടക, വെള്ളം, വൈദ്യുതി, തൊഴിലാളി-കലാകാരന്മാരുടെ ശമ്പളം, താമസം, ഭക്ഷണം, മാര്ക്കറ്റിംഗ് തുടങ്ങിയയ്ക്കുള്ള വലിയ ഒരു സംഖ്യ മാറ്റിവയ്ക്കേണ്ടതും ഈ വരുമാനത്തിൽ നിന്നാണ്. അത് കഴിഞ്ഞു വേണം പുതിയ കാര്യങ്ങൾക്കായി പണം കണ്ടത്തേണ്ടത്. അതുകൊണ്ട് ഉടനെ നമ്മുടെ ഉദ്ദേശങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ലെങ്കിലും പതുക്കെ പതുക്കെ നടപ്പിലാക്കാൻ കഴിയുമെന്നാണ് വിശ്വാസം.
അതല്ലാതെ, സർക്കാർ സാമ്പത്തിക സഹായം നൽകുകയോ, മറ്റു ബിസിനസ് സ്ഥാപനങ്ങളോ സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വരികയാണെങ്കിൽ അത് പെട്ടെന്ന് നടത്താൻ കഴിയും. അങ്ങനെയാണെങ്കിൽ സർക്കസിന് പെട്ടെന്നുള്ള വളർച്ച സാധ്യമാകുകയും ചെയ്യും. കൂടാരം മൊത്തം ശീതികരിക്കുക, ഇപ്പോഴത്തെ റിംഗിന് മാറ്റം വരുത്തി കംപ്യുട്ടർ വത്കരിക്കുക, വലിയ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിക്കുക, ഇപ്പോഴത്തതിൽ നിന്നും മികച്ച എൽഇഡി ദീപ സംവിധാനം ഒരുക്കുക, ലൈവ് ബാൻഡ് തിരിച്ചു കൊണ്ടുവരിക, പ്രോപ്പർട്ടീസും-കോസ്ട്യുംസും ലോകോത്തരമാക്കുക, കൂടുതൽ വിദേശ പരിശീലകരെയും കലാകാരന്മാരെയും കൊണ്ടുവരിക, ഓരോ ആക്ടും ഒരു കഥ പറച്ചിലിന്റെ രീതിയിൽ അവതരിപ്പിക്കുക തുടങ്ങിയവയാണ് നമ്മുടെ മനസ്സിൽ ഉള്ളത്.
മറ്റുള്ള കലാ നിർമാണ കമ്പിനികളുടെ പ്രവർത്തനം പോലെ തന്നെയാണ് ഇതിന്റെ പ്രവർത്തനവും. കലാകാരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് വ്യത്യസ്ത വകുപ്പുകളിലായി ധാരാളം തൊഴിൽ സാദ്ധ്യതയാണ് സർക്കസ് കമ്പിനിയിൽ ഉള്ളത്. ഇന്നിപ്പോൾ 9000 മുതൽ 15000 രൂപവരെ മാസ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ മുതൽ 15000 ത്തിനു മുകളിൽ ഒന്നര ലക്ഷം വരെ മാസ ശമ്പളം വാങ്ങുന്ന വിദേശ കലാകാരികൾ വരെ ഗ്ലോബൽ സര്ക്കസിലുണ്ട്. എല്ലാവരുടെയും താമസം ഭക്ഷണം എന്നിവക്ക് പുറമെയാണ് ആണ് ശമ്പളം. വിദേശിയർക്ക് യാത്ര ചെലവും കമ്പിനി വഹിക്കും. എല്ലപേർക്കും ഇൻഷുറൻസും , പി എഫും ഉണ്ട്.
ഇതൊക്കെയാണെങ്കിലും കേരളത്തിൽ വലിയ പാരമ്പര്യമുള്ള സർക്കസിനെ ഒരു കല ആയി അംഗീകരിക്കുകയോ,ഒരു കല കാരനെപ്പോലും ആദരിക്കുകയോ ചെയ്തിട്ടില്ല എന്ന സങ്കടവും ഇവർ പങ്കുവയ്ച്ചു. നിരവധി കലകളെ ഏകോപ്പിച്ചുകൊണ്ട് മികച്ച പ്രൊഡക്ഷൻ നടത്താൻ കഴിയുന്ന സർക്കസിൽ യുവ കലാകരന്മാർക്ക് ഒരുപാട് അവസരങ്ങളുണ്ട്. നാടക-മൈം യുവ കലാകാരന്മാർ അവസരം ചോദിച്ചു വരുന്നുണ്ടെന്നും ഇവർ പറഞ്ഞു. തലശ്ശേരിയിലെ പ്രവര്ത്തനം നിലച്ച സർക്കസ് അക്കാദമി വീണ്ടും പ്രവർത്തിപ്പിക്കാൻ നടപടികൾ തുടങ്ങണമെന്നും ഭാവിയിൽ തങ്ങൾക്കും സ്വന്തമായി ഒരക്കാദമി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും പറഞ്ഞ ഇവർ മറ്റൊന്നുകൂടി പറഞ്ഞു, ഈ ബിസിനസ്സിൽ കേരളത്തിൽ നിലവിൽ ഞങ്ങൾക്ക് എതിരാളികളില്ല. അടുത്തകാലത്തൊന്നും അങ്ങനെ ഉണ്ടാകുമെന്നും കരുതുന്നില്ല. അങ്ങനെ ആരങ്കിലും വരുമ്പോൾ നമ്മൾ വളരെ മുന്നിൽ എത്തിയിരിക്കുമെന്ന്.
ഇവരിൽ ഷെനിൽ ചന്ദ്ര തലസ്ഥാനത്തിന്റെ മരുമകനാണ് മംഗലപുരത്ത്കാരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യയും സർക്കസിലെ ഭരണ കാര്യങ്ങളിൽ സഹായിയായി ഷെനിലിനൊപ്പമുണ്ട്.