CINEMA25/10/2019

തലസ്ഥാനത്തെ നാലു സംവിധായകര്‍ ഒന്നിക്കുന്ന 'ലെസ്സന്‍സ്' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

Rahim Panavoor
സന്തോഷ് കീഴാറ്റൂര്‍, മീരാ വാസുദേവ്, എം.എ. നിഷാദ്, മാലാ പാര്‍വ്വതി
തിരുവനന്തപുരത്തെ നാലു സംവിധായകര്‍ ഒന്നിക്കുന്ന 'ലെസ്സന്‍സ്' എന്ന ചലച്ചിത്രം ഒക്‌ടോബര്‍ 25 വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചലച്ചിത്ര-ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ, കോണ്‍ടാക്ടിന്റെ  ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. താജ് ബഷീര്‍, മനോജ് എസ്.നായര്‍, രമേഷ് അമ്മാനത്ത്, മുഹമ്മദ് ഷാ എന്നിവരാണ് സംവിധായകര്‍. നിലവിലെ ചലച്ചിത്രസംഘടനകളില്‍ അമ്മ കഴിഞ്ഞാല്‍ സിനിമ നിര്‍മ്മിക്കുന്ന മറ്റൊരു സംഘടനയാണ് കോണ്‍ടാക്ട്.  2017 ഡിസംബറില്‍ കോണ്‍ടാക്ട് സംഘടിപ്പിച്ച പത്താമത് ഹ്രസ്വചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിലെ അവാര്‍ഡ് വിതരണചടങ്ങില്‍  മലയാള സിനിമയുടെ കുലപതി പത്മശ്രീ മധുവിന്റെ നിര്‍ദ്ദേശമാണ് ഇത്തരമൊരു ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന സിനിമ നിര്‍മ്മിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. ഓരോ വര്‍ഷവും പ്രതിഭകളെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കുന്നതിനോടൊപ്പം അവരെ സിനിമയുടെ മുഖ്യധാരയിലെത്തിക്കാന്‍ സംഘടന ആന്തോളജി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സംഘടന ശിരസ്സാവഹിക്കുകയായിരുന്നു. 
ഏകാന്തത, ധിക്കാരം, നിസ്സഹായവസ്ഥ, സാഫല്യം എന്നീ അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ലെസ്സന്‍സ്. ജാലകം, സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി, ചൂളം, പാണിഗ്രഹണം എന്നിവയാണ് ചിത്രങ്ങള്‍. 
മുഹമ്മദ് ഷാ 
കോണ്‍ടാക്ട് ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് ഷാ ആണ് ചിത്രം നിര്‍മ്മിച്ചത്. 
2016-ലെ കോണ്‍ടാക്ട് തിരക്കഥാ മത്സരത്തില്‍ അവാര്‍ഡിന് അര്‍ഹമായ ഭ്രഷ്ട് എന്ന തിരക്കഥയാണ് കോണ്‍ടാക്ടിന്റെ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ പാണിഗ്രഹണം എന്ന പേരില്‍ ചലച്ചിത്രമാക്കിയത്. 2017-ലെ കോണ്‍ടാക്ടിലെ തിരക്കഥാ മത്സരത്തില്‍ ഏറ്റവും മികച്ച തിരക്കഥയായി തിരഞ്ഞെടുത്ത സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയുടെ തിരക്കഥാകൃത്തായ മനോജ് എസ്. നായര്‍ തന്നെ ചിത്രം സംവിധാനം ചെയ്തു. കോണ്‍ടാക്ടില്‍ സജീവമായുള്ള ഒട്ടുമിക്ക അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍ ആണ് ജാലകം എന്ന ചിത്രം സംവിധാനം ചെയ്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രമേഷ് അമ്മാനത്ത് ചൂളം എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ മീരാ വാസുദേവ്, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ റഹ്മാന്‍, എം.എ. നിഷാദ്, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, അഹമ്മദ്മുസ്ലീം നാജിഖാന്‍, മാലാ പാര്‍വ്വതി, അനില്‍ നെടുമങ്ങാട്, റിയാസ്, അസീസ് നെടുമങ്ങാട്, ടി.ടി.ഉഷ, ബേബി ഗൗരികൃഷ്ണ തുടങ്ങീ നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
പ്രൊഡ്യൂസര്‍, തിരക്കഥാകൃത്ത്, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് താജ് ബഷീര്‍. 
1989 - ല്‍ മലയാളത്തിലെ ആദ്യ ടീനേജ് സംവിധായകന്‍ എന്ന ഖ്യാതി നേടിയ മുഹമ്മദ്  ഷാ 300-ല്‍ അധികം പരസ്യചിത്രങ്ങളും, പത്തിലധികം ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ലെസ്സന്‍സിലെ 'പാണിഗ്രഹണം' എന്ന കഥയാണ് മുഹമ്മദ് ഷാ സംവിധാനം ചെയ്തത്. 
പരസ്യചിത്ര സംവിധായകനും ചിത്രസംയോജകനുമായ രമേഷ് അമ്മാനത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചൂളം. 
നാജിഖാന്‍
ബ്ലോഗര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് മനോജ് എസ്.നായര്‍. ആദ്യമായി തിരക്കഥ എഴുതിയ 'ദര്‍ബേഗുജേ' എന്ന ഷോര്‍ട്ട്ഫിലിം ഐ.ഡി.എസ്.എഫ്.എഫ്.കെ 2016 ജൂറി പ്രൈസ് നേടിയിരുന്നു. സംവിധാനം ചെയ്ത ഗോള്‍ എന്ന ഷോര്‍ട്ട് ഫിലിം പതിനഞ്ചോളം അന്തര്‍ദ്ദേശീയ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള കോണ്‍ടാക്ട് പുരസ്‌കാരം ലഭിച്ച 'സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി' 'ലെസ്സന്‍സ്' എന്ന സിനിമയിലെ ഒരു ചിത്രമാണ്.     
എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകാവുന്ന ഒരു കുടുംബചിത്രമാണ് 'ലെസ്സന്‍സ്' എന്ന് സിനിമയുടെ അണിയറക്കാര്‍ പറഞ്ഞു. റഹിം പനവൂരാണ് ചിത്രത്തിന്റെ പി.ആര്‍.ഒ. 
Views: 1373
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024