മോസ്‌കോ:റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം. ഞായറാഴ്ച അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് 343 സീറ്റ് ലഭിച്ചു. 54.3 ശതമാനം വോട്ട് ലഭിച്ച യുണൈറ്റഡിന് 76.22 ശതമാനം സീറ്റുംലഭിച്ചു.2011ലെ തെരഞ്ഞെടുപ്പില്‍ 238 സീറ്റാണ് പുടിന്റെ പാര്‍ടിക്ക് ലഭിച്ചിരുന്നത്.
ഗെന്നഡി സ്യുഗാനോവിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടിയാണ് (സിപിആര്‍എഫ്) രണ്ടാംസ്ഥാനത്ത്. 13.5 ശതമാനം വോട്ടും 42 സീറ്റും കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19.2 ശതമാനം വോട്ടും 92 സീറ്റുമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചിരുന്നത്. തീവ്ര വലതുപക്ഷ പാര്‍ടിയായ വള്ാദിമിര്‍ ഷിരിനോവ്‌സ്‌കിയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് 13.25 ശതമാനം വോട്ടും 39 സീറ്റുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 54 സീറ്റാണ് നേടിയത്. സെര്‍ജി മിറോനോവ് നയിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയായ ജസ്റ്റ് റഷ്യക്ക് 6.2 ശതമാനം വോട്ടും 23 സീറ്റും ലഭിച്ചു.
അഞ്ച് ശതമാനം വോട്ട് ലഭിക്കുന്ന പാര്‍ടികള്‍ക്ക് മാത്രമേ ഡ്യുമയില്‍ പ്രാതിനിധ്യം ലഭിക്കൂ. 14 പാര്‍ടികള്‍ മത്സരിച്ചെങ്കിലും ആറ് പാര്‍ടികള്‍ക്ക് മാത്രമാണ് ഡ്യൂമയില്‍ പ്രാതിനിധ്യം ലഭിച്ചത്.