തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും കന്നട ചലനചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കന്നട ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത് നടക്കും. ആഗസ്റ്റ് 26 ന് വൈകിട്ട് ആറ് മണിക്ക് ദേവിപ്രിയ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാം റെഡ്ഢി സംവിധാനം ചെയ്ത തിഥി യാണ് ഉദ്ഘാടന ചിത്രം. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കര്‍ണാടക ചലനചിത്ര അക്കാദമി ചെയര്‍മാന്‍ എസ്.വി. രാജേന്ദ്രസിങ് ബാബു മുഖ്യാതിഥിയായിരിക്കും. ആഗസ്റ്റ് 26 ന് രാവിലെ 11 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. സമീപകാലത്ത് ശ്രദ്ധേയമായ മലയാള സിനിമകള്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും കര്‍ണാടക ചലനചിത്ര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ ആഗസ്റ്റ് 11, 12, 13 തീയതികളില്‍ ത്രിദിന മലയാള ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു.