ഭാരത് ഭവനും വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന എം.ടി.ചലചിത്രോത്സവം നവംബര്‍ 20 മുതല്‍ 24 വരെ വൈകുന്നേരം 5.30ന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കും. 45-ാം വര്‍ഷം ആഘോഷിക്കുന്ന മലയാള ക്ലാസിക് സിനിമയായ എം.ടി വാസുദേവന്‍ നായര്‍ രചനയും, സംവിധാനവും, നിര്‍മ്മാണവും നിര്‍വഹിച്ച് 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും, മികച്ച അഭിനയത്തിന്പി. ജെ.ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമായ ഭരത് അവാര്‍ഡും നേടികൊടുത്ത നിര്‍മ്മാല്യം ആണ് ഉദ്ഘാടനചിത്രം. 21 ന് 1967-ല്‍ പുറത്തിറങ്ങി മികച്ച സാമൂഹ്യക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ, ഇരുട്ടിന്റെ ആത്മാവ് (52-ാം വര്‍ഷം). 22 ന് എം .ടി.യുടെ തിരക്കഥയില്‍ കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത് 1980-ല്‍ പുറത്തിറങ്ങിയ, മികച്ച നടനും, ബാലതാരത്തിനും, ഗായികയ്ക്കും ദേശീയ പുരസ്‌കാരവും, മികച്ച ചിത്രത്തിനും, സംവിധായകനും കേരള സര്‍ക്കാര്‍ പുരസ്‌കാരം നേടികൊടുത്ത ചിത്രം ഓപ്പോള്‍ (37-ാം വര്‍ഷം). 23 ന് എം.ടി. കഥ, തിരക്കഥ, സംഭാഷണം രചിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രം സുകൃതം (24-ാം വര്‍ഷം).
25 ന് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച 1989-ല്‍ പുറത്തിറങ്ങിയ, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്ക് ദേശീയപുരസ്‌കാരവും, ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടി, മികച്ച ഛായാഗ്രഹണം, മികച്ച പിന്നണി ഗായിക എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിവ സ്വന്തമാക്കിയ ചിത്രം ഒരു വടക്കന്‍ വീരഗാഥ (30-ാം വര്‍ഷം) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
20ന് വൈകു. 5ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തുന്നു. കൂടാതെ എം.ടിയും സിനിമയും എന്ന വിഷയത്തില്‍ .ജോര്‍ജ് ഓണക്കൂര്‍, പി.വി.ഗംഗാധരന്‍, പ്രമോദ് പയ്യന്നൂര്‍, ബാലു കിരിയത്ത്, അയിലം ഉണ്ണികൃഷ്ണന്‍, ജയഗീത, ടി.പി.ശാസ്തമംഗലം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംസാരിക്കുന്നു. നടീനടന്മാരായ നെടുമുടി വേണു, മേനക, പ്രേംകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങി സാമൂഹ്യസാംസ്‌കാരിക രംഗത്തെപ്രമുഖര്‍ പങ്കെടുക്കുന്നു. ദിവസവും വൈകുന്നേരം 4 മണി മുതല്‍ വയലാര്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനന്ധ്യയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.