കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഫ്രീക്കന്മാരെ അണിനിരത്തി അനീഷ് ജെ.കരിനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഫ്രീക്കന്‍സ്. സരയൂ മൂവീസിന്റെ ബാനറില്‍ ബാബുരാജ് കടവില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിലേഷ്, പ്രവി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
അനീഷ് ജെ.കരിനാട് കുഞ്ഞിക്കിളി, അനന്തു
ഫ്രീക്കന്മാരെക്കുറിച്ചുള്ള ആദ്യത്തെ മലയാള ചലച്ചിത്രമാണിത്. സിനിമയുടെ പൂജ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചുവെന്നതാണ് ഒരു പ്രത്യേകത. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങില്‍ സംവിധായകന്‍ വിജിതമ്പി സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ചു. സംവിധായകയും വിമന്‍ ഇന്‍ സിനിമ കലക്ടീവ് സംഘാടകയുമായ വിധു വിന്‍സെന്റ് ആദ്യ ക്ലാപ്പടിച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്. പ്രദീപ് മുഖ്യാതിഥിയായിരുന്നു. ഈ സിനിമയുടെ സംവിധായകന്‍ അനീഷ് ജെ.കരിനാടിന്റെ കലാലയ സുഹൃത്തുക്കളായ മുന്‍കാല ചലച്ചിത്ര നടന്‍ വിധുകൃഷ്ണന്‍, അശ്വതി നായര്‍, റെന്‍ മാര്‍ട്ടിന്‍, സീമ എന്നിവര്‍ പൂജാ ചടങ്ങില്‍ ഒത്തുകൂടിയെന്നതും തിരി തെളിയിച്ചു വെന്നതും ശ്രദ്ധേയമായി.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനന്തു ഫ്രീക്കന്‍സിലൂടെ നായകനാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അങ്കമാലി ഡയറീസില്‍ കണകൊണ എന്ന കഥാപാത്രത്തെയാണ് അനന്തു അവതരിപ്പിച്ചത്. ഫ്രീക്കന്‍സില്‍ സാഗര്‍ എന്ന കഥാപാത്രമായാണ് അനന്തു എത്തുന്നത്.പുതുമുഖം കുഞ്ഞിക്കിളിയാണ് ഈ സിനിമയിലെ നായിക. പ്രിയത എന്ന നായിക കഥപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ഞിക്കിളി തൊടുപുഴ സ്വദേശിനിയാണ്. ഫാഷന്‍ ഡിസൈനറും മോഡലുമായ കുഞ്ഞിക്കിളി തൃശ്ശൂരില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ ഐശ്വര്യറാണി പട്ടം കരസ്ഥമാക്കിയിരുന്നു.
ഷാനു, ചുണ്ടെലി, റഹ്മാന്‍ ഖാന്‍, ഷിഫിന്‍ കാക്ക തുടങ്ങിയവര്‍ ഈ സിനിമയില്‍ ഫ്രീക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഴുനീളെ സീരിയസ് ഹ്യൂമര്‍ കഥാപാത്രങ്ങളായ സതീശനും രമേശനുമായി ബിജു സോപാനം, നിയാസ് ബക്കര്‍ എന്നിവര്‍ അഭിനയിക്കുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാജ് സുബാഷ്, സിക്‌സ്റ്റസ്, ശ്യാം, മുരുകന്‍, കുളപ്പുള്ളി ലീല, സംഗീത മുരളി, ഗൗരി സിജി മാത്യൂസ്, ശാലിനി, സുകന്യ, മായാ ബിജുലാല്‍, പൂജ, സിയാന മജീദ്, ലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വടുതല ദാസപ്പന്‍ എന്ന സുപ്രധാന ഹാസ്യ കഥാപാത്രത്തെ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംഗീത സംവിധായകന്‍ ശ്രുതികുമാറായി പാഷാണം ഷാജിയും പച്ചക്കറി കച്ചവടം നടത്തുന്ന ഫ്രീക്കത്തിയായി കുളപ്പുള്ളി ലീലയും എത്തുന്നുവെന്നതും ഈ സിനിമയെ കൂടുതല്‍ രസകരമാക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
ഫ്രീക്കന്‍മാരുടെ കൂട്ടായ്മയില്‍ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെ വെള്ളായണി കായല്‍ തീരത്താണ് ചിത്രം വികസിക്കുന്നത്. മുഴുനീളെ എന്റര്‍ടെയ്‌നറാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.
കുളപ്പുള്ളി ലീലയും ഫ്രീക്കന്മാരും
നിറക്കാഴ്ച എന്ന ചിത്രത്തിനു ശേഷം അനീഷ് ജെ.കരിനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. ഇറ്റാലിയന്‍ ഭാഷയിലേക്ക് പൂര്‍ണമായും ഡബ് ചെയ്ത ഇറ്റലിയിലെ റായ് വണ്‍ എന്ന ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ആദ്യ മലയാള സിനിമയാണ് നിറക്കാഴ്ച. ഇറ്റാലിയന്‍ ഭാഷയില്‍ ലാസ്ട്രാഡാ ഡയ് കലോറി എന്നായിരുന്നു നിറക്കാഴ്ചയുടെ പേര്. ഇറ്റലിയിലെ മറാത്തിയ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ഇന്തോ ഇറ്റാലിയന്‍ സൗഹൃദത്തിന്റെ പേരില്‍ സംവിധായകന് പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.
സമുദ്രക്കനി നായകനായി അഭിനയിച്ച ദ റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തിനുശേഷം ബാബുരാജ് കടവില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഫ്രീക്കന്‍സ്.
ബിജു സോപാനം നിയാസ് ബക്കര്‍
ഛായാഗ്രഹണം : ആര്‍.വി.ശരണ്‍. ഗാനരചന:~~ഒ.എസ്.എ. റഷീദ്. സംഗീതം: ബിജുറാം. എഡിറ്റിംഗ് : ഹാഷിം. മേക്കപ്പ് : സുധി സുരേന്ദ്രന്‍. കലാസംവിധാനം : ജയന്‍ തലയല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : മുരളി ദാമോദര്‍. പിആര്‍ഒ: റഹിം പനവൂര്‍. അസോസ്സിയേറ്റ് ഡയറക്ടര്‍: ശരത് ബാലകൃഷ്ണന്‍. സ്റ്റില്‍സ് : അനു പള്ളിച്ചല്‍. കോസ്റ്റ്യൂംസ് : റാണാ പ്രതാപ്. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : നിഥിന്‍ പുത്തന്‍പുരയില്‍, സിനോ സി.എഫ്, ഹരി, അനുഷ. കോറിയോഗ്രാഫി : മനോജ് ഫിഡാക് . അസോസ്സിയേറ്റ് ക്യാമറാമാന്‍ : മായോണ്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : രാജേന്ദ്രന്‍ പേരൂര്‍ക്കട യൂണിറ്റ്, ലാബ് : ചിത്രാഞ്ജലി.