വിജിത്ത് നമ്പ്യാര്‍
കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകനായി 'മുന്തിരിമൊഞ്ചന്‍' എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. സംഗീതത്തിന് പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണ് ഇതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതായി എന്നും അവാര്‍ഡു ജൂറി വിലയിരുത്തി. എം.എ. റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.
10,001 രൂപ പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌ക്കാരം അടുത്തമാസം (സെപ്റ്റംബര്‍ അവസാനം) തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു.