ന്യൂഡല്‍ഹി: ഇപ്പോള്‍ തിരിച്ചുവരാന്‍പറ്റിയ സമയമല്ലെന്ന് വിവാദ വ്യവസായി വിജയ് മല്യ. രാജ്യത്ത് തന്നെ ക്രിമിനലായി മുദ്രകുത്തിയിരിക്കുകയാണെന്നും അതിനാല്‍ ഇതു തിരിച്ചുവരാന്‍പറ്റിയ സമയമല്ലെന്നും മല്യ സണ്‍ഡേ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ-മെയില്‍ മുഖേനയാണ് മല്യ അഭിമുഖം അനുവദിച്ചത്.
എന്തുകൊണ്ടാണ് തന്നെ ക്രിമിനലായി ചിത്രീകരിക്കുന്നത്. വായ്പ സംബന്ധിച്ച വീഴ്ച ബിസിനസ് കാര്യങ്ങളാണ്. ബാങ്കുകള്‍ എപ്പോഴാണു വായ്പ നല്‍കുന്നത്. വായ്പ നല്‍കുമ്പോള്‍ അതില്‍ നഷ്ടത്തിനുള്ള സാധ്യതയും ഉണ്‌ടെന്ന് അവര്‍ക്കറിയാം. ഞങ്ങളുടെ വ്യവസായം മികച്ച നിലയിലായിരുന്നു. എന്നാല്‍ പെട്ടെന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി. തന്നെ വില്ലനായി ചിത്രീകരിക്കരുത്. തന്റേത് സദുദ്ദേശ്യമാണ്. വാക്കുകള്‍ വളച്ചൊടിക്കാന്‍ സാധ്യതയുള്ളതിനാല്‍ താന്‍ നിശബ്ദനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ നീക്കത്തിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്‌ടെന്നും മല്യ ആരോപിച്ചു. തനിക്കു തിരിച്ചു നാട്ടിലേക്കു പോകണമെന്നുണ്ട്. എന്നാല്‍ നീതിയുക്തമായ അവസരം ലഭിക്കുമെന്നു കരുതുന്നില്ല. അതിനാല്‍ ഇപ്പോള്‍ തിരിച്ചുവരാന്‍പറ്റിയ സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് രണ്ടിനു ബ്രിട്ടനിലേക്കു കടന്ന മല്യക്കെതിരേ ഐഡിബിഐ ബാങ്കിനു 900 കോടി രൂപ നല്‍കാനുള്ള കേസില്‍ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നിനു പാര്‍ലമെന്റില്‍ ഹാജരായിരുന്ന മല്യ രണ്ടാം തീയതി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ലണ്ടനിലേക്കു പറക്കുകയായിരുന്നു.