പൂജാ സന്തോഷ്
കൊച്ചി: സിനിമയിലെ ആദ്യഗാനം തന്നെ പത്ത് ലക്ഷം പിന്നിട്ടു. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി'യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമാകുന്നു. പത്ത് ലക്ഷത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദക്ഷിണേന്ത്യന്‍ ഗായകന് ഹരിചരണിനൊപ്പമാണ് പൂജാ സന്തോഷ് ഈ ഗാനം പാടിയിരിക്കുന്നത്. ആദ്യ സിനിമയിലെ ആദ്യഗാനം തന്നെ സൂപ്പര്‍ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഒന്‍പതാം ക്ലാസ്സുകാരിയും, പ്രവാസി മലയാളിയുമായ ഈ കൊച്ചുഗായിക പറയുന്നു. കുട്ടിക്കാലം മുതലേ ശാസ്ത്രീയ സംഗീതം പരിശീലിച്ചിട്ടുള്ള പൂജാ സന്തോഷ് വിദേശരാജ്യങ്ങളില്‍ ഒട്ടേറെ വേദികളില്‍ പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്. ദോഹയിലെ ബിര്‍ള പബ്ലിക് സ്ക്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ് പൂജാ സന്തോഷ്. വിവിധ ആല്‍ബങ്ങളിലും പൂജ പാട്ടുകള്‍ പാടിയിട്ടുണ്ട്. അനുഗ്രഹീത ഗാനരചയിതാവ് പി കെ ഗോപിയുടെ വരികള്‍ക്ക് പ്രമുഖ സംഗീത സംവിധായകന് രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രാജേഷ് ബാബുവാണ് 'ബൈനറി' യില്‍ പാടാന്‍ പൂജയ്ക്ക് അവസരം നല്‍കിയത്. ചെറിയ കുട്ടിയാണെങ്കിലും യുവഗായികയുടെ സ്വരമാധുരിയിലൂടെയാണ് 'ബൈനറി' യിലെ ഈ പ്രണയ ഗാനം പൂജാ സന്തോഷ് പാടിയിരിക്കുന്നത്. ദോഹയിലെ എന്‍ജിനീയറായ സന്തോഷിന്റെയും ദീപ പിള്ളയുടെയും മകളാണ് പൂജ സന്തോഷ്.