അന്തര്‍ദേശിയ തലത്തില്‍ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തിരക്കഥ ഒരുക്കി പ്രദര്‍ശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറെക്കോര്‍ഡിന് മലയാളത്തിന്റെ വിശ്വഗുരു അര്‍ഹമായി. അൻപത്തൊൻപത് മണിക്കൂറും രണ്ടു സെക്കന്റുമാണ് റെക്കോര്‍ഡ് സമയം. നിലവില്‍ ഉണ്ടായിരുന്ന എഴുപത്തൊന്ന് മണിക്കൂറും പത്തൊമ്പത് മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ 'മംഗളഗമന'എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് വിശ്വഗുരു തിരുത്തിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിത ദര്‍ശനങ്ങളും ശിവഗിരി മഠത്തിലെ ജീവിത സന്ദര്‍ഭങ്ങളും തന്മയത്തോടെ വിളക്കി ചേര്‍ത്താണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഒരുങ്ങിയത്.
ഗുരുവിനെ സന്ദര്‍ശിച്ച മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗോര്‍, സന്തത സഹചാരികളായ ഡോ.പല്‍പ്പു, മഹാകവി കുമാരനാശാന്‍, വിനോബഭാവ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചലച്ചിത്രത്തിലുണ്ട്. ജാതി മത ചിന്തകള്‍ക്ക് അതീതമായി ഏകലോക ദര്‍ശനം സൃഷ്ടിച്ച ശ്രീനാരായണ ഗുരുവിനെയാണ് വിശ്വഗുരു അടയാളപ്പെടുത്തുത്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് എ.വി.അനൂപ് നിര്‍മ്മിച്ച വിശ്വഗുരുവിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രമുഖ നാടക-ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂരാണ്. സംവിധായകനും ജൈവ കാര്‍ഷിക സംഘാടകനുമായ വിജീഷ് മണി പ്രഥമ ചലച്ചിത്രത്തിലൂടെയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്. ലോകനാഥന്‍ ഛായാഗ്രഹണവും, പട്ടണം റഷീദ് ചമയവും, ഇന്ദ്രന്‍സ് ജയൻ വസ്ത്രാലങ്കാരവും, സച്ചിദാനന്ദസ്വാമികള്‍ സര്‍ഗാത്മക നിര്‍ദ്ദേശവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നാടക-ചലച്ചിത്ര രംഗത്തെ അറുപതോളം അഭിനേതാക്കള്‍ തത്സമയ കാസ്റ്റിംങ്ങിലൂടെ കഥാപാത്രങ്ങളായി. നവതി ആഘോഷിക്കുന്ന മലയാള സിനിമയ്ക്കുള്ള കാണിക്കയാണ് വിശ്വഗുരുവിന് ലഭിച്ച ഈ ലോക റെക്കോര്‍ഡ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.