ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റബ്ബര്‍നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് നടപടി വൈകിയതെന്നും അവര്‍ പറഞ്ഞു. റബ്ബര്‍ ബോര്‍ഡ് പുനഃസംഘടന ഉടനുണ്ടാകുമെന്നും കേന്ദ്രവാണിജ്യമന്ത്രി മന്ത്രാലയത്തിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ട്. ഇതു വ്യാപകമായി നടപ്പാക്കും. റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, ടീ ബോര്‍ഡ് എന്നിവയുടെ പുനഃസംഘടന ഉടന്‍ നടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.